ഒമാൻ എയർ ഇൗ വർഷം പുതിയ സർവിസ് ആരംഭിക്കില്ല
text_fieldsമസ്കത്ത്: ഇൗ വർഷം ഇനി പുതിയ സർവിസുകൾ ഒന്നും ആരംഭിക്കില്ലെന്ന് ഒമാൻ എയർ അറിയിച്ചു. ലാഭകരമല്ലാത്ത സർവിസുകൾ നിർത്തലാക്കുകയും ചെയ്യും. ആഗോള വ്യോമയാന മേഖല വെല്ലുവിളികൾ നേരിടുന്ന ഇൗ ഘട്ടത്തിൽ സർവിസുകൾ ഏകീകരിച്ചും മറ്റും കമ്പനിയുടെ ലാഭക്ഷമത ഉറപ്പുവരുത്തുന്ന നടപടികളിലൂടെയാകും ഇൗ വർഷത്തിെൻറ ബാക്കി മാസങ്ങളിലൂടെ കടന്നുപോവുകയെന്ന് സെയിൽസ് വിഭാഗം സീനിയർ വൈസ് പ്രസിഡൻറ് ഇഹാബ് എ. സൊരിയൽ ഇംഗ്ലീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
മാർച്ചിൽ ആരംഭിച്ച നെയ്റോബി, മാഞ്ചസ്റ്റർ സർവിസുകളാണ് ഇൗ വർഷം പദ്ധതിയിട്ട സർവിസുകൾ. ഇനി നിലവിലുള്ള റൂട്ടുകളിൽ കൂടുതൽ സർവിസുകൾ നടത്തുകയാണ് ലക്ഷ്യം. നിലവിലുള്ള റൂട്ടുകളെ ശക്തിപ്പെടുത്തിയ ശേഷം മാത്രമേ പുതിയ ലക്ഷ്യങ്ങളിലേക്ക് കമ്പനി കടക്കുകയുള്ളൂ. നിലവിലുള്ള ബാഗേജ് നയം ഇൗ വർഷം അവസാനത്തോടെ അവലോകനം ചെയ്യുമെന്നും ഇഹാബ് പറഞ്ഞു. ലോകത്തിലെ വൻകിട വിമാന കമ്പനികൾ അടക്കം ഏറെ വെല്ലുവിളികൾ നിറഞ്ഞ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. വലിയ കമ്പനികളെയാണ് പ്രതിസന്ധി കൂടുതലും ബാധിക്കുക. താരതമ്യേന ചെറിയ കമ്പനിയായ ഒമാൻ എയറിന് പ്രതിസന്ധി മറികടക്കുന്നതിനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കാൻ കൂടുതൽ സമയം ലഭിക്കും. ലാഭകരമല്ലെന്നതിനാൽ ലബനാനിലെ ബൈറൂത്തിലേക്കുള്ള സർവിസ് നിർത്തലാക്കുമെന്ന് ഒമാൻ എയർ കഴിഞ്ഞ മാർച്ചിൽ അറിയിച്ചിരുന്നു. സിംഗപ്പൂരിലേക്കുള്ള സർവിസുകളും നിർത്തിയിരുന്നു. ബംഗ്ലാദേശിലെ ധാക്കയിലേക്കുള്ള സർവിസുകൾ ഉടൻ നിർത്തുമെന്ന് ഇഹാബ് പറഞ്ഞു. അതേസമയം, ചിറ്റഗോംഗിലേക്കുള്ളവ തുടരും. ചൈനയിലേക്കുള്ള സർവിസുകൾ വിജയകരമാണ്. കെനിയ, ജോർഡൻ, ഇറാൻ, െകെറോ എന്നിവിടങ്ങളിൽനിന്നുള്ള സർവിസുകൾക്ക് ചൈന സർവിസിെൻറ കണക്ഷൻ ലഭ്യമാകും. നൈറോബി സർവിസും നന്നായി സ്വീകരിക്കപ്പെട്ടു.
ചൈനയിലേക്ക് കൂടുതൽ സർവിസുകൾ ആരംഭിക്കുന്നതിെൻറ സാധ്യതകൾ പഠിച്ചുവരുകയാണെന്നും ഇഹാബ് പറഞ്ഞു. അമേരിക്കയിലേക്കും ആസ്ട്രേലിയയിലേക്കും സർവിസ് തുടങ്ങുന്നതിന് നിലവിൽ സാധ്യതകളില്ല. ക്വാലാലംപുർ, തായ്ലൻഡ് എന്നിവിടങ്ങളിലേക്കുള്ള സർവിസുകൾ വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇൗ വർഷം ആദ്യം നിലവിൽ വന്ന ബാഗേജ് നയത്തിന് അനുകൂലമായും പ്രതികൂലമായും അഭിപ്രായങ്ങൾ വന്നതായി ഇഹാബ് പറഞ്ഞു. ഇൗ വർഷം അവസാനത്തോടെ പുതിയ ബാഗേജ് നയം അവലോകനം ചെയ്യും.
മുപ്പത് കിലോയുടെ ഒറ്റ ലഗേജ് എന്ന തീരുമാനത്തിൽനിന്ന് പിന്നാക്കം പോകാൻ സാധ്യതകളില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾക്കും പ്രായമായവർക്കുമാണ് ഒറ്റ ലഗേജ് മാത്രമാണ് പാടുള്ളൂവെന്ന നയം ബുദ്ധിമുട്ടിക്കുന്നത്. അധിക ലഗേജ് വേണമെന്നുള്ളവർക്ക് 20 കിലോയുടെ അധിക ലഗേജ് ആകർഷകമായ നിരക്കിൽ ലഭ്യമാവുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
