പഴകിയ മത്സ്യ വിൽപന :മൂന്നുവർഷം തടവും പിഴയും
text_fieldsമസ്കത്ത്: വിൽപനക്കായി കാലാവധി കഴിഞ്ഞ മത്സ്യം സൂക്ഷിച്ച കേസിൽ തടവും പിഴയും ശിക്ഷ. സീബ് പ്രിലിമിനറി കോടതിയാണ് കുറ്റാരോപിതരെ മൂന്നു വർഷം തടവിനും രണ്ടായിരം റിയാൽ പിഴയടക്കാനും ശിക്ഷിച്ചത്. ഗാലയിലെ കമ്പനിയിൽനിന്ന് 659 കിലോ മത്സ്യം പിടിച്ചെടുത്ത കേസിലാണ് കോടതി നടപടി. പിടിച്ചെടുത്ത മത്സ്യം നശിപ്പിക്കാനും കോടതി നിർദേശിച്ചു. കഴിഞ്ഞ വർഷമാണ് സംഭവം. മസ്കത്ത് നഗരസഭക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അധികൃതരും നഗരസഭാ ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിലാണ് മനുഷ്യോപയോഗത്തിന് പറ്റാത്ത മത്സ്യം കണ്ടെടുത്തതെന്ന് വാണിജ്യ തട്ടിപ്പ് നിരോധന വിഭാഗത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. പരിശോധനയിൽ കമ്പനി ഉൽപാദന തീയതി തിരുത്തിയതായി കണ്ടെത്തി. 2015 ആഗസ്റ്റ് ഒന്നിന് ആയിരുന്നു മത്സ്യം വിൽപനക്ക് എത്തിച്ചത്.
ഒരു വർഷം മാത്രമായിരുന്നു കാലാവധി. വിൽപനക്ക് എത്തിച്ച തീയതി 2016 ആഗസ്റ്റ് ഒന്നായി തിരുത്തുകയാണ് ചെയ്തത്. ഉൽപന്നങ്ങൾ കാലാവധി കഴിഞ്ഞതാണെന്ന് തെളിഞ്ഞതിനെ തുടർന്ന് കേസ് പബ്ലിക് പ്രോസിക്യൂഷനും തുടർന്ന് കോടതിയിലേക്കും കൈമാറുകയായിരുന്നു.