Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനൂർജഹാൻ, നീ ഒരു...

നൂർജഹാൻ, നീ ഒരു സൂഫിയായിരുന്നു...

text_fields
bookmark_border
നൂർജഹാൻ, നീ ഒരു സൂഫിയായിരുന്നു...
cancel


ഡോ. ആരിഫ് അലി കൊളത്തേകാട്ട്, സലാല

അർബുദത്തിന്റെ വേദന നിറഞ്ഞ കാലത്തെ വിശ്വാസത്തിന്റെ പ്രസരിപ്പോടെ നേരിട്ട് ഒരു നോമ്പുകാലത്ത് ജീവിതത്തിൽനിന്ന് കടന്നുപോയ തന്റെ രോഗിയെ കുറിച്ചുള്ള ഒരു ഡോക്ടറുടെ ഹൃദയവേദനയോടെയുള്ള കുറിപ്പ്....

റമദാൻ ഒരു പുണ്യ മാസം മാത്രമല്ല; അത് ഓർമ്മകളുടെ ഒരു പ്രകാശവളയം കൂടിയാണ്. എന്നാൽ, നോമ്പിന്റെ ശാന്ത സന്ധ്യകളിൽ, മനസ്സിൽ അലയടിച്ച് എത്തുന്ന ചില നോവോർമ്മകൾ കൂടിയുണ്ട്. അവയിൽ ഏറ്റവും ദീപ്തമായതു ‘നൂർജഹാന്റെ’ ചരിതമാണ്. രണ്ടു പതിറ്റാണ്ടുകൾക്ക് മുൻപ്, വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളജിലെ തിരക്കേറിയ വാർഡുകളിലും, അത്യാഹിത ഇടനാഴികകളിലും പഠനവും, പരിശീലനവുമൊക്കെയായി ജീവിതത്തിന്റെ തീക്ഷ്ണകാലം കടന്നുപോകുന്ന കാലം.

ജൂൺ മഴകൾ പെയ്തിറങ്ങിയ ഒരു റമദാനിലാണ് നൂർജഹാനെ ഞാൻ ആദ്യമായി കണ്ടത്.തഞ്ചാവൂരിലെ ഒരു സ്‌കൂൾ അധ്യാപിക. മുപ്പത്തഞ്ചുകാരി. കൂടെ ആറുവയസ്സുകാരൻ മകൻ. വെല്ലൂരിലെ ഒരു ബന്ധുവിന്റെ വീട്ടിൽ ഇഫ്താറിനായി വന്നതാണ്. രണ്ട് മാസമായി സംസാരത്തിൽ ചെറിയ ഇടർച്ച. അത്ര മാത്രം. വെല്ലൂരിൽ വന്നതല്ലേ. ഒന്ന് കാണിക്കാമെന്നു കരുതി.. എൻഡോസ്കോപ്പിയിൽ സ്വനപേടകത്തിൽ ഒരു ചെറിയ തടിപ്പ് കണ്ടു. ബയോപ്സി നിർദേശിച്ചു. പുകവലിക്കുന്ന അറുപതുകാരിൽ കാണുന്ന ഒരു അപൂർവ തരം കാൻസറായിരുന്നു അവർക്ക്! വിശ്വാസം വരാതെ വീണ്ടും പരിശോധന നടത്തി. ഫലം മാറിയില്ല. സഹപ്രവർത്തകരുമായി പ്രശ്നം ചർച്ച ചെയ്തു. വെല്ലൂർകാരനായ ബന്ധുവിനെ വിളിച്ച് ചില സൂചനകൾ നൽകി.

