രാത്രികാല സുരക്ഷ: റാങ്കിങ്ങിൽ ഒമാൻ മുൻ നിരയിൽ; ആദ്യ പത്ത് സ്ഥാനങ്ങളിൽ അഞ്ച് ഗൾഫ് രാജ്യങ്ങൾ
text_fieldsമസ്കത്ത്: രാത്രി ഒറ്റക്ക് നടക്കാൻ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിൽ മുൻ നിരയിൽ ഒമാനും. കോണ്ടെ നാസ്റ്റുമായി ചേർന്ന് ഗാലപ്പ് നടത്തിയ 2025 ലെ ഗ്ലോബൽ സേഫ്റ്റി റിപ്പോർട്ടിലാണ് ഒമാന് 94 ശതമാനം റേറ്റിങ് ലഭിച്ചത്. ഇതോടെ സിംഗപ്പൂർ, ചൈന, സൗദി അറേബ്യ എന്നിവയോടൊപ്പം ഒമാൻ ലോകസുരക്ഷാ റാങ്കിങ്ങിലെ രാത്രി സുരക്ഷയുള്ള രാജ്യങ്ങളുടെ മുൻനിരയിൽ സ്ഥാനം പിടിച്ചു. അതേസമയം, റാങ്കിങ്ങിൽ ഇടംനേടിയ ആദ്യ 10 രാജ്യങ്ങളിൽ അഞ്ചും ഗൾഫ് രാജ്യങ്ങളാണ്. ഒമാന് പിറകെ, സൗദി അറേബ്യ, കുവൈത്ത്, ബഹ്റൈൻ, യു.എ.ഇ എന്നിവയാണ് രത്രികാല സുരക്ഷയുടെ കാര്യത്തിൽ റാങ്കിങ്ങിൽ മുന്നിലെത്തിയ ഗൾഫ് രാജ്യങ്ങൾ.
ശക്തമായ സർക്കാർ സ്ഥാപനങ്ങൾ, വിശ്വസനീയമായ അടിസ്ഥാന സൗകര്യങ്ങൾ, ഐക്യമുള്ള സമൂഹം എന്നിവയാണ് ഒമാനിൽ കഴിയുന്ന വരുടെ സുരക്ഷാബോധത്തിന്റെ അടിത്തറകളെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. മലയാളികളടക്കം നിരവധി പ്രവാസികളാണ് ഒമാനിലുള്ളത്. 144 രാജ്യങ്ങളിലായി 1,45,000-ത്തിലധികം പ്രായപൂർത്തിയായവരെ ഉൾശപ്പടുത്തിയാണ് സർവേ പൂർത്തിയാക്കിയത്. രാത്രി ഒറ്റക്ക് നടക്കുമ്പോൾ സുരക്ഷിതമാണെന്ന് തോന്നുന്നുണ്ടോ, പ്രാദേശിക പൊലീസിലുള്ള വിശ്വാസം എത്രത്തോളമാണ്, കഴിഞ്ഞ വർഷം മോഷണമോ ആക്രമണമോ അനുഭവിച്ചിട്ടുണ്ടോ എന്നതടക്കമുള്ള ചോദ്യങ്ങളാണ് സർവെയിലുണ്ടായിരുന്നത്.
സർവെ റിപ്പോർട്ട് പ്രകാരം, ഒമാനി പൗരന്മാരും ഒമാനിൽ കഴിയുന്ന പ്രവാസി സമൂഹവും വ്യക്തിപരമായ സുരക്ഷയുടെ കാര്യത്തിൽ ഒട്ടും ആശങ്കയില്ലാത്തവരാണെന്ന് കണ്ടെത്തി. കാര്യക്ഷമമായ പൊലീസ് നിരീക്ഷണം, പൊതുസ്ഥലങ്ങളുടെ പരിപാലനം, നഗര-ഗ്രാമങ്ങളിലുമുള്ള സാമൂഹിക ഉത്തരവാദിത്വത്തിന്റെ സംസ്കാരം തുടങ്ങിയ കാര്യങ്ങൾ ഒമാനി പൗരന്മാരെയും അവിടത്തെ കുടിയേറ്റ സമൂഹത്തെയും സുരക്ഷിത ബോധമുള്ളവരാക്കി മാറ്റുന്നതായി സർവെ നിരീക്ഷിച്ചു.
മറ്റു ചില പ്രധാന ഘടകങ്ങളും ഒമാന്റെ ഉയർന്ന റാങ്കിങ്ങിന് പിന്നിലുണ്ട് . സർക്കാറിന്റെ സുരക്ഷാ സംവിധാനങ്ങളോടുള്ള വിശ്വസമാണ് അതിൽ പ്രധാനം. പ്രത്യേകിച്ച് റോയൽ ഒമാൻ പോലീസ് നടത്തുന്ന നിരീക്ഷണവും ദ്രുതപ്രതികരണവും പൗരന്മാർക്ക് സുരക്ഷിതത്വ ബോധം നൽകുന്നു. നല്ല വെളിച്ച സംവിധാനങ്ങളുള്ള റോഡുകളും കാൽനടയാത്രക്കാർക്ക് സൗകര്യപ്രദമായ പാതകളും സുരക്ഷിതമായ പൊതുഗതാഗത സംവിധാനങ്ങളുമുളള മികച്ച അടിസ്ഥാനസൗകര്യങ്ങൾ, പരസ്പര ബഹുമാനമുള്ള സാമൂഹികബന്ധം എന്നിവയാണ് ഈ സുരക്ഷിതാവസ്ഥയെ പിന്തുണയ്ക്കുന്നത്.
ഗാലപ് സർവേ പ്രകാരം, രാത്രി ഒറ്റയ്ക്ക് നടക്കാൻ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പത്ത് രാജ്യങ്ങൾ യഥാക്രമം ഇവയാണ്; സിംഗപ്പൂർ -98%, താജിക്കിസ്ഥാൻ (95%), ചൈന (94%), ഒമാൻ (94 %), സൗദി അറേബ്യ (93%), ഹോങ്കോങ് (91%), കുവൈത്ത്(91%), നോർവേ (91%), ബഹ്റൈൻ (90%), യു.എ.ഇ (90%). ഇവിടങ്ങളിലെല്ലാം ശക്തമായ ഭരണസംവിധാനങ്ങളും ദൃശ്യമായ നിയമപ്രവർത്തന സംവിധാനവും സാമൂഹിക ഐക്യവും വികസിത അടിസ്ഥാനസൗകര്യങ്ങളും ചേർന്ന് രാത്രിയിലും സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, ബ്രസീൽ (51%), നൈജീരിയ (53%), ദക്ഷിണാഫ്രിക്ക (33%) തുടങ്ങിയ ലാറ്റിനമേരിക്കയുടെയും തെക്കൻ ആഫ്രിക്കയുടെയും ഭാഗങ്ങൾ രാത്രികാല സുരക്ഷയുടെ കാര്യത്തിൽ പിന്നിലാണ്. ഇവിടങ്ങളിലെ കുറ്റകൃത്യങ്ങൾ, രാഷ്ട്രീയ അസ്ഥിരത, നഗരവികസന പ്രശ്നങ്ങൾ തുടങ്ങിയവ കാരണം ആണിത്. ഇന്ത്യ (72%), ബൾഗേറിയ, സൈപ്രസ് എന്നിവിടങ്ങൾ മധ്യനിലയിൽ എത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

