സുരക്ഷാ നിർദേശങ്ങൾ പുതുക്കി ഒമാൻ എയർ
text_fieldsമസ്കത്ത്: വിമാനയാത്ര കൂടുതൽ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി യാത്രക്കാർക്കുള്ള സുരക്ഷാ നിദേശങ്ങൾ പരിഷ്കരിച്ച് ഒമാൻ എയർ. ലിഥിയം ബാറ്ററികൾ, പവർ ബാങ്കുകൾ, സ്മാർട്ട് ഉപകരണങ്ങൾ, ഇ-സിഗരറ്റുകൾ എന്നിവ യാത്രക്കാർ കൈവശം വെക്കുന്നതുമായി ബന്ധപ്പെട്ട് സുരക്ഷാ മാർഗനിർദേശങ്ങൾ പുറത്തിറക്കി. എല്ലാ ഒമാൻ എയർ വിമാനങ്ങളിലും പുതിയ നയം ഉടൻ പ്രാബല്യത്തിൽ വരുമെന്നും ലിഥിയം ബാറ്ററി ചൂടാവുന്നതുമൂലമുള്ള അപകടങ്ങളും ഷോർട്ട് സർക്യൂട്ട് മൂലമുള്ള അപകടങ്ങളും ഒഴിവാക്കുന്നതിനായുള്ള വിപുലമായ സുരക്ഷാ ശ്രമങ്ങളുടെ ഭാഗമാണ് പരിഷ്കാരമെന്നും ഒമാൻ എയർ അറിയിച്ചു.
അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐ.സി.എ.ഒ), ഇന്റർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (അയാട്ട) എന്നിവയുടെ ശുപാർശകളനുസരിച്ചുള്ള ഈ പരിഷ്കരണം വിമാനയാത്രാ സുരക്ഷ വർധിപ്പിക്കുകയും അപകടസാധ്യതകൾ തടയുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണെന്നും അധികൃതർ പറഞ്ഞു.
പുതിയ നിയമപ്രകാരം, പവർ ബാങ്കുകൾ ഹാൻഡ് ബഗേജിൽ മാത്രമേ അനുവദിക്കൂ. ചെക്ക് ഇൻ ലഗേജിൽ പവർ ബാങ്കുകൾക്ക് കർശന വിലക്കുണ്ട്. ഹാൻഡ് ബാഗേജിൽ കൊണ്ടുപോവുന്ന പവർ ബാങ്ക് യാത്രക്കിടയിൽ ഉപയോഗിക്കാനോ ചാർജ് ചെയ്യാനോ പാടില്ലെന്നതാണ് മറ്റൊരു നിർദേശം. പവർബാങ്ക് ഉപകരണങ്ങൾ സീറ്റിന് കീഴിലോ സീറ്റ് പോക്കറ്റിലോ വെക്കണം; ലേബൽ ഇല്ലാത്തവ സ്വീകരിക്കില്ല. ഇവ ഓവർഹെഡ് കമ്പാർട്ട്മെന്റിൽ വെക്കാനും അനുമതിയില്ല.
സ്മാർട്ട് ബാഗുകൾക്കും ഒമാൻ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നീക്കം ചെയ്യാനാകാത്ത ബാറ്ററിയുള്ള ബാഗുകൾ ചെക്ക് ഇൻ ചെയ്യാൻ പാടില്ല. നീക്കം ചെയ്യാവുന്ന ബാറ്ററിയുള്ള ബാഗുകളുമായി യാത്രചെയ്യുന്നവർ െചക്ക് ഇൻ ചെയ്യുന്നതിന് മുമ്പായി ബാറ്ററി ഊരി കൈയിൽ കരുതണം.
ഇ-സിഗരറ്റുകളും വേപ്സ് ഉപകരണങ്ങളും കൈയിൽ കൊണ്ടുപോകുന്ന ലഗേജിൽ മാത്രമേ അനുവദിക്കൂ. ഇവ വിമാനത്തിനുള്ളിൽ ഉപയോഗിക്കാനോ ചാർജ് ചെയ്യാനോ പാടില്ല.
സ്മാർട്ട്ഫോൺ, ടാബ്ലറ്റ്, ലാപ്ടോപ്പ് തുടങ്ങിയ വ്യക്തിഗത ഇലക്ട്രോണിക് ഉപകരണങ്ങൾ വിമാനത്തിലെ പവർ പോർട്ടുകൾ വഴി ചാർജ് ചെയ്യാവുന്നതാണ്. പക്ഷേ ഇത് യാത്രക്കാരന്റെ തുടർച്ചയായ നിരീക്ഷണത്തിലായിരിക്കണം. ലൂസ് ബാറ്ററികളും പവർ ബാങ്കുകളും വേപ്സ് ഉപകരണങ്ങളും യാത്രക്കിടെ ചാർജ് ചെയ്യാൻ പാടില്ല.
കൂടാതെ, ഹോവർബോർഡ്, ബാലൻസ് വീൽ, മിനി സ്കൂട്ടർ, മിനി സെഗ്വേ തുടങ്ങി ലിഥിയം ബാറ്ററിയാൽ പ്രവർത്തിക്കുന്ന വ്യക്തിഗത ഉപകരണങ്ങൾ വിമാനത്തിനുള്ളിലോ ചെക്ക് ഇൻ ലഗേജിലോ കർശനമായി നിരോധിച്ചിട്ടുണ്ട്. യാത്രക്ക് മുമ്പ് ബാഗേജ് മാർഗനിർദേശങ്ങൾ പരിശോധിക്കാനും സംശയങ്ങൾക്കായി ഒമാൻ എയർ ഉപഭോക്തൃ സേവനവുമായി ബന്ധപ്പെടാനും യാത്രക്കാരോട് ഒമാൻ എയർ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

