പഴയ മസ്കത്ത് വിമാനത്താവളം വിനോദകേന്ദ്രമാക്കി മാറ്റുന്നു
text_fieldsപഴയ മസ്കത്ത് വിമാനത്താവളം
മസ്കത്ത്: പഴയ മസ്കത്ത് വിമാനത്താവളം വിനോദ കേന്ദ്രമാക്കി മാറ്റാൻ അധികൃതർ ഒരുങ്ങുന്നു. വ്യോമയാന-തീം അടിസ്ഥാനമാക്കി പുനർവികസിപ്പിക്കാനുള്ള പദ്ധതികളാണ് രൂപം കൊള്ളുന്നത്. വ്യോമയാന മ്യൂസിയം, ഷോപ്പിങ് സെന്ററുകൾ, റസ്റ്റാറന്റുകൾ, മറ്റ് വിനോദ, വാണിജ്യ ആകർഷണങ്ങൾ എന്നിവയുൾപ്പെടെയുള്ള പദ്ധതികൾ ഇതിൽ ഉണ്ടാകും. ഒമാൻ എയറിന്റെ പ്രാഥമിക കേന്ദ്രമായിരുന്ന ചരിത്രപരമായ സ്ഥലത്തിന് പുതുജീവൻ പകരാൻ നിരവധി നിക്ഷേപ അവസരങ്ങൾ നിർദേശിച്ചിട്ടുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) ചെയർമാൻ നായിഫ് ബിൻ അലി അൽ അബ്രി വെളിപ്പെടുത്തി.
വിമാനത്താവളത്തിന്റെ പൈതൃകത്തെ ആദരിക്കുന്ന തരത്തിൽ സാമ്പത്തികമായി ലാഭകരമായ ഒരു വികസനം സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യമെന്ന് അബ്രി പറഞ്ഞു. പഴയ വിമാനത്താവളത്തെ അതിന്റെ ചരിത്രപരമായ പ്രാധാന്യം നിലനിർത്തിക്കൊണ്ട് ചലനാത്മകമായ ഒരു ലക്ഷ്യസ്ഥാനമാക്കി മാറ്റുക എന്നതാണ് ഈ നിർദേശങ്ങൾ ലക്ഷ്യമിടുന്നത്. നടപ്പിലാക്കുന്നതിനുള്ള ഏറ്റവും അനുയോജ്യവും തന്ത്രപരവുമായ ഓപ്ഷനുകൾ നിർണ്ണയിക്കുന്നതിനുള്ള സമർപ്പിക്കലുകൾ ഒമാൻ എയർപോർട്ട്സ് നിലവിൽ അവലോകനം ചെയ്യുകയണെന്നും അദേഹം പറഞ്ഞു.
1973 ൽ ഉദ്ഘാടനം നടത്തിയ പഴയ എയർപോർട്ട് 2018 ൽ പുതിയ വിമാനത്താവളം പ്രവർത്തനം ആരംഭിക്കുന്നത് വരെ രാജ്യത്തിന്റെ വൈമാനിക കേന്ദ്രമായിരുന്നു. എന്നാൽ പുതിയ വിമാനത്താവളം ആരംഭിച്ചതോടെ പഴയ വിമാനത്താവളം വിസ്മരിക്കപ്പെടുകയായിരുന്നു. എന്നാൽ പുതിയ പദ്ധതി നടപ്പിലാവുന്നതോടെ പഴയ വിമാനത്താവളം വീണ്ടും സജീവമാവും. പഴയ വിമാനത്താവളത്തിന് ഏറെ സൗകര്യങ്ങളുണ്ട്. നഗര കേന്ദ്രത്തിലാണ് ഇത് നിലകൊള്ളുന്നത്. മികച്ച റോഡ് സൗകര്യമുള്ളതിനാൽ യാത്രക്കാർക്ക് എളുപ്പത്തിൽ എത്തിപ്പെടാൻ കഴിയും. സുൽത്താൻ ഖാബൂസ് ഹൈവേയോടും മസ്കത്ത് എക്പ്രസ് വേയോടും ചേർന്ന് കിടക്കുന്നതിനാൽ സാധാരണക്കാർക്ക് പോലും ഏളുപ്പത്തിൽ എത്തിപ്പെടാൻ കഴിയും.
പുതിയ വിമാനത്താവളം, എയർപോർട്ട് ഹൈറ്റ്സ്, മദീനത്ത് ഇർഫാൻ, ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്റർ, നിരവധി മാളുകൾ, ഹോട്ടലുകൾ തുടങ്ങിയ നിരവധി സൗകര്യങ്ങളാണ് പഴയ വിമാനത്താവളത്തിന് ചുറ്റുമുള്ളത്. അതിനാൽ ഈ പദ്ധതി നിക്ഷേപകർക്കും ചില്ലറ വ്യാപാരികൾക്കും റിയൽ എസ്റ്റേറ്റ് ഉടമകൾക്കും ഏറെ പ്രതീക്ഷ നൽകുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

