ചെലവു കുറഞ്ഞ യാത്രക്ക് ഒമാൻ എയർ പാസ് വീണ്ടും വരുന്നു
text_fieldsമസ്കത്ത്: ഒമാെൻറ ദേശീയ വിമാന കമ്പനി ഒമാൻ എയർ ഉപഭോക്താക്കൾക്ക് ചെലവുകുറഞ്ഞ യാത്ര സാധ്യമാക്കാനായി ഒമാൻ എയർ പാസ് വീണ്ടും അവതരിപ്പിക്കുന്നു. ഒമാനും ഇന്ത്യക്കും ഇടയിലും ഒമാനും ജി.സി.സി രാജ്യങ്ങൾക്കും ഇടയിലുള്ള യാത്രക്ക് പാസ് ഉപയോഗപ്പെടുത്താം. പാസ് ഉപയോഗത്തിലൂടെ യാത്രാചെലവിൽ 50 ശതമാനം വരെ ലാഭിക്കാമെന്ന് ഒമാൻ എയർ അധികൃതർ വ്യക്തമാക്കി.
100 റിയാൽ മുതൽ ഒമാൻ എയർ പാസ് വാങ്ങാൻ സാധിക്കും. ഒരു പാസിൽ കുറഞ്ഞത് മൂന്നു യാത്രകളെങ്കിലുമുണ്ടായിരിക്കണം. ടിക്കറ്റുകൾ റീഫണ്ട് ചെയ്യാൻ കഴിയില്ല. വ്യക്തികൾ, കുടുംബങ്ങൾ, സുഹൃദ് സംഘങ്ങൾ, ബിസിനസ് യാത്രക്കാർ എന്നിങ്ങനെ ഒാരോരുത്തരുടെയും സൗകര്യത്തിന് അനുസൃതമായ രീതിയിൽ പാസ് എടുക്കാം. 50 പേർക്ക് വരെ ഇത് സാധ്യമാകും. യാത്രയുടെ ആറുമാസം മുമ്പ് മുതൽ നാലു മണിക്കൂർ മുമ്പ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയും. ഇന്ത്യയിലേക്കും ജി.സി.സി രാജ്യങ്ങളിലേക്കുമുള്ള തങ്ങളുടെ അതിഥികൾക്ക് പാസ് ലഭ്യമാക്കുന്നതിൽ വളരെ ആഹ്ലാദമുണ്ടെന്ന് ഒമാൻ എയർ ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ അബ്ദുൽ അസീസ് അൽ റെയ്സി പറഞ്ഞു.
