പെരുന്നാൾ അവധി: പ്രാദേശിക വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ ഉണർവ്
text_fieldsഫാം ഹൗസിൽ പെരുന്നാൾ അവധി ആഘോഷിക്കുന്നവർ
മസ്കത്ത്: പെരുന്നാൾ അവധിയുടെ ഭാഗമായി രാജ്യത്തെ വിനോദ സഞ്ചാരമേഖലകളിൽ ഉണർവ് അനുഭവപ്പെട്ടു. ഞായറാഴ്ച മുതൽ എല്ലാ വിനോദ സഞ്ചാരകേന്ദ്രങ്ങളിലും നിരവധി ആളുകളാണ് എത്തിയത്. പ്രധാന കോട്ടകളിലും ബീച്ചുകളിലും തിരക്ക് പതിൻ മടങ്ങായി. മസ്കത്തിലെ ഖുറം ബീച്ച് അടക്കമുള്ളയിടങ്ങളും മത്രം കോർണീഷും ജനത്തിരക്കിൽ വീർപ്പു മുട്ടി. രണ്ട് ദിവസമായി അനുഭവപ്പെടുന്ന ചൂടിന് ചെറിയ ശമനമുണ്ടായത് സന്ദർശകർക്ക് വലിയ അനുഗ്രഹമായി.
അവധി ആരംഭിച്ചേതാടെ സംഘടനകളും കൂട്ടായ്മകളും പിക്നിക്കുകളും അവധി യാത്രകളും സംഘടിപ്പിക്കുന്നുണ്ട്. ഇതോടെ മസ്കത്ത് മേഖലയിലെ ഖുറിയാത്ത് ഡാമിലും മസ്കത്ത് പാലസിലും തിരക്ക് വർധിച്ചു. ഖുറിയാത്ത് ഡാമിൽ അവധി ആഘോഷിക്കാൻ നൂറു കണക്കിന് പേരാണ് ഞായറാഴ്ച എത്തിയത്. രാവിലെ മുതൽ ഡാമിലെത്തി ആഘോഷ പരിപാടികൾ നടത്തിയവരും നിരവധിയാണ്. മത്ര കോർണീഷിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ വൻ തിരക്ക് തന്നെ അനുഭവപ്പെട്ടു. സാധാരണക്കാർക്ക് എളുപ്പത്തിൽ എത്തിപ്പെടാൻ കഴിയുന്നതിനാൽ മത്ര കോർണീഷ് പെരുന്നാൾ തിരക്കിൽ വീർപ്പു മുട്ടി.
വാദീ ബനീ ഖാലിദ്, സൂറിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങൾ, വാദീ ഹുകൈൻ, ജബൽ അഖ്ദർ, നിസ്വ, നിസ്വ കോട്ട എന്നിവിടങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്. ജബൽ അഖ്ദറിൽ പനിനീർ പൂക്കളുടെ സീസണാണ്. പനിനീർ പൂക്കളുടെ തോട്ടങ്ങളും കാണാനും റോസ് വാട്ടൽ ഉൽപാദനം അറിയാനും നിരവധി പേർ എത്തുന്നുണ്ട്. ഇതേ മേഖലയിൽ ബിർകത്തുൽ മൗസ്, നിസ്വ, ബഹ്ല, ഖദറ, സുവൈഖ് എന്നിവിടങ്ങളിലെ പ്രധാന തോട്ടങ്ങളും മറ്റും കാണാനും ആളുകളെത്തുന്നുണ്ട്.
ആഘോഷം ഫാം ഹൗസുകളിൽ
ഫാം ഹൗസുകളിലാണ് ഇപ്പോൾ കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്. പിക്നിക്കുകളും ഒത്തുകൂടലിനും സൗകര്യമുള്ള നിരവധി ഫാം ഹൗസുകൾ ഒമാനിലുണ്ട്. ഖദറ, മുസന്ന മേഖലയിലാണ് കൂടുതൽ ഫാം ഹൗസുകളുള്ളത്. ഒരു ദിവസത്തേക്ക് നൂറ് റിയാലും അതിനടുത്തുമാണ് നിരക്കുകൾ. സീസണായതോടെ നിരക്കുകൾ വർധിച്ചിട്ടുണ്ട്.
റമദാൻ കഴിഞ്ഞതോടെ ഇവയുടെ ഡിമാൻഡ് വർധിച്ചു. ചുരുങ്ങിയത് 200 പേർക്കെങ്കിലും ഒത്തുചേരാൻ കഴിയുന്നതാണ് ഇത്തരം ഫാം ഹൗസുകൾ. ഇവിടങ്ങളിൽ കായിക വിനോദങ്ങൾ മറ്റ് വിനോദങ്ങൾക്കും സൗകര്യമുണ്ട്. ചെറിയ പൂന്തോട്ടങ്ങളും നീന്തൽ കുളവും പക്ഷികൾ അടക്കമുള്ള വളർത്തു മൃഗങ്ങളും ഉള്ള സൗകര്യങ്ങൾ ഫാമുകളിലുണ്ട്. കുട്ടികൾക്ക് കളിക്കാനുള്ള സൗകര്യങ്ങൾ, ഭക്ഷണം പാകം ചെയ്യാനും വിശ്രമിക്കാനുമുള്ള സൗകര്യങ്ങൾ അടക്കം ഒരു പിക്നിക്കിന് പറ്റിയ എല്ലാ അന്തരീക്ഷവും ഉള്ളതാണ് പലർക്കും ഫാം ഹൗസുകൾ ആകർഷകമാവുന്നത്.
അയൽ രാജ്യങ്ങളിൽനിന്ന് നിരവധിപേർ
അവധി ആരംഭിച്ചതോടെ അയൽ രാജ്യങ്ങളിൽ നിന്നും നിരവധി പേരാണ് ഒമാനിലെത്തിയത്. യു.എ.ഇയിൽനിന്നാണ് കുടുംബസമേതം കൂടുതലായി ആളുകളെത്തുന്നത്. ഇത് പൊതുവെ നഗരങ്ങളിലും വിനോദ സഞ്ചാരകേന്ദ്രങ്ങളിലും തിരക്ക് വർധിപ്പിക്കുന്നുണ്ട്. നാട്ടിൽ നിന്ന് സ്കൂൾ അവധിക്ക് ഒമാനിലെത്തിയതും നിരവധി കുടുംബങ്ങളാണ്. ഇവരിൽ പലരും റമദാനിലാണ് ഒമാനിലെത്തിയത്. പെരുന്നാൾ എത്തിയതോടെയാണ് ഇവർക്ക് വിനോദ സഞ്ചാരകേന്ദ്രങ്ങൾ സന്ദർശിക്കാൻ കഴിഞ്ഞത്.
പെരുന്നാൾ അവധിയായതോടെ പൊതു ഗതാഗത മേഖലയിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പ്രധാന പൊതു ഗതാഗത സംവിധാനമായ മുവാസലാത്തിലും വൻ തിരക്ക് അനുഭവപ്പെട്ടു. റൂവി ബസ്സ്റ്റാൻഡിലും പരിസരത്തും വൻ തിരക്കാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ അനുഭവപ്പെട്ടത്. തിരക്ക് കുറക്കാൻ കൂടുതൽ സർവിസുകൾ ഒരുക്കുന്നതടക്കമുള്ള നടപടികൾ അധികൃതർ സ്വീകരിച്ചിരുന്നു. ടാക്സികളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. രാത്രി ഏറെ വൈകുന്നത് വരെ ടാക്സികൾ സർവിസ് നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

