പൈതൃകമറിഞ്ഞ് വയോധികർക്കൊരു ഉല്ലാസയാത്ര
text_fields‘ഒമാൻ എക്രോസ് ഏജസ് മ്യൂസിയ’ത്തിൽ എത്തിയ വയോധികർ
മസ്കത്ത്: ദാഖിലിയ ഗവർണറേറ്റിലെ മന വിലായത്തിലെ ‘ഒമാൻ എക്രോസ് ഏജസ് മ്യൂസിയ’ത്തിലേക്ക് വയോധികർക്കായി യാത്ര സംഘടിപ്പിച്ച് ഇഹ്സാൻ അസോസിയേഷൻ. വിവിധ വിലായത്തുകളിൽ നിന്നുള്ള 160 വയോധികർക്ക് ഗൃഹാതുരത്വവും സന്തോഷവും നൽകുന്നതായിരുന്നു യാത്ര. ഒമാന്റെ ചരിത്രവും പാരമ്പര്യവും മനസ്സിലാക്കുന്നതിനോടൊപ്പം അസോസിയേഷൻ അംഗങ്ങൾക്കിടയിൽ സൗഹാർദം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് വിനോദയാത്ര നടത്തിയത്.
ഇഹ്സാൻ അസോസിയേഷന്റെ സംഘാടകനായ സഈദ് ബിൻ അഹമ്മദ് അൽ റവാഹിയുടെ മാർഗനിർദേശപ്രകാരം നിസ്വ, ബഹ്ല, അൽ ഹംറ, ബിദ്ബിദ്, ബിർകത്ത് അൽമുസ്, ജബൽ അഖ്ദർ, മന, ആദം എന്നിവിടങ്ങളിൽനിന്നായിരുന്നു ടൂർ അംഗങ്ങളെ തിരഞ്ഞെടുത്തത്. ചെറിയ ഗ്രൂപ്പുകളായി തിരിച്ചായിരുന്നു മ്യൂസിയത്തിലേക്ക് പ്രവേശിച്ചിരുന്നത്. ഓരോ ഗ്രൂപ്പിനും പ്രത്യേക സമയ സ്ലോട്ട് അനുവദിക്കുകയും ചെയ്തു. വൈകാരികവും അവിസ്മരണീയവുമായ ഓർമകളാണ് പലർക്കും യാത്ര സമ്മാനിച്ചത്.
പൈതൃകവുമായി ഇഴചേർന്ന കാര്യങ്ങൾ മ്യൂസിയത്തിൽ കണ്ടതോടെ പലരുടെയും ഓർമകൾ കുട്ടിക്കാലത്തിലേക്കും യൗവനത്തിലേക്കും തിരിച്ചുപോയെന്ന് പങ്കെടുത്തവർ പറഞ്ഞു. മുൻ ഭരണാധികാരി പരേതനായ സുൽത്താൻ ഖാബൂസിന്റെ ചിത്രങ്ങൾ കണ്ടതോടെ ആദമിൽ നിന്നുള്ള ലത്തീഫ ബിൻത് മാഹിൽ അൽ ഹാഷിമിയുടെ കണ്ണുകൾ ഈറനണിയുകയും ചെയ്തു. സുൽത്താൻ ഖാബൂസിന്റെ കാറുകളും വസ്ത്രങ്ങളും സുഗന്ധങ്ങളും ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ സ്വകാര്യ സ്വത്തുക്കൾ പലർക്കും കൗതുകം നൽകുന്നതായി.
ചരിത്രവും ആധുനികതയും സമന്വയിപ്പിച്ചുള്ള മ്യൂസിയത്തിന്റെ ഉള്ളടക്കത്തെ നിസ്വയിൽനിന്നുള്ള സലിം ബിൻ സഈദ് അൽ സൈഫി നന്ദി അറിയിച്ചു. അന്തരിച്ച സുൽത്താന്റെ അളവറ്റ സംഭാവനകളെ വിലമതിക്കാനും മനസ്സിലാക്കാനും പുതുതലമുറക്ക് ഈ മ്യൂസിയം സഹായകമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ മാർച്ച് 13ന് സുൽത്താൻ ഹൈതം ബിൻ താരിഖാണ് മ്യൂസിയം ഔദ്യോഗികമായി നാടിന് സമർപ്പിച്ചത്. സുൽത്താനേറ്റിന്റെ വിവിധ ഘട്ടങ്ങളിലെ ചരിത്രം, സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ വൈവിധ്യം എന്നിവ പകർന്ന് നൽകുന്ന മേഖലയിലെതന്നെ ഏറ്റവും വലിയ മ്യൂസിയമാണിത്. ഗാലറികൾ, ലൈബ്രറി, ഓഡിറ്റോറിയം, കഫേകൾ, സാമൂഹിക, ഗവേഷണ ഇടങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
ശനിയാഴ്ച മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുമണിവരെയുള്ള സമയങ്ങളിൽ ഇവിടെ എത്താം. പ്രധാന ഗേറ്റ്, വിജ്ഞാന കേന്ദ്രം തുടങ്ങിയവ രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതുവരെ തുറക്കും. റമദാൻ കാലത്ത് ഇത് രാവിലെ 10 മുതൽ രാത്രി ഒമ്പതു വരെയായിരിക്കും. സ്വദേശികൾക്കും ജി.സി.സി പൗരൻമാർക്കും ഒരു റിയാലും പ്രവാസികൾക്ക് രണ്ട് റിയാലുമായിരിക്കും പ്രവേശന ഫീസ്. വിനോദസഞ്ചാരികൾ അഞ്ച് റിയാൽ നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

