ആഗോള അംഗീകാര നിറവിൽ വീണ്ടും ഒമാൻ എയർ
text_fieldsമിഡിലീസ്റ്റിലെ മികച്ച എയർലൈൻ സ്റ്റാഫിനുള്ള സ്കൈട്രാക്സ് പുരസ്കാരം ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ കോൺ
കോർഫിയാറ്റിസ് ഏറ്റുവാങ്ങുന്നു
മസ്കത്ത്: ആഗോള അംഗീകാര നിറവിൽ വീണ്ടും സുൽത്താനേറ്റിന്റെ ദേശീയ വിമാന കമ്പനിയായ ഒമാൻ എയർ. മിഡിലീസ്റ്റിലെ മികച്ച എയർലൈൻ സ്റ്റാഫിനുള്ള സ്കൈട്രാക്സ് 2024 വേൾഡ് എയർലൈൻ അവാർഡാണ് ഒമാൻ എയർ സ്വന്തമാക്കിയത്. യുകെയിലെ വിൻഡ്സറിൽ നടന്ന അവാർഡ്ദാന ചടങ്ങിൽ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ കോൺ കോർഫിയാറ്റിസ് അവാർഡ് സ്വീകരിച്ചു. ഇത് ഏഴാം തവണയാണ് ഒമാൻ എയർ ഈ പുരസ്കാരം നേടുന്നത്.
ഒമാൻ എയറിന്റെ ഈ വിഭാഗത്തിലെ സ്ഥിരമായ വിജയം, ഒമാനി ആതിഥ്യമര്യാദയുടെ സമ്പന്നമായ പാരമ്പര്യങ്ങളിൽ ആഴത്തിൽ വേരൂന്നിയ സേവന-അധിഷ്ഠിത സംസ്കാരം വളർത്തിയെടുക്കുന്നതിനുള്ള ഞങ്ങളുടെ അചഞ്ചലമായ സമർപ്പണത്തെ അടിവരയിടുന്നതാണെന്ന് ചീഫ് എക്സിക്യുട്ടിവ് ഓഫിസർ കോൺ കോർഫിയാറ്റിസ് പറഞ്ഞു.
സേവന മികവിനോടുള്ള അർപ്പണബോധവും എല്ലാ ടച്ച്പോയൻറുകളിലും സമാനതകളില്ലാത്ത അതിഥി അനുഭവം നൽകാനുള്ള സ്റ്റാഫിന്റെ പ്രതിബദ്ധത വീണ്ടും വീണ്ടും തെളിയിച്ചതിന് അഭിനന്ദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിമാന വ്യവസായ മേഖലയിലെ സുപ്രധാന പുരസ്കാരമായാണ് സ്കൈട്രാക്സ് വേൾഡ് എയർലൈൻ അവാർഡുകൾ കണക്കാക്കുന്നത്. ലോകമെമ്പാടുമുള്ള യാത്രക്കാർ ഓരോ വർഷവും സർവേയിലൂടെ രേഖപ്പെടുത്തുന്ന സംതൃപ്തിയുടെ അടിസ്ഥാനത്തിലാണ് വിജയികളെ തിരഞ്ഞെടുക്കാറ്.

