വൺവേൾഡ് അലയൻസിൽ ഒമാൻ എയർ; ആനുകൂല്യം യാത്രക്കാർക്കും
text_fieldsമസ്കത്ത്: ആഗോള വിമാന കമ്പനികളുടെ സഖ്യമായ വൺവേൾഡ് അലയൻസിൽ ഒമാന്റെ ദേശീയ വിമാന കമ്പനിയായ ഒമാൻ എയർ പൂർണ അംഗത്വം എടുത്തു. സഖ്യത്തിൽ 15-ാമത് അംഗമായാണ് ഒമാൻ ചേർന്നത്. ആഗോള ഭൂപടത്തിൽ ഒമാന്റെ സ്ഥാനം ഉയർത്തുന്നതാണിത്. രണ്ട് വർഷത്തിലധികം നീണ്ടുനിന്ന പ്രവർത്തനങ്ങൾക്കൊടുവിലാണ് ഒമാൻ എയർ ഇപ്പോൾ വൺവേൾഡിന്റെ മുൻനിര എയർലൈനുകളുടെ ലോകമെമ്പാടുമുള്ള ശൃംഖലയിലേക്ക് പ്രവേശിച്ചത്. ഇത് 170 രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും 900ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് തടസ്സമില്ലാത്ത യാത്ര വാഗ്ദാനം ചെയ്യുന്നു.
ഒമാൻ എയറിന്റെ മുൻനിര യാത്രക്കാർക്ക് ആഗോളതലത്തിൽ ഏകദേശം 700 ബിസിനസ് ലോഞ്ചുകളുടെ ശൃംഖലയും ആംസ്റ്റർഡാമിലെ ഷിഫോൾ, സിയോൾ വിമാനത്താവളങ്ങളിൽ പുതുതായി തുറന്ന വൺവേൾഡ് ബ്രാൻഡഡ് ലോഞ്ചുകളും ഉൾപ്പെടെ എല്ലാ വൺവേൾഡ് മുൻഗണനാ ആനുകൂല്യങ്ങളും ലഭിക്കും. അതുപോലെ, വൺവേൾഡ് എമറാൾഡ്, സഫയർ, റൂബി ഉപഭോക്താക്കൾക്ക് റിഡീം ചെയ്യൽ, സ്റ്റാറ്റസ് പോയന്റുകൾ നേടൽ, മുൻഗണന ചെക്ക്-ഇൻ, ബോർഡിങ്, ലോഞ്ച് ആക്സസ് എന്നിവയുൾപ്പെടെയുള്ള ആനുകൂല്യങ്ങളും ഒമാൻ എയർ നൽകും.
15 ലോകോത്തര അംഗ എയർലൈനുകളിലുടനീളം തടസ്സമില്ലാത്ത കണക്റ്റിവിറ്റിയിലൂടെ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ജപ്പാൻ, ആസ്ട്രേലിയ തുടങ്ങിയ പ്രധാന വിപണികളിൽനിന്നുള്ള യാത്രക്കാർക്ക് ഇപ്പോൾ ഒമാനിലേക്ക് സുഗമവും സൗകര്യപ്രദവുമായ യാത്രകൾ ആസ്വദിക്കാൻ കഴിയും. വൺവേൾഡ് സഖ്യത്തിൽ ചേരുന്നതിലൂടെ ഞങ്ങളുടെ അതുല്യമായ സംസ്കാരം, അതിശയിപ്പിക്കുന്ന വിനോദയാത്രകൾ, മനോഹരമായ ബീച്ചുകൾ, എല്ലാറ്റിനുമുപരി, ഒമാനി ജനതയുടെ ഊഷ്മളമായ ആതിഥ്യം എന്നിവ അനുഭവിക്കാൻ സുൽത്താനേറ്റിലേക്ക് വൺവേൾഡ് ഉപഭോക്താക്കളെ സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്ന് ഒമാൻ എയർ സി.ഇ.ഒ കോൺ കോർഫിയാറ്റിസ് പറഞ്ഞു.
ഒമാനിലെ അതിഥികൾക്ക് തടസ്സമില്ലാത്ത ആഗോള യാത്രക്കുള്ള അവസരങ്ങളും ഇത് നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ഒമാൻ എയറിനെ വൺവേൾഡ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ടെന്ന് സി.ഇ. ഒ നാറ്റ് പീപ്പർ കൂട്ടിച്ചേർത്തു. വൺവേൾഡ് സഖ്യം വഴി ഒമാൻ എയർ ഇപ്പോൾ 22 രാജ്യങ്ങളിലായി 42 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവിസ് നടത്തുന്നുണ്ട്. നൂറുകണക്കിന് സ്ഥലങ്ങളിലേക്ക് കണക്ഷനുകളും ഉണ്ട്. 1999 ഫെബ്രുവരി ഒന്നിന് സ്ഥാപിതമായ ആഗോള വിമാനക്കമ്പനി സഖ്യമാണ് വൺവേൾഡ് അലയൻസ്.
ലോകത്തിലെ പ്രമുഖ വിമാനക്കമ്പനികളെ ഒരുമിച്ചുകൊണ്ടുവന്ന് യാത്രക്കാർക്ക് മികച്ചതും തടസ്സരഹിതവുമായ യാത്രാനുഭവം നൽകുകയാണ് ഇതിന്റെ ലക്ഷ്യം. അലാസ്ക എയർലൈൻസ്, അമേരിക്കൻ എയർലൈൻസ്, ബ്രിട്ടീഷ് എയർവേസ്, കാത്തേ പസഫിക്, ഫിജി എയർവേസ്, ഫിന്നയർ, ഇബീരിയ, ജപ്പാൻ എയർലൈൻസ്, മലേഷ്യ എയർലൈൻസ്, ഖന്താസ്, ഖത്തർ എയർവേസ്, റോയൽ എയർ മാറോക്, റോയൽ ജോർദാനിയൻ, ശ്രീലങ്കൻ എയർലൈൻസ് എന്നിവയാണ് ഒമാനെ കൂടാതെ മറ്റ് അംഗങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

