പ്ലാസ്റ്റിക് ഉപയോഗം കുറക്കാൻ പദ്ധതിയുമായി ഒമാൻ എയർ
text_fieldsRepresentational Image
മസ്കത്ത്: സുസ്ഥിരത നയത്തിന്റെ ഭാഗമായി ഒമാൻ എയർ പ്ലാസ്റ്റിക് ഉപയോഗം കുറക്കുന്നു. ഇതിന്റെ ഭാഗമായി വിമാനത്തിൽ ഉപയോഗിക്കുന്ന വിവിധ പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് പകരം പുനരുപയോഗപ്രദമായ ഉൽപന്നങ്ങൾ മാറ്റിസ്ഥാപിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. പ്രീമിയം കാബിനുകളിൽ പുതപ്പുകളും മെത്തകളും പൊതിയാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് പകരം പരിസ്ഥിതി സൗഹൃദ പേപ്പർ അധിഷ്ഠിത ബദൽ ഉപയോഗിക്കും. ഈ മാറ്റത്തിലൂടെ പ്രതിവർഷം 21.6 ടൺ പ്ലാസ്റ്റിക് കുറയുമെന്നാണ് കണക്കാക്കുന്നത്. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം അവസാനിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നേരത്തേ ഒമാൻ എയർ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായ ഏറ്റവും പുതിയ നടപടിയായാണ് സംരംഭം അവതരിപ്പിക്കുന്നത്.
വിദഗ്ധരുടെ മാർഗനിർദേശമനുസരിച്ച്, പങ്കാളികളുമായും വെണ്ടർമാരുമായും സഹകരിച്ചാണ് പദ്ധതികൾ വിജയകരമായി നടപ്പാക്കുന്നതെന്ന് ഒമാൻ എയറിലെ ആക്ടിങ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ക്യാപ്റ്റൻ നാസർ ബിൻ അഹമ്മദ് സാൽമി പറഞ്ഞു. ദേശീയ സുസ്ഥിര ലക്ഷ്യങ്ങളോടുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് നിലപാട് സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.