വൈ-ഫൈ സെവൻ സേവനവുമായി ഒമാൻ എയർപോർട്ട്സ് ലോകത്ത് ഒന്നാമത്
text_fieldsമസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം
മസ്കത്ത്: യാത്രക്കാർക്കായി വൈ-ഫൈ സെവൻ സംവിധാനം പൂർണമായി നടപ്പാക്കിയ ലോകത്തിലെ ആദ്യ എയർപോർട്ട് ഓപറേറ്ററായി ‘ഒമാൻ എയർപോർട്ട്സ്’ മാറി. ഗ്ലോബൽ ടെക്നോളജി കമ്പനിയായ ഹുവാവേയുമായി സഹകരിച്ചാണ് വിമാനത്താവളങ്ങളിൽ നെക്സ്റ്റ് ജനറേഷൻ കണക്ടിവിറ്റി സംവിധാനമായ വൈ-ഫൈ സെവൻ പദ്ധതി ഒമാൻ എയർപോർട്ട്സ് നടപ്പാക്കിയത്.
ഒമാനിലെ എല്ലാ വിമാനത്താവളങ്ങളിലും ഇപ്പോൾ വൈ-ഫൈ സെവൻ സേവനം ലഭ്യമാണ്. അതിവേഗ ഇന്റർനെറ്റ് സേവനത്തിനൊപ്പം സുരക്ഷയും ഇത് ഉറപ്പുനൽകുന്നു. സേവനങ്ങളുടെ ആധുനീകരണത്തിനും ആയാസകരമായ യാത്രാനുഭവം നൽകുന്നതിനും ലക്ഷ്യമിട്ടുള്ള ഒമാൻ എയർപോർട്ട്സിന്റെ പരിശ്രമങ്ങളിലെ നിർണായക ഘട്ടമാണിതെന്ന് ഒമാൻ എയർപോർട്ട്സ് സി.ഇ.ഒ അഹ്മദ് അൽ അമ്രി പ്രസ്താവനയിൽ പറഞ്ഞു: ‘ലോകത്തിൽ ആദ്യമായി വൈ-ഫൈ സെവൻ സേവനം വിമാനത്താവളത്തിൽ ലഭ്യമാക്കുന്നതിൽ അഭിമാനിക്കുന്നതായി ഒമാൻ എയർപോർട്ട്സ് പ്രസ്താവനയിൽ പറഞ്ഞു. പുതിയ ഡിജിറ്റൽ സംവിധാനങ്ങൾ സ്വീകരിക്കുന്നതോടെ വിമാനത്താവള പ്രവർത്തനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കാനാവും. യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്താനും എയർപോർട്ട് സേവനങ്ങൾ ആധുനികമാക്കാനും നടത്തുന്ന ദീർഘകാല തന്ത്രത്തിന്റെ ഭാഗമാണിതെന്നും ഒമാൻ എയർപോർട്ട്സ് അറിയിച്ചു.
വ്യോമയാന രംഗത്ത് ഉയർന്ന സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തുന്നതിനുള്ള ഒമാന്റെ നിരന്തര ശ്രമത്തിന്റെയും സ്മാർട്ട് ഇൻഫ്രാസ്ട്രക്ചറും ലോകോത്തര ഡിജിറ്റൽ സേവനങ്ങളും ലക്ഷ്യമിടുന്ന വിഷൻ 2040 ന്റെയും ഭാഗമായാണ് ഒമാനിലെ എല്ലാ വിമാനത്താവളങ്ങളിലും വൈ-ഫൈ സെവൻ സംവിധാനം പൂർണമായി നടപ്പാക്കുന്നത്.
ഡിപ്പാർച്ചർ ഹാളുകൾ, ചെക്ക്-ഇൻ കൗണ്ടറുകൾ, റീട്ടെയിൽ മേഖലകൾ, റസ്റ്റാറന്റുകൾ തുടങ്ങി യാത്രക്കാരുടെയും എയർപോർട്ട് ഓപറേഷനുകളുടെയും പ്രധാന കേന്ദ്രങ്ങളിൽ വൈ-ഫൈ സെവൻ കണക്ഷൻ വ്യാപകമായി സ്ഥാപിച്ചിട്ടുണ്ട്. അതിവേഗ ബാൻഡ്വിഡ്ത്തും ആയിരക്കണക്കിന് ഉപയോക്താക്കളെ ഒരേസമയം കൈകാര്യം ചെയ്യാനുള്ള കഴിവുമുള്ള സാങ്കേതികവിദ്യയാണ് വൈ-ഫൈ സെവൻ.
മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മാത്രം ദിവസേന 40,000ത്തിലധികം യാത്രക്കാർക്ക് വൈ-ഫൈ സെവൻ കണക്റ്റിവിറ്റി ഉപയോഗപ്പെടുത്താനാവും.
ഒമാനിലെ വ്യോമഗതാഗത മേഖലയെ ആഗോള നിലവാരത്തിലുള്ള ഡിജിറ്റൽ പുരോഗതിയിലേക്ക് നയിക്കുന്ന നേട്ടമായാണ് വൈ-ഫൈ സെവൻ പദ്ധതി കണക്കാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

