Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദേശീയ ഗാനം, പതാക, ഔദ്യോഗിക ചിഹ്നം എന്നിവയെ അപമാനിച്ചാൽ മൂന്ന് വർഷം വരെ തടവ്; നിയമഭേദഗതിയുമായി ഒമാൻ

text_fields
bookmark_border
ദേശീയ ഗാനം, പതാക, ഔദ്യോഗിക ചിഹ്നം എന്നിവയെ അപമാനിച്ചാൽ മൂന്ന് വർഷം വരെ തടവ്; നിയമഭേദഗതിയുമായി ഒമാൻ
cancel

മസ്കത്ത്: ഒമാന്റെ ദേശീയ പതാക, ഔദ്യോഗിക ചിഹ്നം, ദേശീയ ഗാനം എന്നിവയുമായി ബന്ധപ്പെട്ട നിയമത്തിൽ ഭേദഗതി വരുത്തി. 2004ലെ ദേശീയ പതാക, ഔദ്യോഗിക ചിഹ്നം, ദേശീയ ഗാനം നിയമത്തിലാണ് റോയൽ ഡിക്രി 99/2026 പ്രകാരം മാറ്റങ്ങൾ വരുത്തിയത്. ദേശീയ ചിഹ്നങ്ങളുടെ സംരക്ഷണം ശക്തമാക്കുന്നതിനൊപ്പം ദേശീയ ഗാനത്തിന്റെ ആലാപനവുമായി ബന്ധപ്പെട്ട വ്യവസ്ഥകളിലും പതാകയുടെ ഔദ്യോഗിക മാനദണ്ഡങ്ങളിലും മാറ്റങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.ദേശീയ പതാകയെയോ ഔദ്യോഗിക ചിഹ്നത്തെയോ മനഃപൂർവം അപമാനിക്കുന്നവർക്ക് മൂന്ന് മാസം മുതൽ മൂന്ന് വർഷം വരെ തടവ് ലഭിക്കും. പതാക താഴ്ത്തുകയോ നശിപ്പിക്കുകയോ വിദ്വേഷമോ അവഹേളനമോ പ്രകടിപ്പിക്കുന്ന മറ്റ് പ്രവൃത്തികളിൽ ഏർപ്പെടുകയോ ചെയ്യുന്നത് ശിക്ഷാർഹമാണ്. ദേശീയ ഗാനത്തെ വാക്കുകളിലൂടെയോ എഴുത്തിലൂടെയോ ആംഗ്യങ്ങളിലൂടെയോ മാറ്റം വരുത്തുന്നതിലൂടെയോ മറ്റ് രീതികളിലൂടെയോ മനഃപൂർവം അപമാനിക്കുന്നവർക്കും ഇതേ ശിക്ഷ ബാധകമാകും.

നിലവിലുള്ള വ്യവസ്ഥകളിൽ ഉൾപ്പെടാത്ത സ്ഥലങ്ങളിലും ചടങ്ങുകളിലും ദേശീയ ഗാനം ആലപിക്കാൻ പുതിയ ഭേദഗതി അനുമതി നൽകുന്നു. ഇതിന് മന്ത്രിസഭയുടെ അംഗീകാരത്തോടെ ബന്ധപ്പെട്ട അധികാരി ഉത്തരവിറക്കണം.ദേശീയ പതാകയുടെ ഔദ്യോഗിക രൂപവും മാനദണ്ഡങ്ങളും ഭേദഗതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. കൊടിമരത്തോട് ചേർന്ന ഭാഗത്ത് ചുവന്ന ലംബപ്പട്ടയും അതിന്റെ മുകൾഭാഗത്ത് വെള്ളനിറത്തിലുള്ള ദേശീയ ചിഹ്നവും ഉണ്ടായിരിക്കണം. പതാകയുടെ ശേഷിക്കുന്ന ഭാഗത്ത് മുകളിൽ വെള്ളയും മധ്യത്തിൽ ചുവപ്പും താഴെ പച്ചയും നിറങ്ങളിലുള്ള മൂന്ന് തിരശ്ചീന പട്ടകളുണ്ടാകും.

പതാകയുടെ നിർമാണത്തിന് ഉപയോഗിക്കുന്ന തുണി, നിറങ്ങളുടെ മാനദണ്ഡങ്ങൾ, നിയമത്തിൽ വ്യക്തമാക്കാത്ത അളവുകൾ, കൊടിമരങ്ങളിൽ സ്ഥാപിക്കുന്ന പതാകകളുടെ വലുപ്പം, അവ സ്ഥാപിക്കാവുന്ന സ്ഥലങ്ങൾ എന്നിവ ബന്ധപ്പെട്ട അധികാരി തീരുമാനിക്കും. ഔദ്യോഗിക ചിഹ്നത്തിന്റെ അംഗീകൃത ചിത്രവും പുതിയ ഭേദഗതിയിലൂടെ മാറ്റിയിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Strict Penalties For Flag Insults
Next Story