എൻ.ഒ.സി മാറ്റൽ പ്രവാസികൾക്ക് അനുഗ്രഹമാകും
text_fieldsമസ്കത്ത്: അടുത്ത വർഷം ആദ്യം മുതൽ ഒമാനിൽ ജോലി മാറുന്നതിന് എൻ.ഒ.സി നിബന്ധന ഒഴിവാക്കുന്നതിനുള്ള തീരുമാനം പ്രവാസികൾക്ക് അനുഗ്രഹമാവുമെന്ന് വിലയിരുത്തപ്പെടുന്നു. തൊഴിൽ കരാർ കഴിയുകയോ ജോലിയിൽനിന്ന് പിരിച്ചുവിടുകയോ അല്ലെങ്കിൽ കമ്പനി തകരുന്നതടക്കം കാരണങ്ങളാൽ തൊഴിൽ കരാർ അസാധുവാവുകയോ ചെയ്താൽ നിലവിലെ സ്പോൺസറുടെ എൻ.ഒ.സിയില്ലാതെ മറ്റൊരു സ്ഥാപനത്തിൽ ജോലി തേടാൻ കഴിയുന്ന വിധത്തിലെ നിയമ ഭേദഗതിയാണ് നിലവിൽ വന്നത്. പുതിയ നിയമം നിലവിൽ വരുന്നത് വഴി കമ്പനികൾക്ക് ഒമാൻ തൊഴിൽ മാർക്കറ്റിൽ നിന്നുതന്നെ നിപുണരായ തൊഴിലാളെ കണ്ടെത്താനും േജാലി നൽകാനും കഴിയും. നിലവിൽ പല കമ്പനികളും യോഗ്യരായ ജോലിക്കാരെ ലഭിക്കാത്തതിനാൽ വിദേശത്ത് നിന്നും മറ്റും പുതിയ േജാലിക്കാരെ റിക്രൂട്ട് ചെയ്യുകയാണ് ചെയ്യാറുള്ളത്. പുതുതായി രാജ്യത്തെത്തുന്നവർ കാരണം കമ്പനിക്ക് നിരവധി പ്രശ്നങ്ങളും ഉണ്ടാവാറുണ്ട്. ഭാഷാപരിജ്ഞാനമില്ലായ്മ, പുതിയ തൊഴിൽ സാഹചര്യവുമായി ഇണങ്ങി ചേരാൻ പറ്റായ്ക, ഒമാെൻറ സാഹചര്യങ്ങളും നിയമങ്ങളും അറിയായ്ക തുടങ്ങിയ നിരവധി പ്രശ്നങ്ങൾ ഇതിൽ ഉൾപ്പെടും. ഒമാനിലെത്തി മാസങ്ങൾക്കുള്ളിൽ സ്വന്തം രാജ്യത്തേക്ക് മടങ്ങുന്നവരും നിരവധിയാണ്. ഇത്തരം കാരണങ്ങളാൽ തൊഴിൽ പ്രശ്നത്തിൽ പെടുന്നവരും നിരവധിയാണ്. നിലവിലെ നിയമം മറികടക്കാൻ ഒമാനിലെ മറ്റ് സ്ഥാപനങ്ങളിലും കമ്പനികളിലും മറ്റും േജാലി ചെയ്യുന്ന കഴിവുള്ളവരെ അടർത്തിയെടുത്ത ശേഷം തങ്ങളുടെ സ്ഥാപനത്തിെൻറ അയൽരാജ്യങ്ങളിലെ ശാഖകളിൽ വിസ നൽകുന്ന കമ്പനികളുമുണ്ട്.
