ഒ.കെ.പി.എ ഓണാഘോഷം ഇന്ന് റുസ്താഖില്
text_fieldsമസ്കത്ത്: പ്രവാസി മലയാളി ഫോട്ടോഗ്രാഫര്‍മാരുടെ കൂട്ടായ്മയായ ഓവര്‍സീസ് കേരളൈറ്റ് ഫോട്ടോഗ്രഫി അസോസിയേഷന്റെ ഓണാഘോഷം വെള്ളിയാഴ്ച റുസ്താഖില് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിലെ ഫോട്ടോഗ്രാഫര്‍മാരുടെ സംഘടനയായ ഓള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ഗിരീഷ് പട്ടാമ്പി, ജനറല്‍ സെക്രട്ടറി സന്തോഷ് ഫോട്ടോവേള്‍ഡ് എന്നിവര്‍ മുഖ്യാതിഥികളാകും.
30 വര്‍ഷത്തിലധികമായി ഒമാനില്‍ ഫോട്ടോഗ്രഫി രംഗത്ത് തൊഴിലെടുക്കുന്ന മുതിര്‍ന്നവരെ പരിപാടിയില്‍ ആദരിക്കും. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാർഥികള്‍ക്കുള്ള സ്നേഹോപഹാരവും പരിപാടിയില്‍ വിതരണം ചെയ്യും. പഞ്ചവാദ്യം, തിരുവാതിര, നൃത്തം, കലാഭവന്‍ സുധി അവതരിക്കുന്ന വണ്മാന് ഷോ തുടങ്ങി ഒട്ടേറെ കലാപരിപാടികള്‍ ഓണാഘോഷത്തിന്റെ ഭാഗമായി അരങ്ങേറും.
ആഘോഷ പരിപാടികള്‍ക്ക് അനുബന്ധമായി ഒക്ടോബര്‍ രണ്ടാം തീയതി ഇബ്രിയിലും ഏഴാം തീയതി മസ്കത്തിലും ഫോട്ടോഗ്രഫി വര്‍ക്ക്ഷോപ് സംഘടിപ്പിച്ചിട്ടുണ്ട്. ഫോട്ടോഗ്രഫി മേഖലയില്‍ അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്ന സാങ്കേതിക മുന്നേറ്റങ്ങളെക്കുറിച്ച് വളരെ ലളിതമായും സമഗ്രമായും പ്രതിപാദിക്കുന്ന ഫോട്ടോഗ്രഫി വര്‍ക്ക്ഷോപ്പില്‍ പങ്കെടുക്കുന്നതിന് താല്പര്യമുള്ളവര്ക്ക് അവസരമൊരുക്കും.
ഓവര്‍സിസ് കേരളൈറ്റ് ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് പ്രസിഡന്റ് ഷറഫുദ്ദീന് ഒറ്റപ്പാലം, സെക്രട്ടറി കണ്ണന് റുസ്താഖ്, ചീഫ് പ്രോഗ്രാം കോഓഡിനേറ്റര്‍ സുനില്‍ എഫ്.പി മീഡിയ, ഓള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് പ്രസിഡന്റ് ഗിരീഷ് പട്ടാമ്പി, ജനറല്‍ സെക്രട്ടറി സന്തോഷ് ഫോട്ടോവേള്‍ഡ്, ഉപദേശക സമിതി അംഗങ്ങളായ അശോക് കുമാര്‍ ബര്‍ക, മുരളീധരന് ഇബ്രി, പുരുഷന് ഹണിമംഗലം എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

