ഒമാൻ എയർ-ചെൽസി പങ്കാളിത്തം ഞായറാഴ്ച മുതൽ
text_fieldsമസ്കത്ത്: ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയറിന്റെ ചെൽസി എഫ്.സിയുമായുള്ള പങ്കാളിത്തം ആഗസ്റ്റ് 13 ഞായറാഴ്ച ആരംഭിക്കും.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സീസണിലെ ആദ്യ മത്സരത്തിൽ ചെൽസിയും ലിവർപൂൾ എഫ്.സിയും നേർക്കുനേർ പോരാടുന്നത് ഈ ദിവസത്തിലാണ്. മത്സരം നടക്കുന്ന സ്റ്റാംഫോഡ് ബ്രിഡ്ജ് സ്റ്റേഡിയത്തിലെ ആരാധകർക്കും വീട്ടിലിരുന്ന് കാണുന്നവർക്കും ഒമാന്റെ സൗന്ദര്യം പരിചയപ്പെടുത്തുന്ന പരസ്യ പരമ്പരകൾ കാണാനാകും. പരസ്യങ്ങൾ രാജ്യത്തെ ഏറ്റവും ജനപ്രിയമായ ചില വിനോദ സഞ്ചാരകേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്നതായിരിക്കും.
ഒമാൻ എയറിന്റെ കണ്ണഞ്ചിപ്പിക്കുന്ന ബ്രാൻഡിങ്ങും കാബിൻ ക്രൂ അംഗങ്ങളും മത്സരം നടക്കുന്ന പിച്ചിന് ചുറ്റും ഉണ്ടാകും. ലോകമെമ്പാടുമുള്ള 70ലക്ഷത്തിലധികം ആളുകൾ കളി കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മാസമാണ് ഒമാൻ എയർ യാത്ര പ്രോത്സാഹിപ്പിക്കുന്നതിന് സുപ്രധാന കരാർ ഒപ്പിട്ടത്. കരാറിന് ശേഷം ടീമിന്റെ ആദ്യ ഔദ്യോഗിക മത്സരം എന്ന നിലയിൽ പ്രധാന്യത്തോടെയാണ് അധികൃതർ ഞായറാഴ്ചത്തെ കളിയെ കാണുന്നത്.
ചെൽസിയുടെ ഔദ്യോഗിക ആഗോള എയർലൈൻ പങ്കാളി എന്ന നിലയിൽ, അടുത്ത മൂന്ന് വർഷവും ഒമാൻ എയർ വിവിധ പ്രമോഷനൽ പ്രവർത്തനങ്ങൾ തുടരും. ഒമാൻ വിഷൻ 2040യുടെ ഭാഗമായാണ് ഒമാൻ എയർ ലോകത്തെ പുതിയ ഭാഗങ്ങളിൽ രാജ്യത്തെ പ്രകൃതി സൗന്ദര്യവും വിനോദ സഞ്ചാര സാധ്യതകളും പരിചയപ്പെടുത്തി വരുന്നത്. ചെൽസിയുമായുള്ള കരാറിനൊപ്പം മറ്റു വിവിധ സംരംഭങ്ങളും ഈ ലക്ഷ്യത്തിനായി നടപ്പിലാക്കുന്നുണ്ട്.
1993ൽ പ്രവർത്തനം ആരംഭിച്ച ഒമാൻ എയർ, തുടക്കത്തിൽ പ്രധാനപ്പെട്ട ആഭ്യന്തര റൂട്ടുകളിൽ മാത്രമാണ് സർവിസ് നടത്തിയത്. എന്നാൽ പിന്നീട് ദ്രുതഗതിയിൽ വളർച്ച കൈവരിച്ച്, ലോകമെമ്പാടുമുള്ള നഗരങ്ങളെ രാജ്യവുമായി ബന്ധിപ്പിക്കുന്ന പ്രധാന അന്താരാഷ്ട്ര വിമാനക്കമ്പനിയായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
പ്രാദേശികവും അന്തർദേശീയവുമായ വ്യോമയാന മേഖലയിലെ വിദഗ്ധരെ ആകർഷിച്ച് ഒമാൻ എയറിന്റെ പ്രവർത്തനങ്ങളെ പുതുക്കാൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്. വിവിധ പദ്ധതികളിലൂടെ മേഖലയിലെ വ്യോമയാന മേഖല സാക്ഷ്യം വഹിക്കുന്ന വലിയ മത്സരത്തിനിടയിൽ അടുത്ത വർഷം ഒമാൻ എയറിന്റെ പ്രകടനം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

