ഗൾഫിൽ ആണവ വികിരണ ചോർച്ച കണ്ടെത്തിയിട്ടില്ല- ഐ.എ.ഇ.എ
text_fieldsമസ്കത്ത്: ഇസ്രായേലും ഇറാനും തമ്മിൽ അടുത്തിടെയുണ്ടായ സംഘർഷത്തിലും തുടർന്നും ഗൾഫ് മേഖലയിലുടനീളമുള്ള ആണവ വികിരണ അളവ് സാധാരണ പരിധിക്കുള്ളിൽ തുടരുന്നതായി ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ സംഘം. ഇരുരാജ്യങ്ങളും തമ്മിൽ നടന്ന വ്യോമാക്രമണങ്ങൾ ഇറാന്റെ നിരവധി ആണവ കേന്ദ്രങ്ങൾക്ക് കാര്യമായ നാശനഷ്ടങ്ങൾ വരുത്തിയെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐ.എ.ഇ.എ) ഡയറക്ടർ ജനറൽ റാഫേൽ മരിയാനോ ഗ്രോസി പ്രസ്താവനയിൽ വ്യക്തമാക്കി.
സൂക്ഷ്മമായ റേഡിയോ ആക്ടീവ് വികിരണംപോലും ഐ.എ.ഇ.എയുടെ ആഗോള റേഡിയേഷൻ മോണിറ്ററിങ് സിസ്റ്റം കണ്ടെത്തും. 48 രാജ്യങ്ങളുടെ ഒരു ശൃംഖല റേഡിയേഷൻ അളവ് നിരീക്ഷിക്കുകയും ആണവ റിയാക്ടറുകളിൽനിന്നുള്ള ഏതെങ്കിലും ഉദ്വമനം ഉടനടി രേഖപ്പെടുത്തുകയും ചെയ്യും. ഭാഗ്യവശാൽ അത്തരമൊരു സംഭവം നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സായുധ സംഘട്ടന സമയത്ത് ആണവ കേന്ദ്രങ്ങൾ ലക്ഷ്യം വെക്കരുത് എന്ന ഐ.എ.ഇ.എയുടെ ദീർഘകാല നിലപാട് ഗ്രോസി ആവർത്തിച്ചു.
ഇറാന്റെ ആണവ പ്രവർത്തനങ്ങൾ പരിശോധിക്കാൻ പ്രവേശനം അനുവദിക്കേണ്ടതിന്റെ പ്രാധാന്യവും സൂചിപ്പിച്ചു. അതേസമയം ഐ.എ.ഇ.എയുമായുള്ള സഹകരണം താൽക്കാലികമായി നിർത്തിവെക്കുന്ന ബിൽ ഇറാൻ പരിഗണനയിലാണ്. സംഘർഷ പശ്ചാത്തലത്തിൽ ജി.സി.സി രാജ്യങ്ങളിൽ ആണവ വികിരണ ഭീതി ഉടലെടുക്കുകയും മുന്നൊരുക്കങ്ങൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ എല്ലാ രാജ്യങ്ങളും വികിരണ അളവ് സാധാരണ നിലയിൽ രേഖപ്പെടുത്തിയിരുന്നു.
ആണവ വികിരണ അപകടസാധ്യതകളിൽനിന്ന് സുൽത്താനേറ്റ് സുരക്ഷിതമാണെന്ന് ഒമാൻ പരിസ്ഥിതി അതോറിറ്റിയും അറിയിച്ചിരുന്നു. വിവിധ ഗവർണറേറ്റുകളിൽ വിന്യസിച്ചിരിക്കുന്ന രാജ്യത്തിന്റെ റേഡിയേഷൻ നിരീക്ഷണ, മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ തത്സമയം റേഡിയേഷൻ അളവ് ട്രാക്ക് ചെയ്യുന്നുണ്ട്. നിലവിലെ ഡേറ്റയിൽ അസാധാരണമായ കാര്യങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. പൗരന്മാരുടെയും താമസക്കാരുടെയും പ്രകൃതി വിഭവങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്, പ്രാദേശിക, അന്തർദേശീയ കേന്ദ്രങ്ങളുമായി ഏകോപിപ്പിച്ച് 24 മണിക്കൂറും നിരീക്ഷിച്ച് വരുന്നുണ്ടെന്നും പരിസ്ഥിതി അതോറിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

