ആഗോള പരിസ്ഥിതി സൂചികയിൽ ഒമാന് മുന്നേറ്റം
text_fieldsമസ്കത്ത്: ലോകരാജ്യങ്ങളുടെ പരിസ്ഥിതി സംരക്ഷണ മികവ് വിലയിരുത്തുന്ന 2026-ലെ ആഗോള പരിസ്ഥിതി പ്രകടന സൂചികയിൽ (എൻവയോൺമെന്റൽ പെർഫോമൻസ് ഇൻഡക്സ്) ഒമാൻ സുൽത്താനേറ്റിന് വൻ മുന്നേറ്റം. ആകെ 180 രാജ്യങ്ങൾ ഉൾപ്പെടുന്ന ആഗോള റാങ്കിങ്ങിൽ ആറ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഒമാൻ 49-ആം സ്ഥാനം സ്വന്തമാക്കിയതായി ഒമാൻ പരിസ്ഥിതി അതോറിറ്റി അറിയിച്ചു.
2024-ലെ സൂചികയിൽ 55-ആം സ്ഥാനത്തായിരുന്ന ഒമാൻ, കൃത്യമായ പരിസ്ഥിതി നയങ്ങളിലൂടെയാണ് മുന്നേറിയത്. ആഗോളതലത്തിലെ മികച്ച പ്രകടനത്തിന് പുറമെ പ്രാദേശിക റാങ്കിങ്ങിലും സുൽത്താനേറ്റ് മികച്ച നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ മൂന്നാമതും, അറബ് ലോകത്തും ജി.സി.സി രാജ്യങ്ങൾക്കിടയിലും രണ്ടാം സ്ഥാനവും ഒമാൻ ഉറപ്പിച്ചു.
പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കുന്നതിൽ മേഖലയിലെ ഒമാന്റെ മുൻനിര നേതൃത്വത്തെ അടിവരയിടുന്നതാണ് ഈ പുതിയ റാങ്കിങ്. സുൽത്താനേറ്റിൽ നടപ്പാക്കിവരുന്ന ദേശീയ സുസ്ഥിരതാ സംരംഭങ്ങൾ, കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാനുള്ള ശക്തമായ നടപടികൾ, ജൈവവൈവിധ്യ സംരക്ഷണം, വന്യജീവി-പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ എന്നിവയുടെ വിജയമാണ് ഈ അംഗീകാരത്തിന് പിന്നിലെന്ന് പരിസ്ഥിതി അതോറിറ്റി വ്യക്തമാക്കി.
ഒമാൻ വിഷൻ 2040-ന്റെ ഭാഗമായി ഹരിത സമ്പദ്‌വ്യവസ്ഥയിലേക്കും കാർബൺ വികിരണം കുറക്കുന്നതിലേക്കും രാജ്യം നടത്തുന്ന ഹരിത മുന്നേറ്റങ്ങൾക്ക് പുതിയ സൂചികാ ഫലം കൂടുതൽ കരുത്തുപകരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

