ഇനി ഇവരുടെ പെരുന്നാളും കളറാകും
text_fieldsകസ്വത്തുൽ ഈദ് പ്രദർശനം സബ്ലത്ത് മത്രയിൽ ഉദ്ഘാടനം ചെയ്തപ്പോൾ
മസ്കത്ത്: വിളിപ്പാടകലെ വന്നെത്തി നിൽക്കുന്ന ഈദുൽ ഫിത്റിനെ വരവേൽക്കാനായി പുത്തൻ വസ്ത്രങ്ങളും മറ്റും വാങ്ങാനുള്ള ഒരുക്കത്തിലാണ് പലരും. ഇത്തരത്തിൽ പെരുന്നാളിനെ 'കളറാ'ക്കുമ്പോൾ ഇതൊക്കെ അന്യമായ ഒരു വിഭാഗം നമുക്ക് ചുറ്റുമുണ്ട്. അത്തരക്കാർക്ക് കൈത്താങ്ങായിരിക്കുകയാണ് സബ്ലത്ത് മത്രയിലെ പ്രദർശനം. കസ്വത്തുൽ ഈദ് (ഈദിന് പുതുവസ്ത്രങ്ങൾ) എന്ന പേരിൽ തുടങ്ങിയ പ്രദർശനത്തിൽനിന്ന് സാധാരണക്കാർക്ക് പെരുന്നാൾ വസ്ത്രങ്ങളും മറ്റ് അനുബന്ധ സാധനങ്ങളും സൗജന്യമായി എടുക്കാം. പ്രദർശനം നിരവധി ഉദ്യോഗസ്ഥരുടെയും വിശിഷ്ട വ്യക്തിത്വങ്ങളുടെയും സാന്നിധ്യത്തിൽ മത്ര വാലി അഹമ്മദ് ബിൻ ഹിലാൽ അൽ ബുസൈദി ഉദ്ഘാടനം ചെയ്തു.
മത്ര ചാരിറ്റി ടീമും അൽ റഹ്മ അസോസിയേഷൻ ഫോർ മദർഹുഡ് ആൻഡ് ചൈൽഡ്ഹുഡ് കെയറും സംയുക്തമായാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും വൈവിധ്യമാർന്ന പുതിയ വസ്ത്രങ്ങൾ, ബാഗുകൾ, ഷൂസുകൾ, സുഗന്ധദ്രവ്യങ്ങൾ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്. മത്ര വിലായത്തിലെ സാധാരണക്കാരായ കുടുംബങ്ങൾക്ക് പുറമെ സാമൂഹിക സുരക്ഷ വിഭാഗത്തിലും അൽ റഹ്മ അസോസിയേഷനിലും രജിസ്റ്റർ ചെയ്തിട്ടുള്ള അനാഥരെയുമാണ് പ്രദർശനം പ്രധാനമായും ലക്ഷ്യമിടുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ചെറിയ പെരുന്നാൾ ആഘോഷിക്കാൻ ആവശ്യമായ വസ്ത്രങ്ങളും മറ്റ് വസ്തുക്കളും ഞങ്ങൾ നൽകുന്നുണ്ടെന്ന് മത്ര ചാരിറ്റി ടീം സി.ഇ.ഒ അസദ് അൽ ഖഞ്ജരി പറഞ്ഞു. സ്ത്രീകളും ആൺ-പെൺകുട്ടികളെയുമാണ് പ്രധാനമായും ഞങ്ങൾ ലക്ഷ്യമിട്ടിരിക്കുന്നത്. രജിസ്റ്റർ ചെയ്ത ആളുകൾക്ക് എല്ലാം സൗജന്യമാണെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരായ കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യത ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം പരിപാടി ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

