ഒമാൻ എയറിൽ യാത്രക്കാരുടെ എണ്ണത്തിൽ എട്ടു ശതമാനം വർധന
text_fieldsമസ്കത്ത്: 2025ൽ ഒമാൻ എയർ യാത്രക്കാരുടെ എണ്ണത്തിൽ എട്ടു ശതമാനം വർധന രേഖപ്പെടുത്തി. കാര്യക്ഷമത, ദീർഘകാല വളർച്ച, മെച്ചപ്പെട്ട യാത്രാനുഭവം എന്നിവ ലക്ഷ്യമിട്ട് നടപ്പാക്കിയ നടപടികളുടെ ഫലപ്രാപ്തിയാണ് ഈ നേട്ടമെന്ന് ഒമാൻ പറഞ്ഞു. 2025ൽ ഒമാൻ എയർ 50.8 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്തു. ഇത് മുൻ വർഷത്തെക്കാൾ എട്ടു ശതമാനവും 2022-നേക്കാൾ 57 ശതമാനവും കൂടുതലാണ്.
ഇതിൽ 64 ശതമാനവും നേരിട്ട് ഒമാനിലേക്കുള്ള പോയിന്റ്-ടു-പോയിന്റ് യാത്രക്കാരാണ്. ഈ വിഭാഗത്തിൽ വർഷംതോറുമുള്ള വളർച്ച 34 ശതമാനം ആയി. ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന വർധനവാണിത്. 2025ൽ നിരവധി പുതിയ റൂട്ടുകൾ, സർവീസുകൾ വർധിപ്പിക്കൽ എന്നിവയിലൂടെ ഒമാൻ എയർ തന്റെ നെറ്റ്‌വർക്ക് വിപുലീകരിച്ചു. 2025 മധ്യത്തിൽ വൺ വേൾഡ് അലയൻസിൽ അംഗമായതോടെ, എയർലൈന്റെ ആഗോള ശൃംഖല 900 കേന്ദ്രങ്ങളിലേക്കായി വ്യാപിച്ചു.
ആഭ്യന്തര വിപണിയിലും ഒമാൻ എയറിന് നേട്ടമാണ്. മുൻ വർഷത്തെ അപേക്ഷിച്ച് 2025-ൽ സലാലയിലേക്കുള്ള ശേഷി 17 ശതമാനം വർധിപ്പിച്ചു. 2022-നേക്കാൾ ഇത് 19 ശതമാനമാണ്. യാത്രക്കാരുടെ എണ്ണത്തിൽ 2024-നേക്കാൾ 19 ശതമാനവും, 2022-നേക്കാൾ 36 ശതമാനവും വർധന രേഖപ്പെടുത്തി. മോസ്കോ -സലാല നേരിട്ടുള്ള ആദ്യ ചാർട്ടർ സർവീസും ആരംഭിച്ചു. 2026-ൽ മറ്റ് റഷ്യൻ നഗരങ്ങളിലേക്കും 2027 മുതൽ യൂറോപ്യൻ വിപണികളിലേക്കും ഇത് വ്യാപിപ്പിക്കാനാണ് പദ്ധതി. ഇതിലൂടെ 2030-ഓടെ 5.8 ലക്ഷം പുതിയ യാത്രക്കാരെയും 320 ദശലക്ഷം ഒമാനി റിയാലിലധികം ടൂറിസം വരുമാനവും പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

