മസ്കത്ത് നൈറ്റ്സിന്’ചൂടുപിടിച്ചുതുടങ്ങി
text_fieldsമസ്കത്ത് നൈറ്റ്സിൽ നിന്നുള്ള കാഴ്ച
മസ്കത്ത് നൈറ്റ്സിൽ പരമ്പരാഗത വസ്ത്രങ്ങൾ തുന്നുന്ന ഒമാനി വനിതകൾ
‘മസ്കത്ത്: ‘മസ്കത്ത് നൈറ്റ്സ് 2026’ വേദികളിൽ സന്ദർശകരുടെ വൻ തിരക്ക് അനുഭവപ്പെട്ടു തുടങ്ങി. ആഘോഷ പരിപാടികൾ കാണാൻ പലരും കുടുംബസമേതമാണ് എത്തുന്നത്. ഖുറയാത്ത് വിലായത്ത് പോലുള്ള പുതിയ കേന്ദ്രങ്ങളും ഷോപ്പിങ് മാളുകളും മസ്കത്ത് ഗവർണറേറ്റിലെ വിവിധ വിലായത്തുകളിലുള്ള സ്ഥിരംവേദികളും ഉൾപ്പെടെ, നിരവധി പ്രദർശനങ്ങളും പരിപാടികളും സന്ദർശകർക്ക് ആവേശകരമായ അനുഭവം സമ്മാനിക്കുന്നു.
മസ്കത്ത് നൈറ്റ്സിന്റെ ആദ്യ മൂന്ന് ദിവസങ്ങളായ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ, വിവിധ ദേശക്കാരായ ആയിരക്കണക്കിന് ആളുകളാണ് ഒഴുകിയെത്തിയത്. ജനുവരി 31 വരെ നീളുന്ന പരിപാടികളിൽ സന്ദർശകരുടെ താൽപര്യങ്ങൾ പരിഗണിച്ചുള്ള ദൈനംദിന വിനോദ പരിപാടികളും പ്രവർത്തനങ്ങളും ഒരുക്കുന്നുണ്ട്. സാംസ്കാരിക, കായിക, വിനോദ പരിപാടികളോടൊപ്പം പരമ്പരാഗത നാടൻകലകളും തനത് ഭക്ഷണ വിഭവ സ്റ്റാളുകളും ഉത്സവത്തിന്റെ ഭാഗമാണ്. വിവിധ രാജ്യങ്ങളുടെ പവിലിയനുകളും ഒരുക്കിയിട്ടുണ്ട്.
ഖുറം നേച്വർ പാർക്ക്, അൽ അമിറാത്ത് പബ്ലിക് പാർക്ക്, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ, സീബ് ബീച്ച്, കുറയാത്ത് വിലായത്ത് പാർക്ക്, വാദി അൽ ഖൂദ് എന്നിവയാണ് ‘മസ്കത്ത് നൈറ്റ്സ് 2026ന്റെ പ്രധാന വേദികൾ.
അൽ ഖുറം പാർക്കിലെ തടാകത്തിൽ സംഗീതവും വെളിച്ചവും ചേർന്ന വാട്ടർ ഫൗണ്ടൻ ഷോ സന്ദർശകരെ ആകർഷിക്കുന്നു. ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ വേദിയാകുന്ന സർക്കസിൽ അന്താരാഷ്ട്ര കലാകാരന്മാർ അവതരിപ്പിക്കുന്ന അക്രോബാറ്റിക്സ്, എയർ ആക്ടുകൾ, ബാലൻസ് പ്രകടനങ്ങൾ എന്നിവയാണ് അരങ്ങേറുന്നത്.
ഖുറം നേച്ചർ പാർക്കിൽ ഓരോ രാത്രിയും ഡ്രോൺ ലൈറ്റ് ഷോകൾ നടന്നുവരുന്നു. കാർണിവൽ മേഖലകളിൽ കുടുംബങ്ങൾക്കായി വിനോദ ഗെയിമുകൾ, അമ്യൂസ്മെന്റ് റൈഡുകൾ, പരേഡുകൾ, ദേശീയ -അന്താരാഷ്ട്ര കലാകാരന്മാരുടെ പ്രകടനങ്ങൾ, സാംസ്കാരിക -കലാ-സംഗീത സന്ധ്യകൾ എന്നിവയുമുണ്ട്.
ആമിറാത്ത് പബ്ലിക് പാർക്കും അൽ ഖുറം നേച്ചർ പാർക്കും വേദിയാകുന്ന പൈതൃക ഗ്രാമത്തിൽ പരമ്പരാഗത കൈത്തൊഴിലുകൾ, ജനകീയ കലകൾ, ഒമാനി വിഭവങ്ങൾ, പൈതൃക വാസ്തുവിദ്യാ പരിസരങ്ങൾ എന്നിവ അവതരിപ്പിക്കുന്നു.
തൊഴിൽ അന്വേഷകരുടെയും ചെറുകിട -ഇടത്തരം സംരംഭകരുടെയും വർധിച്ചുവരുന്ന പങ്കാളിത്തം, സീസണൽ തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുക, വിവിധ തൊഴിൽ മേഖലകളെ ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് മസ്കത്ത് നൈറ്റ് സംഘടിപ്പിച്ചിട്ടുള്ളത്.
സൗജന്യ ബസ് ഷട്ടിൽ സർവിസ്
മസ്കത്ത്: മസ്കത്ത് നൈറ്റ്സ് നടക്കുന്ന ഖുറം നാച്വറൽ പാർക്കിലെ വിവിധ വേദികളിലേക്ക് സൗജന്യമായി ബസ് ഷട്ടിൽ സർവിസ് ഏർപ്പെടുത്തിയതായി സർക്കാർ ബസ് സർവിസായ മവസലാത്ത് അറിയിച്ചു. വൈകീട്ട് 4.30 മുതൽ രാത്രി 11.30 വരെ ഒരോ അര മണിക്കൂർ ഇടവേളയിലും ബസ് ലഭ്യമാണ്. അൽ ഖുറം നാച്വർ പാർക്ക്, അൽ അറൈമി കോംപ്ലക്സ്, അൽ ഫതാഹ് സ്ക്വയർ എന്നിവിടങ്ങളിൽനിന്ന് ഷട്ടിൽ സർവിസ് ലഭ്യമാണെന്ന് മവസലാത്ത് എക്സ് പോസ്റ്റിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

