പരീക്ഷയും പരീക്ഷക്കാലവും കൂളാവട്ടെ
text_fieldsശനിയാഴ്ച മുതൽ ഇനിയങ്ങോട്ട് പരീക്ഷ കാലമാണ്.എല്ലാവരുടെയും മനസ്സിൽ പരീക്ഷ കാലം വളരെയേറെ ടെൻഷനുണ്ടാക്കുന്നതാണ്. വിദ്യാർത്ഥികൾക്ക് മാത്രമല്ല രക്ഷിതാക്കൾക്കും അധ്യാപകർക്കും ഏറെ ടെൻഷനാണ്. രണ്ടു ദിവസത്തിനുള്ളിൽ നാം പരീക്ഷയെ അഭിമുഖീകരിക്കാൻ പോവുകയാണ്. അതുകൊണ്ടുതന്നെ ശാന്തവും സ്വസ്ഥവുമായ ഒരു മാനസിക അവസ്ഥയോടെ ഇനിയുള്ള പരീക്ഷക്കാലത്തെ കാണേണ്ടത് വളരെ അത്യന്താപേക്ഷിതമാണ്. ശാസ്ത്രീയമായി ഒരു പരീക്ഷയെ അല്ലെങ്കിൽ ഒരു പരീക്ഷ കാലത്തെ സമീപിക്കുക എന്നുള്ളതാണ് വേണ്ടത്.
അതിനുവേണ്ടി ശരീരത്തെയും മനസ്സിനെയും പ്രാപ്തമാക്കുക വളരെ പ്രധാനപ്പെട്ട കാര്യമാണ്. കാരണം ഒരു വർഷത്തെ പഠനം ,അതുകഴിഞ്ഞ് വ്യത്യസ്തമായ മോഡൽ പരീക്ഷകൾ, റിവിഷൻ ക്ലാസുകൾ എന്നിവയൊക്കെ കഴിഞ്ഞ് നിൽക്കുന്ന ഒരു വിദ്യാർഥിയെ സംബന്ധിച്ചിടത്തോളം ഇനിയങ്ങോട്ട് ശാന്തമായ മനസ്സോടെ അയാൾക്ക് അറിയാവുന്ന കാര്യങ്ങൾ എഴുതുക എന്നുള്ളത് മാത്രമാണ്. പരീക്ഷകാലത്ത് വളരെ ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ ഉണ്ട്.
കുട്ടികളോട്
അസുഖങ്ങൾ വരാതെ നോക്കുക എന്നുള്ളതാണ് ഏറ്റവും പ്രധാനം. അതുകൊണ്ടുതന്നെ രാത്രികാലങ്ങളിൽ പുറത്ത് ഇറങ്ങുകയോ തണുത്ത അന്തരീക്ഷത്തിൽ നിൽക്കുകയോ ചെയ്യുന്നത് പൂർണമായും ഒഴിവാക്കണം. പകർച്ച വ്യാധികൾ, ഒരു ജലദോഷം പോലും പരമാവധി ഇല്ലാതാക്കാൻ ശ്രമിക്കുക. ഇത്തരം രോഗങ്ങൾ ഉള്ളവരിൽ നിന്നും അകന്നു മാറി നിൽക്കേണ്ടതാണ്. കൃത്യമായ ഉറക്കവും എളുപ്പം ദഹിക്കാവുന്ന ലളിതമായ ഭക്ഷണവും വൃത്തിയായ ശരീരവും ശാന്തമായ മനസ്സും തന്നെയാണ് ഇനിയുള്ള മാസങ്ങളിൽ മുഖ്യമായ ഘടകങ്ങൾ.
ഉറക്കമിളച്ച് പഠിച്ച് പിറ്റേന്ന് പരീക്ഷ എഴുതുന്ന പ്രവണത തീർച്ചയായും ഒഴിവാക്കേണ്ടതാണ്. ചുരുങ്ങിയത് ഏഴ് മണിക്കൂറുകൾ ഉറങ്ങിയാൽ മാത്രമേ ഏകദേശം ഒരു മാസത്തോളം നിൽക്കുന്ന പരീക്ഷകളെ ശാന്തമായി സമീപിക്കാൻ കഴിയുകയുള്ളൂ. അതുപോലെ തന്നെയാണ് പഠനവും. വലിയ ടെക്സ്റ്റ് ബുക്കുകൾ പരീക്ഷയുടെ തലേന്നോ മറ്റോ മുഴുവൻ വായിച്ചു വീണ്ടും തീർക്കാമെന്ന് ധരിക്കരുത്. പഠിച്ച കാര്യങ്ങൾ ഒന്ന് വീണ്ടും മനസ്സിലേക്ക് കൊണ്ടുവരുന്ന പ്രക്രിയയാണ് പരീക്ഷ തലേന്ന് ചെയ്യേണ്ടത്. എല്ലാം ഓർമ്മയിൽ നിൽക്കണം എന്നുള്ള വാശി ഉണ്ടാവരുത്.
