ഒമാൻ വിമാനത്താവളങ്ങളിലെ യാത്രക്കാരുടെ എണ്ണത്തിൽ 2.8 ശതമാനം വർധന
text_fieldsമസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സായാഹ്ന ആകാശ ദൃശ്യം
മസ്കത്ത്: ഒമാൻ സുൽത്താനേറ്റിലെ വിമാനത്താവളങ്ങൾ വഴിയുള്ള ആകെ യാത്രക്കാരുടെ എണ്ണത്തിൽ 2025 ഡിസംബർ അവസാനത്തോടെ 2.8 ശതമാനം വളർച്ച രേഖപ്പെടുത്തി. 1,49, 39,209 യാത്രക്കാരാണ് ഈ കാലയളവിൽ യാത്ര ചെയ്തത്.
2024ൽ ഇത് 1,45, 37,674 ആയിരുന്നു. നാഷനൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ (എൻ.സി.എസ്.ഐ) പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഒമാനിലെ വിമാനത്താവളങ്ങളിലൂടെയുള്ള ആകെ വിമാന സർവിസുകളിൽ 2.8 ശതമാനം കുറവുണ്ടായി. 2024ൽ 1,07,546 സർവിസുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് 2025ൽ ഇത് 1,04,510 ആയി കുറഞ്ഞു.
മസ്കത്ത് വിമാനത്താവളത്തിലെ അന്താരാഷ്ട്ര വിമാന സർവിസുകളുടെ എണ്ണം 4.5 ശതമാനം കുറഞ്ഞ് 82,913 ആയി. എങ്കിലും അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ 1.3 ശതമാനം വർധനയുണ്ടായി (1.18 കോടി യാത്രക്കാർ). അതേസമയം, മസ്കത്ത് വിമാനത്താവളത്തിലെ ആഭ്യന്തര സർവിസുകളിൽ വളർച്ച രേഖപ്പെടുത്തി. ആഭ്യന്തര വിമാന സർവിസുകൾ 6.6 ശതമാനവും (9,606 സർവിസുകൾ) ആഭ്യന്തര യാത്രക്കാരുടെ എണ്ണം 12 ശതമാനവും (13.1 ലക്ഷം യാത്രക്കാർ) വർധിച്ചു.
സലാലയിൽ അന്താരാഷ്ട്ര വിമാന സർവിസുകളിൽ 2.4 ശതമാനം കുറവുണ്ടായെങ്കിലും (4,886 സർവിസുകൾ) യാത്രക്കാരുടെ എണ്ണം മുൻവർഷത്തിന് സമാനമായി 6.78 ലക്ഷമായി തുടർന്നു. സലാലയിലെ ആഭ്യന്തര സർവിസുകൾ 14.3 ശതമാനവും യാത്രക്കാരുടെ എണ്ണം 17.7 ശതമാനവും വർധിച്ചു. സലാലയിലേക്കുള്ള ആഭ്യന്തര യാത്രക്കാരുടെ എണ്ണം 10.2 ലക്ഷമായി ഉയർന്നു. ഒമാനിലെ സ്വദേശികളും താമസക്കാരും രാജ്യത്തിനകത്തുള്ള വിനോദസഞ്ചാരത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നു എന്നതിന്റെ സൂചനയാണിത്. പ്രത്യേകിച്ച് സലാലയിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിലെ വർധനവ് ടൂറിസം സീസണുകളുടെ സ്വാധീനം വ്യക്തമാക്കുന്നു.
സുഹാർ വിമാനത്താവളത്തിലെ അന്താരാഷ്ട്ര സർവിസുകളിലും യാത്രക്കാരുടെ എണ്ണത്തിലും വലിയ കുറവ് രേഖപ്പെടുത്തി. ദുകം വിമാനത്താവളത്തിൽ ആഭ്യന്തര സർവിസുകളിലും യാത്രക്കാരുടെ എണ്ണത്തിലും യഥാക്രമം 0.6 ശതമാനത്തിന്റെയും 0.4 ശതമാനത്തിന്റെയും നേരിയ കുറവുണ്ടായി. സുൽത്താനേറ്റിലെ സാമ്പത്തിക, വിനോദസഞ്ചാര മേഖലകളെ പിന്തുണക്കുന്നതിനും ആഭ്യന്തര-അന്തർദേശീയ തലത്തിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും വിമാനത്താവളങ്ങൾ വഹിക്കുന്ന പ്രധാന പങ്കാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് എൻ.സി.എസ്.ഐ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

