യമനികൾക്ക് കരുതലിന്റെ കരസ്പർശവുമായി ഒ.സി.ഒ
text_fieldsമസ്കത്ത്: വിശുദ്ധ റമദാനിൽ യമനികൾക്ക് കരുതലിന്റെ കരങ്ങൾ ഒരുക്കി ഒമാൻ ചാരിറ്റബ്ൾ ഓർഗനൈസേഷൻ (ഒ.സി.ഒ). യമനിലെ അൽ മഹ്റ ഗവർണറേറ്റിലും അതിന്റെ സമീപ പ്രദേശങ്ങളിലുമായി 27,900 ഇഫ്താർ കിറ്റുകളാണ് വിതരണം ചെയ്തത്.
ഇതിൽ സുൽത്താനേറ്റിൽ ദോഫാർ ഗവർണറേറ്റിലെ അൽ മസിയൂന വിലായത്തിൽ കഴിയുന്ന യമൻ നിവാസികൾക്കുള്ള 1500 പാർസലുകൾ ഉൾപ്പെടും. യമനിലെ ആഭ്യന്തര സംഘർഷത്തിനിടെ കൈകാലുകൾ നഷ്ടപ്പെട്ടവർക്കുള്ള കൃത്രിമ ഉപകരണങ്ങൾക്കായാണ് ഇവർ ഇവിടെ താമസിക്കുന്നത്.
നൂറോളം ട്രക്കുകളിലും ട്രെയിലറുകളിലുമായാണ് ആളുകൾക്ക് ഭക്ഷണം എത്തിച്ചത്.
കിറ്റുകളിൽ അരി, ഈത്തപ്പഴം, പഞ്ചസാര, മൈദ, പാചക എണ്ണ, പാസ്ത, ചായപ്പൊടി എന്നിവയാണുള്ളത്. ഒരു മാസം മുഴുവൻ ഒരു കുടുംബത്തിന് കഴിയാവുന്നതാണ് കിറ്റിലുള്ളതെന്ന് ഒ.സി.ഒ പ്രതിനിധികൾ പറഞ്ഞു.
യമനിലെ അൽ മഹ്റ ഗവർണറേറ്റിലും ഒമാനിലെ അൽ മസ്യൂനയിലും 27,900 ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തതായി ഒ.സി.ഒ പ്രതിനിധി അഹമ്മദ് അൽ ഹത്താലി പറഞ്ഞു. മറ്റു രാജ്യങ്ങളിൽ ഇപ്പോഴും വിതരണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റമദാന്റെ തുടക്കത്തിൽതന്നെ ഒമാനിലെ സാധാരണക്കാരായ കുടുംബങ്ങൾക്ക് 35,000 കൂപ്പണുകൾ ഒ.സി.ഒ വിതരണം ചെയ്തിരുന്നു. ഈ കൂപ്പൺ മുഖേന ഒരു കുടുംബത്തിന് ഒരു മാസത്തേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യവസ്തുക്കളും വാങ്ങാൻ കഴിയും. സർക്കാറിന്റെ പിന്തുണയും ജനങ്ങളുടെ സംഭാവനയും കാരണം ജീവകാരുണ്യപ്രവർത്തനങ്ങൾ സുഗമമായി നടന്നുവെന്ന് ഒ.സി.ഒ പ്രതിനിധി അഹമ്മദ് അൽ ഹത്താലി പറഞ്ഞു. ഇഫ്താർ പരിപാടികൾക്കായി ഈ മാസം ആദ്യംതന്നെ സംഭാവനകൾ സ്വീകരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
റമദാനിൽ ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് www.donate.om എന്ന ഒ.സി.ഒയുടെ വെബ്സൈറ്റ് വഴി നൽകാവുന്നതാണെന്ന് അധികൃതർ അറിയിച്ചു. കോവിഡ് സഹായം, ഇഫ്താർ, റമദാൻ സാധനങ്ങൾ വാങ്ങൽ, ഈദ് വസ്ത്രങ്ങൾ, അനാഥ പരിപാലനം, കുടുംബങ്ങൾക്കുള്ള പിന്തുണ, പള്ളിയിലേക്കുള്ള സംഭാവന, മെഡിക്കൽ, സാമൂഹികക്ഷേമം, സിറിയയിലെയും യമനിലെയും സഹായങ്ങൾ തുടങ്ങി വിവിധങ്ങളായ ജീവകാരണ്യപ്രവർത്തനങ്ങളാണ് ഒ.സി.ഒ നടത്തിവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

