റമദാൻ പടിവാതിൽക്കൽ; വരവേൽക്കാനൊരുങ്ങി വിശ്വാസികൾ
text_fieldsമസ്കത്ത്: റമദാൻ പടിവാതിൽക്കലെത്തിയതോടെ വിശുദ്ധ മാസത്തെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങി. സ്വദേശികൾക്കൊപ്പം വിദേശികളായ വിശ്വാസികളും റമദാൻ മുന്നെരുക്ക തിരക്കിലേക്ക് നീങ്ങിത്തുടങ്ങി. സ്വദേശികൾ റമദാനു വേണ്ടി ഏറെ നേരത്തേ ഒരുങ്ങാറുണ്ട്. റമദാനിൽ ഉണ്ടാക്കാനുള്ള ഭക്ഷ്യ വിഭവങ്ങളുടെ മസാലകൾ തയാറാക്കിയും വീടും പരിസരവും കഴുകിയും മറ്റും വൃത്തിയാക്കിയുമാണ് വിശുദ്ധ മാസത്തെ വരവേൽക്കുക. റമദാനിൽ ഉപയോഗിക്കുന്ന പാത്രങ്ങളും മറ്റു വീട്ടുപകരണങ്ങളും വാങ്ങിക്കൂട്ടുന്നവരും നിരവധിയാണ്.
ഇതോടെ ഇത്തരം ഉൽപന്നങ്ങൾ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങളിലും തിരക്കേറി. കഹ്വ കപ്പുകൾ, ഫ്ലാസ്കുകൾ, ഭക്ഷണ തളികകൾ അടക്കമുള്ള ഉൽപന്നങ്ങളാണ് കൂടുതൽ വിറ്റഴിയുന്നത്. വിദേശികളും റമദാനെ വരവേറ്റ് തുടങ്ങിയിട്ടുണ്ട്. ശഅബാനിലെ പല ദിവസങ്ങളിലും വ്രതമെടുക്കുന്നവരും നിരവധിയാണ്. ഒമാനിലെ എല്ലാ മസ്ജിദുകളിലും സൗകര്യങ്ങൾ വർധിപ്പിക്കലും ശുചീകര പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. ഗ്രാമങ്ങളിൽ നാട്ടുകാർ മുൻകൈയെടുത്താണ് ശുചീകരണ പ്രവർത്തനങ്ങൾ. മസ്ജിദിന് പെയിന്റ് അടിക്കൽ, കാർപെറ്റുകൾ മാറ്റൽ, കഴുകി വൃത്തിയാക്കൽ, കൂടുതൽ പേർക്ക് പ്രാർഥനക്ക് സൗകര്യങ്ങൾ ഒരുക്കൽ എന്നിവയും നടക്കുന്നുണ്ട്.
മസ്ജിദുകളിൽ കേടു വന്ന പൈപ്പുകളും മറ്റു ഉപകരണങ്ങളും ശരിയാക്കുന്ന ജോലിയും സാധാരണ റമദാനോട് അനുബന്ധിച്ചണ് നടക്കുന്നത്. റമദാനെ വരവേൽക്കാൻ വ്യാപാര സ്ഥാപനങ്ങളും ഒരുങ്ങിക്കഴിഞ്ഞു. എല്ലാ വ്യാപാര സ്ഥാപനങ്ങളിലേക്കും റമദാൻ വിഭവങ്ങൾ എത്തിക്കഴിഞ്ഞു. റമദാൻ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ വ്യാപാര സ്ഥാപനങ്ങളിലും വൻ തോതിൽ റമദാൻ ഉൽപന്നങ്ങൾ സ്റ്റോക്ക് ചെയ്ത് കഴിഞ്ഞു. ഒമാനിൽ പഴവർഗങ്ങളാണ് റമദാനിൽ ഏറ്റവും കുടുതൽ ഉപയോഗിക്കുന്നത്. ഇഫ്താറിന് പഴ
വർഗങ്ങൾ അത്യാവശ്യവുമാണ്. പഴവർഗങ്ങളുടെ ലഭ്യത ഉറപ്പു വരുത്താൻ മസ്കത്ത് മുനിസിപ്പാലിറ്റി നേരത്തേ തന്നെ രംഗത്തെത്തിയിരുന്നു. പഴവർഗങ്ങൾ ഇറക്കുമതി ചെയ്യുന്ന സ്ഥാപനങ്ങളോട് അതിനൊത്ത ലഭ്യത ഉറപ്പുവരുത്താനും മുനിസിപ്പാലിറ്റി നിർദ്ദേശിച്ചിരുന്നു.അതിനാൽ റമദാനിനേട് അനുബന്ധിച്ച് എല്ലാ പഴവർഗങ്ങളും വിപണണിയിൽ സുലഭമായി എത്തുമെന്നാണ് ഇറക്കുമതി മേഖലയിലുള്ളവർ പറയുന്നത്.
റമദാൻ ഒന്ന് ശനിയാഴ്ച ആയിരിക്കാനാണ് സാധ്യത. ഇതോടെ സർക്കാർ പൊതു സ്ഥാപനങ്ങളുടെ ജോലി സമയവും കുറയും. പച്ചക്കറി മാർക്കറ്റ് അടക്കമുള്ള ഇടങ്ങളിൽ സമയ ക്രമവും മാറും. എല്ലാ സ്ഥാപനങ്ങളിലെയും മുസ്ലിം ജീവനക്കാർക്ക് ഉച്ചവരെയായിരിക്കും ജോലി സമയം. അതിനാൽ ഇഫ്താർ കഴിയുന്നതോടെയാണ് നാടും നഗരവും സജീവമാവുന്നത്. നഗരങ്ങൾ സജീവമാവുന്നതോടെ രാത്രി വ്യാപാരവും ഉണരും. ഹോട്ടലുകളിലാണ് ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്. പ്രഭാത ബാങ്ക് വിളി ഉയരുന്നതു വരെ തുറന്ന് പ്രവർത്തിക്കുന്ന ഹോട്ടലുകളും നിരവധിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

