800 കിലോവാട്ട് സോളാർ സ്ഥാപിക്കാൻ ഒമാൻ അക്രോസ് ഏജസ് മ്യൂസിയം
text_fieldsഒമാൻ എക്രോസ് ഏജസ് മ്യൂസിയം ബി.പി ഒമാനുമായി സഹകരണ കരാറിൽ ഒപ്പുവെച്ചപ്പോൾ
മസ്കത്ത്: മ്യൂസിയത്തിന്റെ സൗകര്യങ്ങൾക്കുള്ളിൽ സുസ്ഥിര ഊർജരീതികൾ വികസിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള സൗരോർജ പദ്ധതിക്ക് ധനസഹായം നൽകുന്നതിനും നടപ്പാക്കുന്നതിനുമായി ഒമാൻ എക്രോസ് ഏജസ് മ്യൂസിയം ബി.പി ഒമാനുമായി സഹകരണ കരാറിൽ ഒപ്പുവെച്ചു.
800 കിലോവാട്ട് ശേഷിയുള്ളതും മണിക്കൂറിൽ 1300 മെഗാവാട്ട് വാർഷിക ഊർജ ഉൽപാദനം കണക്കാക്കുന്നതുമായ ഒരു ഗ്രിഡ്-കണക്റ്റഡ് സോളാർ സിസ്റ്റം സ്ഥാപിക്കുന്നതാണ് കരാർ. ഇത് പ്രവർത്തനക്ഷമമമാകുന്നതോടെ പ്രതിവർഷം ഏകദേശം 780 ടൺ കാർബൺ ഡൈ ഓക്സൈഡ് ഉദ്വമനം കുറക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സിസ്റ്റം മ്യൂസിയത്തിന്റെ പാരിസ്ഥിതിക കാൽപ്പാട് ഗണ്യമായി കുറക്കുകയും പരിസ്ഥിതി ഉത്തരവാദിത്തത്തോടുള്ള അതിന്റെ പ്രതിബദ്ധതയെ പിന്തുണക്കുകയും ചെയ്യും.
ഒമാനി അസ്തിത്വം ഉയർത്തിക്കാട്ടുക, സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുക, ഭാവിതലമുറകൾക്കായി വിഭവങ്ങൾ സംരക്ഷിക്കുക എന്നീ മ്യൂസിയത്തിന്റെ വിശാലമായ ദേശീയ, സാംസ്കാരികദൗത്യത്തെ ഈ പദ്ധതി പ്രതിഫലിപ്പിക്കുന്നു.
ഒമാൻ എക്രോസ് ഏജസ് മ്യൂസിയത്തിന്റെ ഡയറക്ടർ ജനറൽ എൻജിനീയർ അൽ യഖ്ദാൻ അബ്ദുല്ല അൽ ഹാർത്തിയാണ് മ്യൂസിയത്തിന് വേണ്ടി കരാറിൽ ഒപ്പുവെച്ചത്. മ്യൂസിയം സന്ദർശകർക്കും സൗരോർജ ഗവേഷകർക്കും ഈ സംവിധാനത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അന്തരീക്ഷം പ്രദാനം ചെയ്യുമെന്ന് അദേഹം പറഞ്ഞു.
8000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഉദ്ദേശിക്കുന്ന ഈ സ്ഥാപനത്തിൽ 1292 സോളാർ പാനലുകൾ സ്ഥാപിക്കുമെന്ന് റോയൽ കോർട്ട് അഫയേഴ്സിലെ ഇലക്ട്രിക്കൽ, പുനരുപയോഗ ഊർജ വിദഗ്ധയായ എൻജിനീയർ ഹൈഫ ബിൻത് ഹമദ് അൽ മുഖൽദിപറഞ്ഞു.
പാരിസ്ഥിതിക കാര്യനിർവഹണവും സാംസ്കാരിക പുരോഗതിയും സന്തുലിതമാക്കുന്ന സുസ്ഥിര നിർമാണ ആശയങ്ങളുടെ പ്രാധാന്യം അവർ ഊന്നിപ്പറഞ്ഞു.
ദേശീയസ്ഥാപനങ്ങളിൽ ശുദ്ധമായ ഊർജം സംയോജിപ്പിക്കുന്നതിന് ഈ പദ്ധതി ഒരു മാതൃക സൃഷ്ടിക്കുന്നുവെന്ന് അവർ ചൂണ്ടിക്കാട്ടി.
പുനരുപയോഗ ഊർജം, കാർബൺ ബഹിർഗമനം കുറക്കൽ, ശുദ്ധവും സുസ്ഥിരവുമായ ഊർജ പരിഹാരങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് പൊതുജന അവബോധം വളർത്തൽ എന്നീ മേഖലകളിൽ ഒമാൻ വിഷൻ 2040 ന്റെ ലക്ഷ്യങ്ങളുമായി ഈ കരാർ യോജിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

