വടക്കൻ ശർഖിയ മുന്തിരി ഉത്സവം 16 മുതൽ
text_fieldsമസ്കത്ത്: വടക്കൻ ശർഖിയ ഗവർണറേറ്റിൽ മുന്തിരി ഉത്സവം ജൂൺ 16 മുതൽ നടക്കും. പ്രാദേശിക കൃഷിയെ പിന്തുണക്കുക, മുന്തിരി കൃഷി പ്രോത്സാഹിപ്പിക്കുക, യുവാക്കളുടെ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം.
കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയവുമായി സഹകരിച്ച് വടക്കൻ ശർഖിയ ഗവർണറുടെ ഓഫിസ് സംഘടിപ്പിക്കുന്ന മുന്തിരി ഉത്സവം ഒമാന്റെ കാർഷിക ഭൂപ്രകൃതിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. സുൽത്താനേറ്റിൽ ഏറ്റവും വ്യാപകമായി കൃഷി ചെയ്യപ്പെടുന്നതും വാണിജ്യപരമായി പ്രതീക്ഷ നൽകുന്നതുമായ ഫലവിളകളിൽ ഒന്നാണ് മുന്തിരി.
ഒമാനി മുന്തിരിയുടെ വിപണനം, അവയുടെ സാമ്പത്തികശേഷിയെക്കുറിച്ച് അവബോധം വളർത്തൽ, മുന്തിരി കൃഷിയെ ഒരു ലാഭകരമായ ബിസിനസായി കാണാൻ യുവാക്കളെ പ്രോത്സാഹിപ്പിക്കൽ എന്നിവക്ക് ഈ പരിപാടി അവസരം നൽകുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
ഭക്ഷ്യസുരക്ഷക്കും ദേശീയ സമ്പദ്വ്യവസ്ഥക്കും സംഭാവന നൽകുന്ന കാർഷിക പദ്ധതികൾക്ക് ഈ ഉത്സവം ഒരു ഉത്തേജനം നൽകുമെന്ന് ഒരു വക്താവ് പറഞ്ഞു. ഗവർണറേറ്റിലെ നിരവധി വിലായത്തുകളിൽ വ്യാപകമായി കൃഷി ചെയ്യുന്ന മുന്തിരിയുടെ ഉൽപാദനത്തിലും വിപണനത്തിലും നിക്ഷേപം നടത്തി കാർഷിക സംരംഭകത്വത്തിലേക്ക് കടക്കാൻ ഒമാനി യുവാക്കളെ പ്രചോദിപ്പിക്കുന്നതിനുള്ള ഒരു വേദിയായും ഇത് പ്രവർത്തിക്കും.
ഈ പരിപാടി നൂതനാശയങ്ങൾ പ്രദർശിപ്പിക്കുകയും പ്രാദേശിക കർഷകരുടെ വിജയഗാഥകൾ ഉയർത്തിക്കാട്ടുകയും സാങ്കേതിക പരിജ്ഞാന കൈമാറ്റം പ്രോത്സാഹിപ്പിക്കുകയും ചെയ്യും. മേഖലയുടെ സാധ്യതകളെക്കുറിച്ചുള്ള സമൂഹ അവബോധം പ്രോത്സാഹിപ്പിക്കുക, മുന്തിരി കൃഷി മേഖലകൾ വികസിപ്പിക്കുക, വരും വർഷങ്ങളിൽ വാർഷിക ഉൽപാദനം മെച്ചപ്പെടുത്തുക എന്നിവയും സംഘാടകർ പ്രതീക്ഷിക്കുന്നു. സ്വകാര്യ മേഖലയുടെ പങ്കാളിത്തം ആകർഷിക്കുക, കാർഷിക അസോസിയേഷനുകളുമായി ഏകോപിപ്പിച്ച് കരാർ കൃഷി എന്ന ആശയം വികസിപ്പിക്കുക എന്നിവയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
ഈ നടപടികൾ ഒമാനികൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ഗ്രാമവികസനത്തിൽ ഈ മേഖലയുടെ പങ്ക് ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് സംഘാടകർ കണക്ക് കൂട്ടുന്നു. മുന്തിരി ഉൽപന്നങ്ങളുടെയും കരകൗശല വസ്തുക്കളുടെയും പ്രദർശനങ്ങൾ, കൃഷി രീതികളെക്കുറിച്ചുള്ള വിദഗ്ദ്ധരുടെ നേതൃത്വത്തിലുള്ള ചർച്ചകൾ, സാംസ്കാരിക മത്സരങ്ങൾ, കുട്ടികൾക്കുള്ള വിനോദ പരിപാടികൾ എന്നിവ ഉത്സവ പ്രവർത്തനങ്ങളിൽ ഉൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

