പഴയ പടക്കുതിരകൾ വീണ്ടും കളത്തിൽ; ലെജൻഡ് ക്രിക്കറ്റ് തീപ്പാറും
text_fieldsശുഹൈബ് അക്തർ, ചാമിന്ദവാസ്, അഫ്രീദി, ജയസൂര്യ
മസ്കത്ത്: കണ്ണഞ്ചിപ്പിക്കുന്ന ഷോട്ടുകളുതിർക്കാൻ ഓപണർ ബാറ്റ്സ്മാൻമാരായി സനത് ജയസൂര്യയും ശാഹിദ് അഫ്രീദിയും ബൗളിങ് ഡിപ്പാർട്ട്മെന്റിൽ ബാറ്റസ്മാൻമാരെ വട്ടംകറപ്പിക്കാൻ മുത്തയ്യ മുരളീധരൻ, തീതുപ്പുന്ന പന്തുകളുമായി ചാമിന്ദവാസും ശുഹൈബ് അക്തറും... ക്രിക്കറ്റ് ആരാധകരെ ആവേശത്തിെൻറ കൊടുമുടിയിലേക്ക് കൊണ്ടുപോകാൻ വരുകയാണ് പടക്കുതിരകൾ വീണ്ടും. ഒമാനിലെ അൽ അമീറാത്ത് ക്രിക്കറ്റ് ഗ്രൗണ്ടിൽ ജനുവരിയിൽ നടക്കുന്ന പ്രഥമ ലെജൻഡ് ക്രിക്കറ്റ് ലീഗിലാണ് ക്രിക്കറ്റ് മൈതാനങ്ങളെ കോരിത്തരിപ്പിച്ചിരുന്ന ഇതിഹാസങ്ങൾ ഒരു ടീമിനായി കളിക്കാനൊരുങ്ങുന്നത്. പ്രശസ്തരായ പഴയ ക്രിക്കറ്റ് താരങ്ങളെ അണിനിരത്തി ഒരുക്കുന്ന ടൂർണമെന്റിൽ ഏഷ്യ ലയൺസ്, ഇന്ത്യ, റെസ്റ്റ് ഓഫ് ദ വേൾഡ് എന്നിങ്ങനെ മൂന്ന് ടീമുകളാണ് ഉണ്ടാകുക. ഏഷ്യ ലയൺസിെൻറ താരങ്ങളെയാണ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്.
മറ്റ് രണ്ട് ടീമംഗങ്ങളുടെ പ്രഖ്യാപനം വരുംദിവസങ്ങളിൽ നടക്കും. മുൻ ഇന്ത്യൻ ഓൾറൗണ്ടറും ഇന്ത്യൻ ടീമിൻറ കോച്ചുമായിരുന്ന രവി ശാസ്ത്രിയാണ് കമീഷണർ. ഷാഹിദ് അഫ്രീദി, ജയസൂര്യ, മുത്തയ്യ മുരളീധരൻ, ശുഹൈബ് അക്തർ, ചാമിന്ദ വാസ്, റൊമേഷ് കലുവിതരണ, തിലകരത്നെ ദിൽഷൻ, അസ്ഹർ മഹ്മൂദ്, ഉപുൽ തരംഗ, മിസ്ബാ ഉൾ ഹഖ്, മുഹമ്മദ് ഹഫീസ്, ഷൊയ്ബ് മാലിക്, മുഹമ്മദ് യൂസഫ്, ഉമർ ഗുൽ, യൂനിസ് ഖാൻ, അസ്കർ അഫ്കാൻ എന്നീ താരങ്ങളാണ് ഏഷ്യ ലയൺസിെൻറ ജഴ്സിയിൽ അണിനിരക്കുന്നത്. ടൂർണമെന്റിെൻറ ഷെഡ്യൂളുകളും മറ്റ് വിവരങ്ങളും ഉടൻ ലഭ്യമാകും. ലോകകപ്പ് ക്രിക്കറ്റ് ട്വന്റി 20 ടൂർണമെന്റിെൻറ വിജയകരമായ നടത്തിപ്പിന് ശേഷം മറ്റൊരു അന്താരാഷ്ട്ര ടൂർണമെന്റിനാണ് ഒമൻ വേദിയാകാൻ പോകുന്നത്. ഒരു കാലത്ത് ടി.വിയിൽ കണ്ടിരുന്ന ഇഷ്ടതാരങ്ങളെ നേരിട്ട് കാണാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണ് മലയാളികളടക്കമുള്ള ഒമാനിലെ പ്രവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

