ഒരുലക്ഷം പിന്നിട്ട് നോർക്ക കെയർ എൻറോള്‍മെന്റ്
text_fieldsമസ്കത്ത്: പ്രവാസികൾക്കും കുടുംബങ്ങൾക്കുമായി സംസ്ഥാന സർക്കാർ നോർക്ക റൂട്സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ എൻറോള്‍മെന്റ് ഒരു ലക്ഷം പിന്നിട്ടു. രാജ്യത്താദ്യമായാണ് പ്രവാസികള്‍ക്കായി ഒരു സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നത്.
നിലവില്‍ എൻറോള്‍മെന്റ് പൂര്‍ത്തിയാക്കിവര്‍ക്കുള്ള പരിരക്ഷ കേരളപ്പിറവിദിനമായ നവംബർ ഒന്നുമുതല്‍ നിലവിൽ വരും. പദ്ധതിയുടെ ഭാഗമായുള്ള ഔദ്യോഗിക ഇൻഷുറൻസ് സർട്ടിഫിക്കറ്റ് മുഖ്യമന്ത്രി പിണറായി വിജയൻ, നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്മാന് പി. ശ്രീരാമകൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിൽ ശനിയാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ കൈമാറും. സെപ്റ്റംബർ 22ന് ആരംഭിച്ച നോര്‍ക്ക കെയര്‍ ഗ്ലോബല്‍ രജിസ്ട്രേഷന് ഡ്രൈവ് 37 ദിവസം കൊണ്ടാണ് ഒരു ലക്ഷം എൻറോള്‍മെന്റ് എന്ന നേട്ടം കൈവരിച്ചത്.
നോര്‍ക്ക കെയറിൽ അംഗമാകാനുള്ള സമയപരിധി വെള്ളിയാഴ്ച രാത്രി ഇന്ത്യൻ സമയം 12ന് അവസാനിച്ചു. സെപ്റ്റമബർ 22 മുതല്‍ ഒക്ടോബർ 22 വരെയായിരുന്നു നോർക്ക കെയർ രജിട്രേഷനായി തീയതി നിശ്ചയിച്ചിരുന്നത്. ഇത് ഒക്ടോബർ 30ലേക്ക് ആദ്യം നീട്ടുകയായിരുന്നു. പിന്നീട് 31ലേക്കും നീട്ടി. സമയപരിധി വീണ്ടും നീട്ടണമെന്ന് ചില പ്രവാസി സംഘടനകൾ ആവശ്യമുയർത്തിയിരുന്നു. എന്നാൽ, വെള്ളിയാഴ്ചയോടെ എൻറോമെന്റ് നടപടികൾ നോർക്ക അവസാനിപ്പിച്ചു.
ഇനി പുതുതായി ചേരേണ്ടവർക്ക് അടുത്തവർഷത്തെ വിൻഡോയിൽ മാത്രമേ അപേക്ഷിക്കാനാവൂ. പുതുതായി എൻറോൾ ചെയ്യേണ്ടവർക്ക് ഒരു വർഷത്തെ കാത്തിലിരിപ്പ് എന്ന സാഹചര്യം ഒഴിവാക്കണമെന്നും പ്രവാസികളിൽനിന്ന് ആവശ്യമുയർന്നിട്ടുണ്ട്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രവാസിസമൂഹവും പ്രവാസി സംഘടനകളും കൂട്ടായ്മകളും നോര്‍ക്ക കെയര്‍ പദ്ധതിയുടെ പ്രചാരണത്തിനായി വിപുലമായ പ്രവർത്തനങ്ങളാണ് നടപ്പാക്കിയതെന്ന് നോർക്ക റൂട്ട് അധികൃതർ പറഞ്ഞു. സാധുവായ നോര്‍ക്ക പ്രവാസി ഐ.ഡി, സ്റ്റുഡന്റ് ഐ.ഡി., എന്‍.ആര്.കെ ഐ.ഡി കാര്‍ഡുള്ള പ്രവാസികേരളീയര്‍ക്കാണ് പദ്ധതിയില്‍ എൻറോള്‍ ചെയ്യാനാകുക.
നടപ്പു സാമ്പത്തികവര്‍ഷം ഇതുവരെ രണ്ട് ലക്ഷത്തോളം പ്രവാസി കേരളീയര്‍ നോർക്ക പ്രവാസി ഐ.ഡി കാർഡ് സേവനവും പ്രയോജനപ്പെടുത്തിയതായി നോർക്ക അറിയിച്ചു. ഒരു കുടുംബത്തിന് (ഭര്‍ത്താവ്, ഭാര്യ, 25 വയസ്സില്‍ താഴെയുള്ള രണ്ടു കുട്ടികള്‍) 13,411 പ്രീമിയത്തിൽ (അധികമായി ഒരു കുട്ടി, 25 വയസ്സിൽ താഴെ 4,130) അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്സണല്‍ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പാക്കുന്നതാണ് നോര്‍ക്ക കെയര്‍ പദ്ധതി. വ്യക്തിഗത ഇന്‍ഷുറന്‍സിന് (18-70 വയസ്സ്) 8,101 രൂപയുമാണ്. നിലവില്‍ കേരളത്തിലെ 500 ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 18,000 ത്തോളം ആശുപത്രികള്‍ വഴി പ്രവാസികേരളീയര്‍ക്ക് കാഷ് രഹിത ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