അടുത്തയാഴ്ച നൂർജഹാൻ വന്നു. കൂടെ ഭർത്താവ് മീരാകാസിം ഗൾഫിൽ നിന്ന് അവധിയെടുത്ത് എത്തിയിരുന്നു. കൈയിൽ ഒരു പിടി ഈത്തപ്പഴം. സലാം ചൊല്ലി അയാൾ അത് എന്റെ മുന്നിൽ വച്ചു. നോമ്പിന്റെ ക്ഷീണം ഒട്ടുമില്ലാതെ നൂർജഹാൻ വീട്ടുവിശേഷങ്ങൾ പറഞ്ഞു ചിരിച്ചു കൊണ്ടേയിരുന്നു. വാക്കുകൾക്ക് കൃത്രിമ ദൃഢത വരുത്തി ഞാൻ പറഞ്ഞു. ‘തൊണ്ടയിൽ കാൻസർ ബാധയുണ്ട്… വിശദമായ പരിശോധനയും, ചികിത്സയും വേണം…’ മീരാകാസിമിന്റെ കണ്ണുകൾ നിറഞ്ഞു. അയാൾ ആകെ തകർന്നുപോയി.പക്ഷേ നൂർജഹാൻ? അവർ മകനെ ചേർത്തുപിടിച്ചു. കണ്ണടച്ചു. ഉറച്ച ശബ്ദത്തിൽ ഖുർആൻ വചനങ്ങൾ ഉരുവിട്ടു കൊണ്ടിരിക്കുന്നു. ആ ശബ്ദത്തിൽ വിറയലില്ല. വിങ്ങലില്ല. വിശ്വാസത്തിന്റെ ഉറച്ച നിശ്ചയം മാത്രം. അവർ ഭർത്താവിന്റെ കൈ പിടിച്ചു.

“അല്ലാഹു നമ്മോടൊപ്പമുണ്ട്…പിന്നെ എന്നെ ചൂണ്ടി ദാ . . .ഇവരും ” മുറിയിൽ ഉണ്ടായിരുന്ന ഞങ്ങൾക്കു പോലും ഒരു ആശ്വാസം പടർന്നിറങ്ങി.

ആരും മനസ് പൊട്ടിക്കരഞ്ഞു പോകുന്ന നിമിഷത്തിൽ, സ്വയം നിയന്ത്രിക്കുകയും ഭർത്താവിനെപ്പോലും ആശ്വസിപ്പിക്കുന്ന അവർ സഹ ഡോക്ടർമാരിലും അത്ഭുതമുളവാക്കി. നൂർജഹാൻ പഠിപ്പിക്കുകയായിരുന്നു, വിശ്വാസം ഒരു ആശയം മാത്രമല്ല; അത് ചിലപ്പോൾ അതിജീവനത്തിനു ബലമേകുന്ന ഒരു ശക്തി കൂടിയാണ് എന്ന്.

പിന്നീട് മാസങ്ങളോളം നീണ്ടുനിന്ന നിതാന്ത ചികിത്സ. കീമോതെറപ്പിയുടെ വേദന. റേഡിയേഷന്റെ കാഠിന്യം. വേദനയിൽ വിറങ്ങലിക്കുന്ന പുലരികൾ. എന്നാൽ നൂർജഹാൻ ഒരിക്കൽ പോലും പരാതി പറഞ്ഞില്ല.ദുരന്ത ചര്യകളെ പ്രകാശമാക്കി മാറ്റി. പ്രസരിപ്പോടെയും, സമചിത്തതയോടെയും അതവർ നേരിട്ടു. വാർഡിൽ കിടന്ന് ഖുർആൻ ഓതും. ജനലഴികൾ ഇറുകെ പിടിച്ച് ദൂരേക്കു നോക്കി, ഈണത്തോടെ ചെന്തമിഴ് പാട്ടുകൾ മൂളും. നഴ്‌സുമാർക്ക് തുണിസഞ്ചി തുന്നി കൊടുക്കും. വൈകുന്നേരങ്ങളിൽ സഹരോഗികൾക്ക് ഈത്തപ്പഴം വിതരണം ചെയ്യും.പുതിയ രോഗികൾക്ക് ധൈര്യം പകരും. അവർ ഒരു രോഗിയല്ലായിരുന്നു; വാർഡിന്റെ പ്രകാശമായിരുന്നു.

പിന്നീട് വർഷംതോറും റമദാൻ മാസങ്ങളിൽ, നൂർജഹാൻ ഒരു നിത്യസന്ദർശകയായി. ഓരോ വരവിനും പത്ത് പന്ത്രണ്ട് ദിവസം വാർഡിൽ ചെലവഴിക്കും. പരിശോധനകൾക്ക് വിധേയയാകും, സംസാരത്തിന്റെ കെട്ടുനൂൽ പൊട്ടിക്കും. അവരുടെ സാന്നിധ്യം ആശുപത്രി വരാന്തകളെ, ഒരു ഇഫ്താർ സദസ്സുപോലെ പ്രകാശിപ്പിക്കും.

