Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നോർക്ക കെയർ പ്ലസ്: സമയപരിധി നീട്ടണമെന്ന് ആവശ്യം

text_fields
bookmark_border
നോർക്ക കെയർ പ്ലസ്: സമയപരിധി നീട്ടണമെന്ന് ആവശ്യം
cancel

മസ്കത്ത്: നോർക്ക റൂട്ട്സ് നടപ്പാക്കുന്ന നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകുന്നതിനുള്ള സമയപരിധി ഒരു മാസം കൂടി നീട്ടണമെന്ന ആവശ്യം ശക്തമാകുന്നു. പദ്ധതിയിൽ ചേരുന്നതിനുള്ള നിലവിലെ അവസാന തീയതി സെപ്റ്റംബർ 18 ആയിരുന്നു. എന്നാൽ നോർക്ക ഐഡി ലഭിക്കുന്നതിലെ കാലതാമസവും ഓൺലൈൻ നടപടികളിലെ സാങ്കേതിക തടസ്സങ്ങളും മൂലം നിരവധി പ്രവാസികൾക്ക് സമയ പരിധിക്കുള്ളിൽ ഇൻഷുറൻസ് എടുക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് അപേക്ഷകർ പറയുന്നു.

പദ്ധതിയിൽ അംഗമാകുന്നതിന് നോർക്ക ഐഡി നിർബന്ധമാണ്. പദ്ധതിയുടെ പ്രഖ്യാപനം കഴിഞ്ഞ് ഒരു മാസത്തിലേറെ പിന്നിട്ടിട്ടും പലർക്കും ഐഡി ലഭിച്ചിട്ടില്ലെന്നാണ് പരാതി. ഐഡിക്കായി അപേക്ഷിച്ച് ആവശ്യമായ ഫീസ് അടച്ചിട്ടും കാർഡ് നമ്പർ ലഭിക്കാതെ കാത്തിരിക്കുന്നവരും നിരവധിയാണ്.

സെർവർ തിരക്ക്, സാങ്കേതിക പ്രശ്നങ്ങൾ, അപേക്ഷകളുടെ വെരിഫിക്കേഷൻ വൈകുന്നത് തുടങ്ങിയ കാരണങ്ങളാണ് ഐഡി ലഭിക്കുന്നതിലെ കാലതാമസത്തിന് പ്രധാനമായും ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതോടെ ഇൻഷുറൻസ് പദ്ധതിയിൽ ചേരാൻ താൽപര്യമുള്ളവർക്കുപോലും സമയ പരിധിക്കുള്ളിൽ നടപടികൾ പൂർത്തിയാക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്.

നോർക്ക ഐഡിക്കായി അപേക്ഷിച്ച് ഫീസ് അടച്ചവരുടെ കാര്യത്തിൽ ഐഡി അനുവദിക്കുന്നതിലെ കാലതാമസം അപേക്ഷകരുടെ നിയന്ത്രണത്തിന് പുറത്തുള്ള വിഷയമാണെന്ന് പ്രവാസികൾ ചൂണ്ടിക്കാട്ടുന്നു. അതിനാൽ ഐഡി ലഭിക്കാൻ കാത്തിരിക്കുന്നവരുടെ അവസരം സമയ പരിധിയുടെ പേരിൽ നഷ്ടപ്പെടാതിരിക്കാൻ അടിയന്തര നടപടി വേണമെന്നാണ് ആവശ്യം.

ഇതിനുപുറമെ, അപേക്ഷകരുടെ ബാഹുല്യം മൂലം സെർവറിൽ സാങ്കേതിക തടസ്സങ്ങൾ നേരിടുന്നതായും, ഇൻഷുറൻസ് പ്രീമിയം അടച്ചതിന് ശേഷമുള്ള എൻറോൾമെന്റ് നടപടികൾ പൂർത്തിയാക്കാൻ കഴിയാതെ നിരവധി പേർ ബുദ്ധിമുട്ടുന്നതായും പരാതിയുണ്ട്. പേയ്മെന്റ് നടത്തിയിട്ടും സാങ്കേതിക കാരണങ്ങളാൽ എൻറോൾമെന്റ് പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യം പരിഹരിക്കണമെന്നും അപേക്ഷകർ ആവശ്യപ്പെടുന്നു.

നോർക്ക കെയർ പ്ലസ് പദ്ധതിയിൽ ചേരാൻ താൽപര്യമുള്ളവർക്ക് നടപടികൾ പൂർത്തിയാക്കാൻ മതിയായ സമയം ലഭിക്കുന്നതിനായി കുറഞ്ഞത് ഒരു മാസം കൂടി സമയപരിധി നീട്ടണമെന്നാണ് പ്രവാസികളുടെ പ്രധാന ആവശ്യം. ഇതോടെ നിലവിൽ നോർക്ക ഐഡിക്കായി കാത്തിരിക്കുന്നവർക്കും ഐഡി ലഭിച്ച ശേഷം ഇൻഷുറൻസ് നടപടികൾ പൂർത്തിയാക്കാൻ അവസരം ലഭിക്കും.

നോർക്ക റൂട്ട്സ് അധികൃതർ അടിയന്തരമായി ഇടപെട്ട് സമയപരിധി നീട്ടണമെന്നും, ഐഡി ലഭിക്കുന്നതിലെ കാലതാമസം, സർവർ തകരാറുകൾ, പേയ്മെന്റിനു ശേഷമുള്ള എൻറോൾമെന്റ് തടസ്സങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും അപേക്ഷകർ ആവശ്യപ്പെടുന്നു. പ്രവാസികളുടെ സാമൂഹിക സുരക്ഷ ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിയായതിനാൽ സാങ്കേതികവും ഭരണപരവുമായ കാല താമസങ്ങളുടെ പേരിൽ അർഹരായവർക്ക് അവസരം നഷ്ടപ്പെടരുതെന്നും പ്രവാസികൾ ചൂണ്ടിക്കാട്ടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - NORKA Care Plus: Demand to extend deadline
Next Story