ഒമാനിൽ ശരത്കാലത്തിന് ഇന്ന് ഔദ്യോഗിക തുടക്കം
text_fieldsമസ്‌കത്ത്: ഒമാനിൽ ബുധനാഴ്ച മുതൽ ശരത്കാലത്തിന് തുടക്കമാകും. ഇതോടെ ഭൂമിയുടെ ഉത്തരാർധഗോളത്തിൽ ശരത്കാലം ഔദ്യോഗികമായി ആരംഭിക്കുകയാണെന്ന് ഒമാൻ അസ്ട്രോണമിക്കൽ ആൻഡ് സ്പേസ് സൊസൈറ്റി അംഗം അൽ റീം ഹമദ് അൽ മാലികി അറിയിച്ചു. ഇതോടൊപ്പം ദോഫാർ ഗവർണറേറ്റിൽ നിലവിലുണ്ടായിരുന്ന ഖരീഫ് കാലാവസ്ഥയുടെ സ്വാധീനം കുറയുകയും ചെയ്യും. ഒമാൻ സമയം ബുധനാഴ്ച പുലർച്ചെ 4.05-നാണ് ശരത്കാല വിഷുവം സംഭവിക്കുന്നത്. ബുധനാഴ്ച മസ്‌കത്തിൽ സൂര്യൻ പുലർച്ചെ 5.55-ന് ഉദിക്കുകയും വൈകുന്നേരം 6.03-ന് അസ്തമിക്കുകയും ചെയ്യും.
അന്തരീക്ഷ അപവർത്തനം മൂലമാണ് സൂര്യോദയത്തിന് മുമ്പും സൂര്യാസ്തമയത്തിന് ശേഷവും സൂര്യപ്രകാശം ദൃശ്യമാകുന്നത്. അതിനാൽ ബുധനാഴ്ച പകലിന് 12 മണിക്കൂറും ഏഴു മിനിറ്റും ദൈർഘ്യമുണ്ടാകും. എന്നാൽ പകലും രാവും കൃത്യം 12 മണിക്കൂർ വീതമായി തുല്യമാകുന്ന ‘ഇക്വിലക്സ്’ പ്രതിഭാസം ഒമാനിൽ സെപ്തംബർ 28 നാണ് അനുഭവപ്പെടുക. അന്ന് രാവിലെ 5.57-ന് ഉദിക്കുന്ന സൂര്യൻ കൃത്യം വൈകുന്നേരം 5.57-ന് അസ്തമിക്കും. ഭൂമധ്യരേഖയുമായുള്ള ഒമാന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം കാരണമാണ് ഈ അപുർവത സംഭവിക്കുന്നത്.
ശരത്കാല വിഷുവത്തോടെ (ഇക്വിനോക്സ്) ഉത്തരാർദ്ധഗോളത്തിൽ പകലിന്റെ ദൈർഘ്യം കുറയുകയും രാത്രിയുടെ ദൈർഘ്യം കൂടുകയും ചെയ്യും. ഡിസംബറിലെ ശീതകാല അറുതി വരെ ഈ മാറ്റം തുടരും. അന്ന് വർഷത്തിലെ ഏറ്റവും കുറഞ്ഞ പകലും നീളമേറിയ രാത്രിയുമായിരിക്കും അനുഭവപ്പെടുക.
ജ്യോതിശാസ്ത്രപരമായി ശരത്കാലം ആരംഭിച്ചാലും താപനിലയിൽ പെട്ടെന്ന് കുറവുണ്ടാകില്ലെന്ന് അൽ മാലികി വ്യക്തമാക്കി. കാറ്റിന്റെ ചലനം, വായുപ്രവാഹം, പ്രാദേശിക ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ എന്നിവയെ ആശ്രയിച്ചായിരിക്കും താപനില മാറുന്നത്. സെപ്തംബർ 22, 23 തീയതികളിൽ സൂര്യൻ കൃത്യമായി കിഴക്കുദിച്ചു പടിഞ്ഞാറ് അസ്തമിക്കുന്നതിനാൽ ദിശയറിയാൻ എളുപ്പമാണ്. ഇതേസമയം ഭൂമധ്യരേഖാ പ്രദേശങ്ങളിൽ ഉച്ചക്ക് നിഴലുകൾ ഇല്ലാതാകുന്ന ‘സീറോ ഷാഡോ ഡേ’ പ്രതിഭാസവും ദൃശ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

