സുഹാറിൽ 44.7 ഡിഗ്രി സെൽഷ്യസ്; ചൂട് കനക്കുന്നു
text_fieldsമസ്കത്ത്: ഒമാനിൽ ചൂടുകനക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സുഹാറിൽ 44.7 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഇത് ഈ വർഷത്തെ ഒമാനിലെ ഏറ്റവും വലിയ ചൂടാണ്. സുവൈഖിൽ 44.4 സെൽഷ്യസും സുറിൽ 44. 1 സെൽഷ്യസുമാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിലെ താപനില. അൽ ദുരു 43.4 , ഫഹൂദ് 43 , ഖസബ് 42.9,അൽ അവാബി 42.8, ബൗഷർ 42.7, ഇബ്ര 42.2, സീബ് 42.2 , ബുറൈമി 41.9 എന്നിങ്ങനെയാണ് മറ്റു വിലായത്തുകളിലെ താപനില.
എന്നാൽ ചില മേഖലകളിൽ തണുത്ത കാലാവസ്ഥയും അനുഭവപ്പെടുന്നുണ്ട്. ഖൈറൂൻ ഹിറിതി 20 ഡിഗ്രി സെൽഷ്യസ്, ധാൽകൂത്ത് 21 ഡിഗ്രി സെൽഷ്യസ്, യാലോനി 23 ഡിഗ്രി, അൽ മസ്യൂന 23.1 ഡിഗ്രി, അൽ ഹലാനിയാത്ത് 23.7, മുക്ഷിൻ 21.8, ഹൈമ 22.5, മർമൂൽ 22.9 , ഫഹൂദ് 23.9, ഉമ്മു സമൈം 24 ഡിഗ്രി സെൽഷ്യസ് എന്നിവിടങ്ങളിലാണ് കുറഞ്ഞ താപനില അനുഭവപ്പെട്ടത്.
രാജ്യത്ത് ഈ വർഷം നേരത്തേതന്നെ കടുത്ത ചൂട് അനുഭവെപ്പടാൻ തുടങ്ങിയിരുന്നു. സാധാരണ ഏപ്രിൽ മാസങ്ങളിൽ ഇത്രയും കടുത്ത ചൂട് അനുഭവപ്പെടാറില്ല. മേയ് മധ്യത്തോടെയാണ് ചൂട് കനക്കാറുള്ളത്. ജൂൺ, ജൂലൈ മാസങ്ങളിൽ ചൂട് പാരമ്യത്തിൽ എത്താറുമാണ് പതിവ്. സാധാരണ ജൂൺ, ജൂലൈ മാസങ്ങളിൽ ചൂട് 50 ഡിഗ്രി സെൽഷ്യസിനടുത്തെത്തുകയും ചില ദിവസങ്ങളിൽ 50 ഡിഗ്രി കടക്കുകയും ചെയ്യാറുണ്ട്. ചൂട് വല്ലാതെ കടുത്താൽ അന്തരീക്ഷ മർദം കുറയാനും അത് വഴി ന്യൂനമർദം അനുഭവപ്പെടാനും സാധ്യതയുണ്ടെന്നും പ്രവചിക്കുന്നവരുണ്ട്. നേരത്തേ എത്തിയതിനാൽ ഈ വർഷം കടുത്ത ചൂട് അനുഭവപ്പെടുമെന്നാണ് പലരും കരുതുന്നത്.
അതിനാൽ, കടും ചൂട് ഒഴിവാക്കാൻ പലരും നാട്ടിൽ പോവാനും പദ്ധതി ഇടുന്നുണ്ട്. ചൂട് ഉയർന്നതോടെ പൊതുജനങ്ങൾ പകൽ സമയത്ത് പൊതുവെ പുറത്തിറങ്ങുന്നത് കുറഞ്ഞിട്ടുണ്ട്. നാട്ടിൽനിന്ന് സ്കൂൾ അവധിക്ക് ഒമാനിൽ എത്തിയവരെയാണ് ചൂട് കൂടുതൽ പ്രതികൂലമായി ബാധിക്കുന്നത്.ഇത്തരക്കാർക്ക് പകൽ പുറത്തിറങ്ങാൻ കഴിയാത്തതിനൊപ്പം വിനോദ സഞ്ചാരകേന്ദ്രങ്ങൾ സന്ദർശിക്കാനും കഴിയുന്നില്ല. പലർക്കും താമസ ഇടങ്ങളിൽ തന്നെ കഴിച്ച് കൂട്ടേണ്ട അവസ്ഥയാണ്. ചില കുടുംബങ്ങൾ നാട്ടിലേക്ക് നേരത്തേ തിരിച്ച് പോവുന്നുമുണ്ട്.
ചൂട് ശക്തമായത് വ്യാപാരമേഖലയെയും ബാധിച്ചിട്ടുണ്ട്. കനത്ത ചൂട് കാരണം പലരും പുറത്തിങ്ങാത്തത് കാരണം പകൽ സമയങ്ങളിൽ വ്യാപാര സ്ഥാപനങ്ങളും ഹൈപർ മാർക്കറ്റുകളും ആളൊഴിഞ്ഞ് കിടക്കുകയാണ്. അവധി കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ച് പോവുന്നവരെ മുന്നിൽകണ്ട് വിവിധ ഹൈപർ മാർക്കറ്റുകൾ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പകൽ സമയത്ത് പൊതുവെ തിരക്ക് തീരെ കുറവാണ്.
ഏതായാലും രാത്രി കാലങ്ങളിലാണ് പൊതുവെ ഇത്തരം സ്ഥാപനങ്ങളിൽ തിരക്ക് അനുഭവപ്പെടുന്നത്. ചൂട് വർധിച്ചതോടെ വിനോദ സഞ്ചാരകേന്ദ്രങ്ങളിലും പാർക്കുകളിലും തിരക്കൊഴിയാൻ തുടങ്ങി. എന്നാൽ ബീച്ചുകളിലും കോർണീഷുകളിലും തിരക്ക് വർധിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

