ഒ.ഐ.സി.സിയിൽ സംഘടന തെരഞ്ഞെടുപ്പ് ഉടൻ -ബെന്നി ബെഹനാൻ എം.പി
text_fieldsഓണാഘോഷ പരിപാടി ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
മസ്കത്ത്: ഒ.ഐ.സി.സിയിൽ പ്രസിഡന്റ് സ്ഥാനം ഉൾപ്പെടെ എല്ലാ ഭാരവാഹിത്വങ്ങളിലേക്കും ഉടൻതന്നെ ജനാധിപത്യരീതിയിൽ തെരഞ്ഞെടുപ്പ് നടത്തുമെന്ന് കോൺഗ്രസ് നേതാവും എം.പിയുമായ ബെന്നി ബെഹനാൻ പറഞ്ഞു. ഒ.ഐ.സി.സി ഒമാൻ മുൻ പ്രസിഡന്റ് സിദ്ദീഖ് ഹസ്സന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ മതേതരത്വ, ജനാധിപത്യമൂല്യങ്ങളെല്ലാം അട്ടിമറിക്കപ്പെടുന്ന സാഹചര്യത്തിൽ കോൺഗ്രസിനെ ജനങ്ങൾ ഏറ്റവും പ്രതീക്ഷയോടെ നോക്കിക്കാണുകയാണ്.
ഈ സാഹചര്യത്തിൽ ആരുംതന്നെ കോൺഗ്രസ് വിട്ടുപോകാനോ ആരെയും അകറ്റിനിർത്താനോ പോകുന്നില്ല. ഒ.ഐ.സി.സി എന്നത് ആയിരമായിരം പാർട്ടി അനുഭാവികളുടെ ആത്മാർഥതയുടെ ഫലമായി ഉയർന്നുവന്ന സംഘടനയാണ്. അതിനെ തകർക്കാൻ ആരെയും അനുവദിക്കില്ല. താൻ ഇവിടെ വരണം എന്ന് ആഗ്രഹിച്ചവരെപോലെ വരരുത് എന്ന് ആഗ്രഹിച്ചവരും ഉണ്ടായിരുന്നു. അതിനാൽ വരുന്നതിനുമുമ്പ് ഞാൻ കെ.പി.സി.സി അധ്യക്ഷൻ സുധാകരനുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ ഉത്തമബോധ്യത്തോടുകൂടിയാണ് താനിത് പറയുന്നത് എന്നും ബെന്നി ബെഹനാൻ കൂട്ടിച്ചേർത്തു. റൂവി ഗോൾഡൻതുലിപ് ഹോട്ടലിൽ നടന്ന ചടങ്ങിൽ സിദ്ദീഖ് ഹസ്സൻ അധ്യക്ഷത വഹിച്ചു.
ആരുമായും ഏറ്റുമുട്ടലിനോ സംഘർഷത്തിനോ ഇല്ലെന്നും കോൺഗ്രസിനെ ശക്തിപ്പെടുത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഐ.ഒ.സി ഒമാൻ ഘടകം പ്രസിഡന്റ് ഡോ. ജെ. രത്നകുമാർ, മുൻകാല ഒ.ഐ.സി.സി നേതാക്കളായ, സി.എം. സിദാർ, ധർമൻ പട്ടാമ്പി, ദിബീഷ് ബേബി, റഷീദ രാജൻ, പ്രിയാ ധർമൻ, കെ.കെ. ഷംസുദ്ദീൻ, ആരോഗ്യമേഘലയിൽ പ്രവർത്തിക്കുന്ന ദീപ ബെന്നി, ബിനി ജോളി, പോളിൻ കുര്യാക്കോസ്, ഡോ. രഞ്ജു എന്നിവരെ ചടങ്ങിൽ ആദരിച്ചു. ആദർശ് ചിറ്റാരിന്റെ നേതൃത്വത്തിൽ ഞാറ്റുവേലക്കൂട്ടം സംഘം അവതരിപ്പിച്ച നാടൻപാട്ടുകളും അരങ്ങേറി. ലിജോ കടന്തോട്ട് സ്വാഗതവും പ്രിട്ടു സാമുവൽ നന്ദിയും പറഞ്ഞു.
കുര്യാക്കോസ് മാളിയേക്കൽ, ഹൈദ്രോസ് പുതുവന, അനീഷ് കടവിൽ, നസീർ തിരുവന്ത്ര, ഷഹീർ അഞ്ചൽ, മനാഫ് തിരുന്നാവായ, ബഷീർ കുന്നുംപുറം, ഗോപകുമാർ വേലായുധൻ, ഹംസ അത്തോളി, ഹരിലാൽ വൈക്കം, മോഹൻ പുതുശ്ശേരി, നിധീഷ് മാണി, നൂറുദ്ദീൻ പയ്യന്നൂർ, സജി ഏനാത്ത്, സന്ദീപ് സദാശിവൻ, സതീഷ് പട്ടുവം, ഷരീഫ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