കാലം മുന്നോട്ട് നീങ്ങി. ഞാൻ പഠനം കഴിഞ്ഞു, അസിസ്റ്റന്റ് പ്രൊഫസറായി ജോലിയിൽ പ്രവേശിച്ച കാലം. ഒരു റമദാൻ നാൾ തഞ്ചാവൂരിൽ നിന്ന് മീരാകാസിമിന്റെ ഫോൺ. ശക്തമായ ശ്വാസതടസ്സം. അർബുദം ശ്വാസകോശത്തിലേക്ക് വേര് പടർത്തിയിരിക്കുന്നു. ഡ്യൂട്ടിയിലായിരുന്ന ഞാൻ അത്യാഹിത വിഭാഗത്തിലേക്ക് അവരെ കൊണ്ടുവരാൻ ഏർപ്പാടുണ്ടാക്കി.

തൊണ്ട തുളച്ച് കൃത്രിമ ശ്വാസത്തിനായി ട്യൂബിട്ടു. ശബ്ദം മുറിഞ്ഞു. എങ്കിലും അവർ കണ്ണുകളാൽ സംസാരിച്ചുകൊണ്ടേയിരുന്നു. റമദാൻ നാളുകൾ മുന്നോട്ടു പോയി. ഒരു ഇഫ്താർ സന്ധ്യ. കൈയിലെ പേജർഫോൺ അപകട സൂചനയുടെ സൈറൺ മുഴക്കി. ഓടിച്ചെന്നപ്പോൾ, അവസാന ശ്വാസം ആഞ്ഞുവലിക്കുന്ന നൂർജഹാനെയാണ് കണ്ടത്. അനിവാര്യമായ മരണത്തെ തോൽപ്പിക്കാൻ, അവരുടെ നെഞ്ചിൽ പ്രതീക്ഷയുടെ കൈകൾ അമർത്തുമ്പോഴും, അവരുടെ കണ്ണുകൾ പ്രകാശിക്കുന്നുണ്ടായിരുന്നു. മരണപത്രത്തിൽ ഒപ്പുവച്ച് മോർച്ചറിയിലേക്കയച്ച ശേഷം വാർഡ് ഇടനാഴിയിലൂടെ തിരികെ നടന്നു. കാലം രണ്ടു പതിറ്റാണ്ടോളം ഒഴുകിയകന്നു. ഇന്നും റമദാൻ വരുമ്പോൾ, വെല്ലൂരിലെ വാർഡുകൾ, ഇടനാഴികൾ എന്റെ മുന്നിൽ തുറക്കും.

എത്ര രോഗികൾ… എത്ര അനുഭവങ്ങൾ ! പക്ഷേ ജീവിതത്തിന്റെ ആഴവും, പരപ്പും ആഴത്തിൽ പഠിപ്പിച്ചവരിൽ നൂർജഹാനോളം പോന്നവരില്ല. ആത്മവിശ്വാസം കൊണ്ടും അചഞ്ചലമായ ദൈവസമർപ്പണം കൊണ്ടും ഹൃദയത്തിൽ ആത്മ പ്രഭ ചുരത്തുന്നവരാണ് സൂഫികൾ എന്ന് കേട്ടിട്ടുണ്ട്. എങ്കിൽ എന്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും വലിയ സൂഫി നൂർജഹാനാണ്. അതെ, പേര് അന്വർഥമാക്കും വിധം ‘നൂർ’ ‘ജഹാൻ’...ലോകത്തിന്റെ പ്രകാശം ! പ്രിയപ്പെട്ടവർ പലരും, പടിയിറങ്ങിയ മാസം കൂടിയാണ് റമദാൻ. ഇഫ്താറിലെ ഈത്തപ്പഴത്തിന് അതുകൊണ്ടു തന്നെ, എന്നും ആത്മനോവിന്റ കനമുള്ള മധുരമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsOmangulfnewsmalayalam
News Summary - Noor Jahan, you were a Sufi...
Next Story