Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നോർക്ക കെയർ ഇൻഷുറൻസ് പുതുക്കൽ അനിശ്ചിതത്വത്തിൽ; പ്രവാസികളിൽ ആശങ്ക ശക്തമാകുന്നു

text_fields
bookmark_border
  • ഒക്ടോബർ 21 മുതൽ സൗകര്യം ലഭ്യമാകുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീടത് 25ലേക്ക് മാറ്റിയിരുന്നു
  • പുതുക്കൽ വൈകുന്നത് ഇൻഷുറൻസ് കമ്പനികളുമായുള്ള ചർച്ചകൾ കാരണമെന്ന് നോർക്ക അധികൃതർ
നോർക്ക കെയർ ഇൻഷുറൻസ് പുതുക്കൽ അനിശ്ചിതത്വത്തിൽ; പ്രവാസികളിൽ ആശങ്ക ശക്തമാകുന്നു
cancel

ഒമാൻ: പ്രവാസികൾക്കിടയിൽ ആശങ്കയും പ്രതിഷേധവും ശക്തമാകുന്നു. ഒക്ടോബർ 21 മുതൽ പുതുക്കാനുള്ള സൗകര്യം ലഭ്യമാകുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് അത് 25-ലേക്ക് മാറ്റിയിരുന്നു. എന്നാൽ തീയതി കഴിഞ്ഞിട്ടും പോർട്ടൽ തുറക്കുകയോ നടപടികൾ ആരംഭിക്കുകയോ ചെയ്തിട്ടില്ലെന്നാണ് പ്രവാസികൾ ചൂണ്ടിക്കാണിക്കുന്നത്.നിലവിലുള്ള ഇൻഷുറൻസ് പരിരക്ഷയുടെ കാലാവധി ഒക്ടോബർ 31-ന് അവസാനിക്കും.

ഇതോടെ നവംബർ ഒന്നു മുതൽ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരടക്കമുള്ള പ്രവാസികളുടെ ഇൻഷുറൻസ് പരിരക്ഷ ഇല്ലാതാകുന്ന അവസ്ഥയാണ്. അടിയന്തരമായി ഇൻഷുറൻസ് പുതുക്കാൻ സമയം അനുവദിച്ചാൽ പോലും വെബ്‌സൈറ്റിലെ തിരക്കും പണലഭ്യതക്കുറവും കാരണം ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തുക അടച്ചുതീർക്കാൻ എല്ലാവർക്കും കഴിഞ്ഞേക്കില്ല. അതിനാൽ പുതുക്കൽ തീയതി എത്രയും വേഗം പ്രഖ്യാപിക്കണമെന്നും കുറഞ്ഞത് ഒരു മാസത്തെ സമയപരിധിയെങ്കിലും അനുവദിക്കണമെന്നുമാണ് പ്രവാസികളുടെ ആവശ്യം.

കഴിഞ്ഞ നവംബർ മുതൽ നോർക്ക കെയർ പ്രീമിയം ഇനത്തിൽ 145 കോടി രൂപയാണ് സമാഹരിച്ചത്. എന്നാൽ 28,727 ക്ലെയിമുകളിലായി 213 കോടിയോളം രൂപ സെറ്റിൽ ചെയ്തതായി നോർക്ക പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. കമ്പനികൾക്കുണ്ടായ ഈ ഭീമമായ അധിക ബാധ്യത പ്രവാസികളുടെ തലയിൽ പ്രീമിയം വർദ്ധനവായി വരുമോ എന്ന ഭയവും നിലനിൽക്കുന്നുണ്ട്.

അതേസമയം, ഇൻഷുറൻസ് കമ്പനികൾക്ക് ഭീമമായ നഷ്ടം സംഭവിച്ച സാഹചര്യത്തിൽ, പ്രവാസികൾക്ക് അധിക സാമ്പത്തിക ഭാരമുണ്ടാകാത്ത രീതിയിൽ പ്രീമിയം തുക നിശ്ചയിക്കാൻ നിരന്തരം ചർച്ചകൾ നടത്തേണ്ടി വന്നതാണ് കാലതാമസത്തിന് കാരണമെന്ന് നോർക്ക അധികൃതർ ‘ഗൾഫ് മാധ്യമത്തോട്’ പറഞ്ഞു. കൃത്യമായ രേഖകൾ പരിശോധിച്ച്, ഉടൻ തന്നെ ഇൻഷുറൻസ് പുതുക്കുന്നതിനുള്ള സൗകര്യം ലഭ്യമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

കൂടാതെ, മറ്റു സ്വകാര്യ-സർക്കാർ ഇൻഷുറൻസുകളിലേതുപോലെ നോർക്ക ഐഡി കാർഡുള്ള ഏത് പ്രവാസിക്കും വർഷത്തിൽ എപ്പോൾ വേണമെങ്കിലും പദ്ധതിയിൽ ചേരാൻ കഴിയുന്ന രീതിയിൽ ഇൻഷുറൻസ് സംവിധാനം സുതാര്യമാക്കണമെന്ന് പ്രവാസികൾ ആവശ്യപ്പെടുന്നു.

അംഗത്വമെടുക്കുന്ന തീയതി മുതൽ ഒരു വർഷത്തേക്ക് ഇൻഷുറൻസ് പ്രാബല്യത്തിൽ വരിക, പുതിയ അംഗങ്ങൾക്ക് അവസരം നൽകുക, ക്ലെയിം നിരസിക്കപ്പെടുന്നത് ഒഴിവാക്കുക, കാഷ്‌ലെസ് സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രവാസികൾ മുന്നോട്ടുവെക്കുന്നുണ്ട്.

ഇൻഷുറൻസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നീളുന്നത് ഗൾഫ് രാജ്യങ്ങളിലെ സാമൂഹിക പ്രവർത്തകർക്കും സന്നദ്ധ സംഘടനകൾക്കും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നോർക്ക കെയർ ഇൻഷുറൻസുമായി ബന്ധപ്പെട്ട് പ്രവാസികളുടെ ഭാഗത്തുനിന്നുള്ള പരാതികളും വിമർശനങ്ങളും ഏറെയും കേൾക്കേണ്ടി വരുന്നത് ഇവർക്കാണ്.

-ഈ സാഹചര്യത്തിൽ, പ്രവാസികാര്യ വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വിഷയത്തിൽ നേരിട്ട് ഇടപെട്ട് എത്രയും വേഗം അനുയോജ്യമായ ഒരു തീരുമാനമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസി സമൂഹം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Norka Care insurance renewal in limbo; concern mounts among expatriates
Next Story