മസ്കത്ത്: മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്ക് ഇനി വിവിധ പിഴകൾ അടക്കുന്നതിന് കൗണ്ടറിൽ ക്യൂ നിൽക്കേണ്ടതില്ല. പിഴയടക്കാനും അന്വേഷണങ്ങൾക്കും ഇലക്ട്രോണിക് രീതിയിൽ സാധ്യമാകുന്ന ഇലക്ട്രോണിക് കിയോസ്ക് ഉപകരണങ്ങൾ വിമാനത്താവളത്തിൽ സ്ഥാപിച്ചു. റോയൽ ഒമാൻ പൊലീസ് ഒമാൻ അറബ് ബാങ്കുമായി ചേർന്നാണ് ഇത് സ്ഥാപിച്ചത്. ട്രാഫിക് പിഴകൾ, ജി.സി.സി പിഴകൾ, മുനിസിപ്പാലിറ്റി നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ എന്നിവ ഇതുവഴി അടക്കാൻ സാധിക്കും. പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ സുഗമമാക്കുന്നതിെൻറ ഭാഗമായാണ് പുതിയ സംവിധാനം സ്ഥാപിച്ചിരിക്കുന്നതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
മൂന്ന് ഉപകരണങ്ങൾ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. ഒന്ന് ഡിപ്പാർച്ചർ കെട്ടിടത്തിെൻറ ആദ്യ ഹാളിലും രണ്ടാമത്തേത് വിസ കാൻസലേഷൻ ഹാളിലും മൂന്നാമത്തേത് പാസ്പോർട്ട് കൗണ്ടറുകൾക്കും ഇ-ട്രാവൽ ഗേറ്റുകൾക്കും സമീപമാണ്. ഒമാനിൽ താമസിക്കുന്ന വിദേശികൾക്ക് ഇതിൽ സിവിൽ െഎഡിയിലെ നമ്പർ നൽകിയാൽ മതി. ടൂറിസ്റ്റ്, വിസിറ്റിങ് വിസകളിലുള്ളവർക്ക് വിസാ നമ്പർ നൽകിയാൽ പിഴയെ കുറിച്ച് അറിയാൻ കഴിയും. കാഷ് പേയ്മെൻറുകളും കാർഡ് ഉപയോഗിച്ചുള്ള പേയ്മെൻറുകളും ഇതിൽ സാധ്യമാകും.