സാമ്പത്തിക സ്വാതന്ത്ര്യ സൂചികയിൽ ഒമാന് മുന്നേറ്റം
text_fieldsമസ്കത്ത്: ദ ഹെറിറ്റേജ് ഫൗണ്ടേഷൻ പ്രസിദ്ധീകരിച്ച 2026ലെ സാമ്പത്തിക സ്വാതന്ത്ര്യ സൂചികയിൽ ശ്രദ്ധേയ മുന്നേറ്റം കൈവരിച്ച് ഒമാൻ. കഴിഞ്ഞ വർഷം 58-ആം സ്ഥാനത്തായിരുന്ന ഒമാൻ ഇത്തവണ 39-ആം സ്ഥാനത്തെത്തി.
ലോകത്തെ 176 രാജ്യങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യ നില വിലയിരുത്തിയാണ് സൂചിക തയാറാക്കിയിരിക്കുന്നത്. നിയമത്തിന്റെ ആധിപത്യം, സർക്കാറിന്റെ വലിപ്പം, നിയന്ത്രണ കാര്യക്ഷമത, തുറന്ന വിപണികൾ എന്നിങ്ങനെ നാല് പ്രധാന വിഭാഗങ്ങളിലായി 12 സൂചികകളുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തൽ.
സ്വത്ത് അവകാശം, ഭരണസുതാര്യത, നീതിന്യായവ്യവസ്ഥയുടെ കാര്യക്ഷമത, സർക്കാർ ചെലവ്, നികുതി ഭാരം, ധനകാര്യ ആരോഗ്യസ്ഥിതി എന്നിവക്കൊപ്പം വ്യാപാര സ്വാതന്ത്ര്യം, തൊഴിൽ സ്വാതന്ത്ര്യം, നിക്ഷേപ സ്വാതന്ത്ര്യം, സാമ്പത്തിക സ്വാതന്ത്ര്യം തുടങ്ങിയ ഘടകങ്ങളും സൂചികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സാമ്പത്തിക സ്വാതന്ത്ര്യം ഉയർന്ന രാജ്യങ്ങളിൽ സാമൂഹികവും സാമ്പത്തികവുമായ നേട്ടങ്ങൾ കൂടുതലാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഉയർന്ന വരുമാനം, മനുഷ്യവികസനം, ജനാധിപത്യ ഭരണകൂടം, ദാരിദ്ര്യനിർമാർജന ശ്രമങ്ങൾ എന്നിവയിൽ മികച്ച പുരോഗതി സാധാരണയായി ഇത്തരം രാജ്യങ്ങളിൽ കാണപ്പെടുന്നുവെന്നാണ് വിലയിരുത്തൽ.
ഒമാന്റെ മൊത്തം സ്കോർ 100ൽ 68.5 ആയി ഉയർന്നു. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന സ്കോറാണിത്. 100ന് അടുത്ത സ്കോർ ലഭിക്കുന്ന രാജ്യങ്ങൾക്കാണ് കൂടുതൽ സാമ്പത്തിക സ്വാതന്ത്ര്യമുള്ളതെന്നാണ് കണക്കാക്കുന്നത്.
ധനകാര്യ ആരോഗ്യ സൂചികയിലാണ് ഒമാൻ ഏറ്റവും വലിയ മുന്നേറ്റം കൈവരിച്ചത്. നികുതി നിരക്കുകളും മൊത്തം നികുതി വരുമാനവും ജി.ഡി.പിയുമായി താരതമ്യം ചെയ്ത് കണക്കാക്കുന്ന ഈ സൂചികയിൽ രാജ്യത്തിന്റെ സ്കോർ 2025ലെ 63.2ൽ നിന്ന് 2026ൽ 97.5 ആയി ഉയർന്നു.
വ്യാപാരത്തിൽ കസ്റ്റംസ് തീരുവകളും മറ്റ് നിയന്ത്രണങ്ങളും ഉണ്ടാക്കുന്ന സ്വാധീനം വിലയിരുത്തുന്ന വ്യാപാര സ്വാതന്ത്ര്യ സൂചികയിൽ ഒമാൻ 100ൽ 78.4 പോയിന്റ് നേടി. സർക്കാറിന്റെ പൊതുചെലവും അതിന്റെ സാമ്പത്തിക സ്വാധീനവും വിലയിരുത്തുന്ന വിഭാഗത്തിൽ രാജ്യം 74.7 പോയിന്റാണ് നേടിയത്.
അതേസമയം, മറ്റ് ചില സൂചികകളിൽ സ്ഥിരതയാർന്ന പ്രകടനവും ഒമാൻ നിലനിർത്തി. നികുതി ഭാര സൂചികയിൽ 97.6, നിക്ഷേപ സ്വാതന്ത്ര്യ സൂചികയിൽ 70, സാമ്പത്തിക സ്വാതന്ത്ര്യ സൂചികയിൽ 60 എന്നിങ്ങനെയാണ് സ്കോറുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

