ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി 54.8 ശതമാനം വർധിച്ചു
text_fieldsമസ്കത്ത്: ഒമാനിൽനിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി ഈ വർഷം 54.8 ശതമാനം വർധിച്ച് ദിവസേന കയറ്റുമതി 29.9 ദശലക്ഷം ബാരലിലെത്തി. കഴിഞ്ഞ ഇതേ കാലയളവിൽ 19.3 ദശലക്ഷം ബാരലായിരുന്നു. ജപ്പാനിലേക്കുള്ള കയറ്റുമതിയിൽ 8.4 ശതമാനത്തിന്‍റെ ഉയർച്ചയാണ് വന്നിട്ടുള്ളത്. തെക്കൻ കൊറിയയിലേക്കുള്ള കയറ്റുമതി 68 ശതമാനം വർധിച്ച് 9.3 ദശലക്ഷം ബാരലുമായി. ഒമാനിൽനിന്ന് ഈ വർഷം ഏറ്റവും കൂടുതൽ എണ്ണ കയറ്റുമതി ചെയ്തത് ചൈനയിലേക്കാണ്. മൊത്തം കയറ്റുമതിയുടെ 77 ശതമാനവും ഇവിടേക്കാണ് കയറ്റുമതി ചെയ്യുന്നത്. ചൈനയിലേക്കുള്ള കയറ്റുമതിയും 7.1 ശതമാനം വർധിച്ചു.
ഈ വർഷം ആദ്യ എട്ട് മാസങ്ങളിൽ 167.5 ദശലക്ഷം ബാരൽ എണ്ണയാണ് ചൈനയിലേക്ക് കയറ്റുമതി ചെയ്തതത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ചൈനയിലേക്ക് 156.4 ദശലക്ഷം ബാരൽ കയറ്റി അയച്ചിരുന്നു.
അതേസമയം, രാജ്യത്തെ അസംസ്കൃത എണ്ണ കയറ്റുമതി ഈ വർഷം ആദ്യ എട്ട് മാസങ്ങളിൽ മുൻവർഷത്തെക്കാൾ 15.4 ശതമാനം വർധിച്ചു.
ഈ വർഷം എണ്ണ കയറ്റുമതി ദിവസേന 217.3 ദശലക്ഷം ബാരലായിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 188.3 ദശലക്ഷം ബാരലായിരുന്നു ഇത്. ആദ്യ എട്ട് മാസങ്ങളിലെ ശരാശരി എണ്ണ വിലയിലും 40 ശതമാനം വർധനവുണ്ട്. ശരാശരി എണ്ണ വില ബാരലിന് 95.3 ഡോളറാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 67.9 ഡോളറായിരുന്നു. ഒമാൻ എണ്ണ ഉൽപാദനവും ഈ വർഷം വർധിച്ചിട്ടുണ്ട്. ഈ വർഷം ആഗസ്റ്റുവരെ ഉൽപാദനത്തിൽ പത്ത് ശതമാനം വർധനയുണ്ടായി. 1.06 ദശലക്ഷം ബാരലാണ് ദിവസവും അധികം ഉൽപാദിപ്പിച്ചത്.
ഈ കാലയളവിൽ 233 ദശലക്ഷം ബാരലിൽ നിന്ന് 257 ദശലക്ഷം ബാരലായി ഉയർന്നു. ഒമാൻ എണ്ണ വില റഷ്യ-യുക്രൈയ്ൻ യുദ്ധത്തെ തുടർന്ന് കുത്തനെ ഉയരുകയും കഴിഞ്ഞ എട്ട് വർഷത്തിനുള്ളിലെ ഏറ്റവും ഉയർന്ന
നിരക്കിലെത്തുകയും ചെയ്തിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ ഒമാൻ എണ്ണ വില കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

