എന്‍.എഫ്.സി മസ്കത്തില്‍നിന്ന് ഇറാനിലേക്ക് ഫെറി സര്‍വിസ് ആരംഭിക്കുന്നു
text_fieldsമസ്കത്ത്: ഖിഷം ദ്വീപിനും ബന്ദര്‍ അബ്ബാസിനും പിന്നാലെ ഇറാനിലേക്ക് മൂന്നാമത്തെ സര്‍വിസ് ആരംഭിക്കാന്‍ നാഷനല്‍ ഫെറീസ് കമ്പനി ഒരുങ്ങുന്നു. മസ്കത്തില്‍നിന്ന് തെക്കുകിഴക്കന്‍ ഇറാനിലെ ഛാബഹാര്‍ തുറമുഖത്തിലേക്കായിരിക്കും മൂന്നാമത്തെ സര്‍വിസ്. നവംബര്‍ ഒമ്പത് മുതല്‍ ഇത് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്തുനിന്നുള്ള ആദ്യ അന്താരാഷ്ട്ര ഫെറി സര്‍വിസാകും ഛാബഹാറിലേക്കുള്ളത്. മറ്റു രണ്ട് സര്‍വിസുകളും ഖസബില്‍നിന്നാണ് തുടങ്ങുന്നത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ എന്‍.എഫ്.സി അധികൃതര്‍ ഛബഹാറിലേക്ക് പരീക്ഷണ സര്‍വിസ് നടത്തിയിരുന്നു. അല്‍ സുംറോദ് ടൂറിസം കമ്പനിയുമായി സഹകരിച്ചാകും സര്‍വിസ് നടത്തുക. സര്‍വിസിന്‍െറ ടിക്കറ്റുകള്‍ ഇവരില്‍നിന്നാകും ലഭിക്കുക. മൂന്നര മണിക്കൂറാണ് യാത്രാ ദൈര്‍ഘ്യം. ഒരുവശത്തേക്ക് 30 റിയാലും രണ്ടു വശത്തേക്കും 60 റിയാലുമാകും നിരക്ക്. വാഹനങ്ങള്‍ കൊണ്ടുപോകണമെന്നുള്ളവര്‍ക്ക് സലൂണ്‍ കാറിന് 140 റിയാലും എസ്.യു.വിക്ക് 150 റിയാലും മുടക്കണം. പത്തു ദിവസത്തെ വിസക്ക് ട്രാവല്‍ ഇന്‍ഷുറന്‍സ് അടക്കം 38 റിയാലാണ് നിരക്കെന്നും എന്‍.എഫ്.സി മാര്‍ക്കറ്റിങ് ആന്‍ഡ് കമ്യൂണിക്കേഷന്‍ വിഭാഗം മേധാവി ഗാസി അല്‍ സദ്ജാലി അറിയിച്ചു. യാത്രക്കാരുടെ പ്രതികരണത്തിന് അനുസരിച്ചാകും സര്‍വിസുകളുടെ എണ്ണം വര്‍ധിപ്പിക്കുക. നല്ല പ്രതികരണമാണെങ്കില്‍ പ്രതിദിന സര്‍വിസിന് പദ്ധതിയുണ്ട്. രാജ്യത്തെ ടൂറിസം, ഗതാഗത മേഖലയിലെ വികസന പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകുന്നതിന് സ്വകാര്യമേഖലക്ക് പ്രേരണയേകുന്നതിന്‍െറ ഭാഗമായാണ് അല്‍ സുംറോദ് കമ്പനിയുമായുള്ള സഹകരണമെന്നും അല്‍ സദ്ജാലി അറിയിച്ചു.