പരസ്യ നോട്ടീസുകളുടെ വിതരണം നിയന്ത്രിക്കാൻ ഒരുങ്ങി മസ്കത്ത് നഗരസഭ
text_fieldsമസ്കത്ത്: പരസ്യനോട്ടീസുകളുടെയും ലീഫ്ലെറ്റുകളുടെയും ഫ്ലെയറുകളുടെയും വിതരണത്തിന് നിയന്ത്രണമേർപ്പെടുത്താൻ മസ്കത്ത് നഗരസഭയുടെ ആലോചന. ഇവ വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങൾക്കുള്ള അനുമതി നിർത്തലാക്കുന്നതോ അല്ലെങ്കിൽ പരസ്യനോട്ടീസുകൾ നിരോധിത സ്ഥലങ്ങളിൽ വെക്കുന്നതിനെതിരെ നടപടി കർക്കശമാക്കുന്നതോ ആണ് നഗരസഭയുടെ പരിഗണനയിലുള്ളത്. കഴിഞ്ഞദിവസം നടന്ന നഗരസഭ ആരോഗ്യ, സാമൂഹിക, പരിസ്ഥിതികാര്യ കമ്മിറ്റിയുടെ ഇൗ വർഷത്തെ ആറാമത്തെ യോഗം നോട്ടീസുകളുടെ വിതരണം നിരോധിക്കുന്നതിനുള്ള നിർദേശം ചർച്ച ചെയ്തു.
നഗരഭംഗിയെയും ശുചിത്വത്തെയും മോശമായി ബാധിക്കുന്നതാണ് ഇത്തരം പ്രവർത്തനങ്ങളെന്ന് അംഗങ്ങൾ വിലയിരുത്തി. ശുചീകരണ വിഭാഗത്തിെൻറ ജോലി ഭാരവും ഇത് മൂലം വർധിക്കുന്നു. നഗരസഭാ നിയമത്തിെൻറ ഏഴാമത് ആർട്ടിക്കിളിലെ 25/29 പ്രകാരം പള്ളികൾ, ആരാധന സ്ഥലങ്ങൾ, സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലങ്ങൾ, കെട്ടിടങ്ങൾ, പാർക്കുകൾ, പാലങ്ങൾ, വിളക്കുകാലുകൾ തുടങ്ങിയ സ്ഥലങ്ങൾ സാധനങ്ങളുടെയോ സേവനങ്ങളുടെയോ നേരിട്ടുള്ള പരസ്യത്തിന് വിനിയോഗിക്കാൻ പാടില്ല. ഇത്തരം സ്ഥലങ്ങൾക്കൊപ്പം സ്വകാര്യ വാഹനങ്ങളിലും ഫ്ലാറ്റുകളിലും പരസ്യ നോട്ടീസുകളും ലീഫ്ലെറ്റുകളും കൊണ്ടുവന്ന് വിതറിയിടുന്ന അവസ്ഥയാണ് ഉള്ളത്.
ഇത്തരം പ്രവണതകൾക്ക് തടയിടാൻ ലീഫ്ലെറ്റ് വിതരണത്തിനുള്ള പെർമിറ്റ് നിർത്തലാക്കിയ ശേഷം ഇലക്ട്രോണിക് പരസ്യരീതി പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിർദേശമാണ് അംഗങ്ങൾ ചർച്ച ചെയ്തത്. ഇതിനൊപ്പം ഫ്യുവൽ സ്റ്റേഷനുകളിൽ ക്ലീനറുടെ തസ്തിക നിർബന്ധമാക്കുന്നത് സംബന്ധിച്ച നിർദേശവും യോഗം ചർച്ച ചെയ്തു. ഇന്ധന സ്റ്റേഷനിലെ സൗകര്യങ്ങൾക്ക് ഒപ്പം ചുറ്റുവട്ടത്തുള്ള കടകളും റോഡും ശുചിയായി സൂക്ഷിക്കുകയാണ് ദൗത്യം. പൊതുശുചിത്വം ഉറപ്പുവരുത്തുന്നതിനുള്ള നിർദേശത്തെ യോഗം അംഗീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
