പുതിയ വിമാനത്താവള–എക്സ്പ്രസ്വേ കണക്ഷന്‍ റോഡ് പൂര്‍ത്തിയായി
text_fieldsമസ്കത്ത്: പുതിയ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തെയും മസ്കത്ത് എക്സ്പ്രസ്വേയെയും ബന്ധിപ്പിക്കുന്ന റോഡ് പൂര്‍ത്തിയായി. ഏറ്റവും ഉയര്‍ന്ന എന്‍ജിനീയറിങ് സുരക്ഷാ മികവോടെയാണ് പദ്ധതി പൂര്‍ത്തിയാക്കിയിരിക്കുന്നത്. മസ്കത്ത് എക്സ്പ്രസ്വേയിലെ ഗതാഗത തിരക്കൊഴിവാക്കാന്‍ സഹായിക്കുന്ന പുതിയ റോഡ് ഗാല വ്യവസായ മേഖലയിലേക്കും അല്‍ ഇര്‍ഫാന്‍ മേഖലയിലേക്കുമുള്ള വാഹനങ്ങള്‍ക്കും ഏറെ സൗകര്യപ്രദമാകും. എക്സ്പ്രസ്വേയിലെ എട്ടാം നമ്പര്‍ ക്രോസിങ്ങില്‍നിന്നാണ് ലിങ്ക് റോഡ് ആരംഭിക്കുന്നത്. ഇതുവഴി വ്യവസായ മേഖലയുടെ പടിഞ്ഞാറ് ഭാഗത്തേക്കും സുല്‍ത്താന്‍ ഖാബൂസ് ഗ്രാന്‍ഡ് മോസ്ക് ഭാഗത്തേക്കും എത്താന്‍ കഴിയും.
മസ്കത്ത് എക്സ്പ്രസ്വേയുടെ ഇരുവശത്തുമായി അഞ്ചു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മൂന്നുവരി റോഡുകളാണ് ഉള്ളത്. വിമാനത്താവളത്തിലേക്കുള്ള ക്രോസിങ്ങുകളിലും ഫൈ്ളഓവറുകളിലും റോഡ് നാലുവരിയാകും. രണ്ട് ക്രോസിങ്ങുകളാണ് പദ്ധതിയുടെ ഭാഗമായി ഉള്ളത്. ഗാല ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് ആദ്യ ക്രോസിങ്. വിമാനത്താവളത്തിലേക്കും എക്സ്പ്രസ്വേയിലേക്കുമുള്ള യാത്രക്കാര്‍ക്ക് സഹായകരമാകുന്ന രണ്ടാമത്തെ ക്രോസിങ് ഗ്രാന്‍ഡ് മോസ്ക് റോഡിലാണുള്ളത്.
എക്സ്പ്രസ്വേയില്‍നിന്നുള്ള ഗതാഗതം സുഗമമാക്കാന്‍ ഫൈ്ളഓവറും പദ്ധതിയുടെ ഭാഗമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഈ ഭാഗം അടുത്തിടെ ഗതാഗതത്തിന് തുറന്നുകൊടുത്തിരുന്നു. ഗ്രാന്‍ഡ് മോസ്ക് റോഡിന്‍െറ ഇരുവശത്തുമായി മൂന്നു കിലോമീറ്റര്‍ നീളത്തില്‍ സര്‍വിസ് റോഡുകളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.
നവംബര്‍ 18 റോഡിന്‍െറ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായും മസ്കത്ത് നഗരസഭ അറിയിച്ചു. അല്‍ അന്‍വാര്‍ സ്ട്രീറ്റില്‍നിന്ന് വിമാനത്താവളത്തിലേക്കുള്ള ക്രോസിങ്ങിലും എക്സിറ്റിലുമായി ഇരുവശത്തും മൂന്നുവരി റോഡുകളാക്കി പരിവര്‍ത്തിപ്പിച്ചിട്ടുണ്ട്. മേഖലയില്‍ ഒരു പാലവും റോഡരികില്‍ പൂന്തോട്ട നിര്‍മാണ ജോലികളും പൂര്‍ത്തിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
