നീലാകാശത്ത് ബഹുവർണ ചിത്രങ്ങൾ വരച്ച് വ്യോമാഭ്യാസം
text_fieldsമസ്കത്ത്: ആകാശ നീലിമയിൽ ബഹുവർണ ചിത്രങ്ങൾ തീർത്ത് ‘റെഡ് ആരോസി’െൻറ വ്യോമാഭ്യാസം. ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് ഖുറം ബീച്ചിലെ ആകാശത്തായിരുന്നു വ്യോമാഭ്യാസം. ബ്രിട്ടീഷ്് റോയൽ എയർഫോഴ്സിെൻറ കീഴിലുള്ള ‘ദി റെഡ്സ്’ എന്നറിയപ്പെടുന്ന റെഡ് ആരോസിെൻറ അഞ്ചു വിമാനങ്ങളാണ് അക്രോബാറ്റിക് പ്രകടനങ്ങളിൽ അണിനിരന്നത്. നിരവധി പേരാണ് ഖുറം ബീച്ചിൽ പ്രകടനം വീക്ഷിക്കാൻ എത്തിയത്.
ഇൻറർകോണ്ടിനെൻറൽ ഹോട്ടലിൽ നടന്ന ഒൗദ്യോഗിക പരിപാടിക്ക് ശേഷമാണ് പ്രകടനത്തിന് തുടക്കമായത്. ഒമാനിലെ ബ്രിട്ടീഷ് അംബാസഡർ ഹാമിഷ് കൊവ്വൽ, ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഒമാനിലെ വ്യാപാര പ്രതിനിധി ലോഡ് ആസ്റ്റർ, ഒമാൻ വ്യവസായ-വാണിജ്യ മന്ത്രി അലി അൽ സുനൈദി തുടങ്ങിയവർ ഒൗദ്യോഗിക പരിപാടിക്കും തുടർന്ന് പ്രകടനം വീക്ഷിക്കാനും എത്തിയിരുന്നു.
മുസന്നയിലെ വ്യോമതാവളത്തിൽനിന്ന് പറന്നുയർന്ന വിമാനങ്ങൾ മണിക്കൂറിൽ 400 മൈലോളം വേഗത്തിലാണ് സഞ്ചരിച്ചത്. ചുവപ്പ്, നീല, വെള്ള വർണങ്ങൾ വാരിവിതറി താഴ്ന്നും ഉയർന്നുമെല്ലാം പറന്ന വിമാനങ്ങളുടെ പ്രകടനം കാണികൾക്ക് ദൃശ്യവിരുന്നൊരുക്കുന്നതായിരുന്നു. മിഡിലീസ്റ്റ്, പാകിസ്താൻ പര്യടനത്തിെൻറ ഭാഗമായാണ് റെഡ് ആരോസ് മസ്കത്തിലെത്തിയത്. മസ്കത്തിലെത്തുന്നതിന് മുമ്പ് ദോഹ, ജിദ്ദ, കുവൈത്ത് എന്നിവിടങ്ങളിലായി സംഘം അഭ്യാസ പ്രകടനം അവതരിപ്പിച്ചിരുന്നു. മസ്കത്തിൽനിന്ന് പാകിസ്താനിലേക്കാണ് സംഘം പുറപ്പെടുക.
നിരവധി തവണ സംഘം മസ്കത്തിൽ എത്തിയിട്ടുണ്ട്. ഏറ്റവും ഒടുവിലായി എത്തിയത് കഴിഞ്ഞവർഷം നവംബറിലാണ്. ഇന്നലെ വിമാനം നിയന്ത്രിച്ച ഒമ്പതു പൈലറ്റുമാരിൽ ആറുപേരും കഴിഞ്ഞ വർഷമെത്തിയ സംഘത്തിലെ അംഗങ്ങളാണ്. കൃത്യത, വേഗത എന്നിവയെ പ്രതിനിധാനംചെയ്യുന്ന റെഡ് ആരോസ്, ലോകത്തിലെ മുൻനിര എയറോബാറ്റിക് ഡിസ്പ്ലേ ടീമുകളിലൊന്നാണ്. 1965നും 2016നുമിടക്ക് 57 രാജ്യങ്ങളിലായി 4800 വ്യോമാഭ്യാസ പ്രകടനങ്ങൾ നടത്തിയിട്ടുണ്ട് റെഡ് ആരോസ്. ബി.എ.ഇ ഹോക് ടി വൺ ജെറ്റ് വിമാനങ്ങളാണ് അഭ്യാസത്തിനുപയോഗിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