നാട്ടിൽനിന്ന് തൊഴിൽ വിസയിലെത്തി കബളിപ്പിക്കെപ്പടുന്ന നിരവധി പേരും ഒമാനിലുണ്ട്. ഉന്നത വിദ്യാഭ്യാസവും യോഗ്യതയുമൊക്കെയുണ്ടെങ്കിലും തങ്ങളുടെ യോഗ്യതക്കനുയോജ്യമായ ജോലി കിട്ടാതെ കെണിയിൽ പെടുന്നവരുമുണ്ട്. ഏജൻറുമാരും മറ്റും ഒരുക്കുന്ന ചതിക്കുഴിയിൽ വീണ് കഷ്ടപ്പെടുന്ന നിരവധി േപർക്ക് പുതിയ നിയമം തുണയാവും. ഉയർന്ന യോഗ്യതയുണ്ടെങ്കിലും തൊഴിൽ ചെയ്യുന്ന സ്ഥാപനത്തിെൻറ ചെറിയ ജോലികളിൽ കാലാകാലമായി കുടുങ്ങികിടക്കുന്നവർക്ക് എൻ.ഒ.സി ഒഴിവാക്കിയത് ഗുണം ചെയ്യും. ഇതേ േജാലിയിൽനിന്നു തന്നെ പുതിയ അവസരങ്ങൾ തേടാനും വിസ കാലാവധി കഴിയുന്നതോടെ പുതിയ ജോലിയിൽ പ്രവേശിക്കാനും ഇത്തരക്കാർക്ക് കഴിയും.നിലവിൽ ഒമാനിൽ ജോലി നഷ്ടപ്പെട്ട നിരവധി പേരാണ് ഉള്ളത്. പല കമ്പനികളുടെയും നടത്തിപ്പുകാർ നാടു വിടുകയും ചെയ്തിട്ടുണ്ട്. എൻ.ഒ.സി ലഭിക്കാത്തതിനാൽ പലർക്കും പുതിയ ജോലിയിൽ പ്രവേശിക്കാൻ കഴിയാത്ത അവസ്ഥയാണ്. നിലവിലെ അവസ്ഥയിൽ കൂടുതൽ കമ്പനികൾ പ്രതിസന്ധിയിലേക്ക് പോവാനും സാധ്യതയുണ്ട്. ഭാഷകൾ അനായാസം കൈകര്യം ചെയ്യുകയും മറ്റ് ഉയർന്ന യോഗ്യതകളുമുള്ള ഇത്തരക്കാർക്ക് നല്ല ജോലികൾ കിട്ടാൻ പുതിയ നിയമം സഹായകമാവും. ഒമാൻ ഡ്രൈവിങ് ലൈസൻസ്, ഒമാെൻറ ഭൂമിശാസ്ത്രവും മറ്റുമായ കാര്യങ്ങളെ കുറിച്ചുള്ള അറിവ് എന്നിവ പുതുതായി ജോലി നൽകുന്ന തൊഴിൽ ഉടമക്കും വലിയ സൗകര്യമാവും. അതിനാൽ, എണ്ണ വില ഇടിവ് അടക്കമുള്ള കാരണങ്ങൾ കാരണം തൊഴിൽ നഷ്ടപ്പെടുന്നവർക്ക് നാട്ടിലേക്ക് മടങ്ങി വൈകാതെ ഇവിടെ തിരിച്ചെത്താൻ കഴിയും.
തൊഴിൽ ഒഴിവാക്കി പോവുന്നവർ വീണ്ടും ഒമാനിൽ പ്രവേശിക്കണമെങ്കിൽ രണ്ട് വർഷം കാത്തിരിക്കണമെന്ന വ്യവസ്ഥയും അടുത്ത വർഷം മുതൽ ഒഴിവാകും. അതിനിടെ വിസ വിലക്കും സ്വദേശിവത്കരണവും മൂലം പ്രതീക്ഷിച്ച ഗുണങ്ങൾ ലഭിക്കില്ലെന്ന വാദങ്ങളും ഉയരുന്നുണ്ട്. എന്നിരുന്നാലും കോവിഡ് കാലത്തിനുശേഷം തൊഴിൽ വിപണിക്ക് ഉണർവു പകരാൻ പുതിയ തീരുമാനം വഴിയൊരുക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ഭൂരിപക്ഷം പേരും. നേരത്തേ േജാലി മാറണമെങ്കിൽ എൻ.ഒ.സി ആവശ്യമില്ലെന്ന നിയമം ഒമാനിലുണ്ടായിരുന്നു. നിരവധി പേർക്ക് പുതിയ മേച്ചിൽ സ്ഥലങ്ങൾ തേടാൻ പുതിയ നിയമം സഹായിച്ചിട്ടുണ്ട്. എന്നാൽ, ഇൗ നിയമം ദുരുപയോഗപ്പെടുത്തിയവരും നിരവധിയാണ്. കമ്പനിയുടെ ഉയർന്ന തസ്തികയിൽ ഇരിക്കുന്നവർ മറ്റു കമ്പനികളിലേക്ക് ചേക്കേറുകയും കമ്പനി രഹസ്യങ്ങൾ ചോർത്തിക്കൊടുക്കലും ഉപഭോക്താക്കളെ പുതിയ കമ്പനികളിലേക്ക് തിരിക്കുന്നതടക്കമുള്ളവ ചെയ്തിരുന്നു. ഇത്തരം പരാതികൾ വർധിക്കുകയും തൊഴിൽ രംഗത്ത് അസ്ഥിരത ഉടലെടുക്കുകയും ചെയ്തതോടെയാണ് നേരത്തേ എൻ.ഒ.സി നിയമം വീണ്ടും നടപ്പാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
