മസ്കത്ത്: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഒമാൻ ആരോഗ്യ മന്ത്രാലയം കേരളത്തിലേക്കുള്ള യാത്രക്ക് ഏർപ്പെടുത്തിയ മുന്നറിയിപ്പ് പിൻവലിച്ചു. വൈറസ് ബാധ അവസാനിച്ചതായും സ്വദേശികൾക്കും വിദേശികൾക്കും കേരളത്തിലേക്ക് യാത്ര ചെയ്യുന്നതിന് കുഴപ്പമില്ലെന്നും ജനറൽ ഡയറക്ടറേറ്റ് ഫോർ ഡിസീസ് കൺട്രോൾ അറിയിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 19 കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് യാത്രാ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
എന്നാൽ, കഴിഞ്ഞ 42 ദിവസമായി ഒരു കേസ് പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇൗ സാഹചര്യത്തിൽ വൈറസ് ബാധ സാഹചര്യം മറികടന്നതായും ജാഗ്രതാ നിർദേശം പിൻവലിക്കുന്നതായും ആരോഗ്യ വകുപ്പ് അറിയിച്ചു. സംശയ നിവാരണങ്ങൾക്ക് ആരോഗ്യ മന്ത്രാലയം കോൺടാക്ട് സെൻററിൽ 24441999 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും അധികൃതർ അഭ്യർഥിച്ചു.