ഇന്ത്യയിലേക്കുള്ള എണ്ണ ഇതര കയറ്റുമതി വർധിച്ചു –വ്യവസായ മന്ത്രി
text_fieldsമന്ത്രി ഖാഇസ് അൽ യൂസഫ്
മസ്കത്ത്: ഒമാനിൽനിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ ഇതര കയറ്റുമതി 172 ശതമാനം വർധിച്ചതായി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖാഇസ് അൽ യൂസഫ് പറഞ്ഞു.
പത്താമത് ഒമാൻ-ഇന്ത്യ ജോയന്റ് കമീഷൻ മീറ്റിങ്ങിൽ പങ്കെടുക്കാൻ ന്യൂഡൽഹിയിലേക്കുള്ള യാത്രക്ക് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര, നിക്ഷേപബന്ധങ്ങൾ വികസിപ്പിക്കുന്നതിനായുള്ള വാർഷികസമ്മേളനമാണ് ന്യൂഡൽഹിയിൽ നടക്കാൻപോകുന്നത്.
ഇന്ത്യയിലേക്കുള്ള എണ്ണ ഇതര കയറ്റുമതി 2021ൽ 1.2 ശതകോടി ഡോളറിലെത്തി, 2020നെ അപേക്ഷിച്ച് 172 ശതമാനം വർധനവാണുണ്ടായിരിക്കുന്നത്.
ഇന്ത്യയിൽനിന്നുള്ള ഇറക്കുമതി രണ്ട് ശതകോടി ഡോളറിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മേയ് 11ന് ന്യൂഡൽഹിയിലെ ലീല പാലസ് ഹോട്ടലിൽ ഒമാൻ-ഇന്ത്യ ബി2ബി നെറ്റ്വർക്കിങ് സെഷനെ മന്ത്രി അൽ യൂസഫ് അഭിസംബോധന ചെയ്യുന്നതോടെ ഔദ്യോഗിക പരിപാടികൾക്ക് തുടക്കമാകും.
ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, സ്പെഷൽ ഇക്കണോമിക് സോൺ ആൻഡ് ഫ്രീ സോണുകൾക്കായുള്ള പബ്ലിക് അതോറിറ്റി, ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി, നിർമാണം, ഉൽപാദനം, റീട്ടെയിൽ, ഓട്ടോമോട്ടീവ്, റിന്യൂവബിൾ എനർജി, ഫാർമസ്യൂട്ടിക്കൽ, ടൂറിസം മേഖലകളിൽ നിന്നുള്ള പ്രതിനിധികളും മന്ത്രിയെ അനുഗമിക്കുന്നുണ്ട്. ഒമാനിലെ ബിസിനസ് അനുകൂല സാചചര്യങ്ങളെയും നിക്ഷേപ അവസരങ്ങളെയും കുറിച്ചും പരിപാടിയിൽ പങ്കുവെക്കുമെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യ ഇതിനകം ഒമാനിൽ ഒരു വലിയ നിക്ഷേപം നടത്തുന്നുണ്ട്. ഇത് ഇനിയും വർധിപ്പിക്കാൻ കാര്യമായ അവസരങ്ങളുണ്ട്. ഇന്ത്യയുടെ ആവശ്യങ്ങളും ഒമാന്റെ വാഗ്ദാനവും തമ്മിൽ ഏറെ ബന്ധമുണ്ട്.
ലോജിസ്റ്റിക്സ്, മൈനിങ്, ടൂറിസം, നിർമാണം, പുനരുപയോഗം തുടങ്ങിയവയിലാണിവ. ഇവയെല്ലാം ഒമാൻ-ഇന്ത്യ സഹകരണത്തിന് പാകമായ മേഖലകളാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