വ്യക്തമായി ഇത്രയും നാൾ പഠിച്ച ഒരാളിലേക്ക് ചോദ്യപേപ്പർ കിട്ടുമ്പോൾ ഉത്തരങ്ങൾ ഓരോന്നോരോന്നായി താനേ വരും. അവയെ ശാന്തമായി സമീപിച്ചാൽ മതി. അറിയുന്ന കാര്യങ്ങൾ വ്യക്തമായും വൃത്തിയായും കൃത്യമായും എഴുതി പ്രതിഫലിപ്പിക്കാൻ കഴിയുക എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ടത്. സി.ബി.എസ്.ഇ പരീക്ഷയിൽ പ്രത്യേകിച്ച് ബോർഡ് പരീക്ഷ 50 ശതമാനത്തോളം ചോദ്യം കോം പീറ്റൻസി അടിസ്ഥാന ചോദ്യമായിരിക്കും. കേസ് സ്റ്റഡി അല്ലെങ്കിൽ ഇൻഡയറക്ട് രീതിയിലുള്ള കോംപീറ്റൻസി ബെയ്സ് ക്വസ്റ്റ്യൻ നമ്മുടെ നിരീക്ഷണ പാടവത്തെയും പ്രശ്നപരിഹാര കഴിവിനെയും ആണ് വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ അവ വായിച്ച് മനസ്സിലാക്കേണ്ടതുണ്ട്. വായിച്ച് മനസ്സിലാക്കിയാൽ ഉത്തരം എഴുതുക എളുപ്പമാണ്.
വായിച്ചു മനസ്സിലാക്കി പെട്ടെന്ന് ഉത്തരം എഴുതുന്നതിനു പകരം അതിനടിയിലുള്ളവ എന്താണ് ചെയ്യേണ്ടത് എന്നുള്ള യഥാർഥ ചോദ്യത്തിലേക്ക് വരികയും ആ ചോദ്യം അനുസരിച്ച് ഉത്തരം എഴുതുകയും ചെയ്യുക.ഏതു തരത്തിലുള്ള ചോദ്യവും നാം പഠിച്ചിരിക്കുന്ന സിലബസ് പ്രകാരം ഉള്ള ഉള്ളടക്കത്തിൽ ഒതുങ്ങും എന്നുള്ള കാര്യം മനസ്സിൽ ഉറപ്പിക്കുക. ശരാശരി 30/ 34 ചോദ്യങ്ങൾ ആണ് ഒരു പരീക്ഷക്ക് ഉണ്ടാവുന്നത്. അതുകൊണ്ടുതന്നെ ഒരു ചോദ്യത്തിനു തന്നെ മുഴുവൻ സമയവും എടുക്കാൻ പാടില്ല. സമയത്തെ ശാസ്ത്രീയമായി വിനിയോഗിക്കാൻ പരീക്ഷാ സമയത്ത് കഴിഞ്ഞില്ലെങ്കിൽ എത്ര പഠിക്കുന്ന കുട്ടികൾക്കും മാർക്ക് കിട്ടാൻ വിഷമമാണ്. ടൈം മാനേജ്മെന്റിന്റെ പ്രാധാന്യം വളരെ പ്രധാനപ്പെട്ടതാണ്.
അതുകൊണ്ട് ഒരു നല്ല വാച്ച് എടുക്കാൻ മറക്കരുത്. അതുപോലെ തന്നെ ഹാൾടിക്കറ്റ് , പേന തുടങ്ങിയ പരീക്ഷ ഹാളിൽ നിങ്ങൾക്ക് വേണ്ട സാധനങ്ങൾ എല്ലാം തന്നെ പരീക്ഷാ തലേ ദിവസം തന്നെ ബാഗിൽ എടുത്തു വെക്കുക. പരീക്ഷ ഹാളിൽ എത്തിയാൽ വളരെ കൂൾ ആയി ശരീരത്തിനെയും മനസ്സിനെയും ശാന്തമാക്കുക. രണ്ടോ മൂന്നോ തവണ ദീർഘമായി ശ്വാസോച്ഛ്വാസം ചെയ്യുന്നത് നല്ലതായിരിക്കും.
അതിനുശേഷം രജിസ്റ്റർ നമ്പർ മറ്റു കാര്യങ്ങൾ ആൻസർ പേപ്പറിൽ എഴുതുകയും ചോദ്യപേപ്പർ കിട്ടുന്ന മുറക്ക് വളരെ ശാന്തമായി അത് വായിച്ച് മനസ്സിലാക്കുകയും മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉണ്ടെങ്കിൽ അവ ഒന്നിച്ചു തന്നെ ഉത്തരം എഴുതുകയും അഥവാ ഉത്തരം പെട്ടെന്ന് ഓർമ്മ വന്നിട്ടില്ലെങ്കിൽ അതിനുള്ള സ്ഥലം വിട്ട് അടുത്ത ചോദ്യങ്ങളിലേക്ക് പോവുകയും ചെയ്യുക. ഒരു എസ്സേ ടൈപ്പ് ക്വസ്റ്റ്യനാണ് ചോദിക്കുന്നതെങ്കിൽ മാർക്കിന് അനുസരിച്ച് വിപുലീകരിച്ച് എഴുതേണ്ടതാണ്.
ആദ്യം നമുക്ക് അറിയുന്ന കാര്യങ്ങൾ എഴുതുകയും പിന്നീട് അവയെ സബ് ഹെഡിങ് കൊടുത്തു വിപുലീകരിക്കുകയും ചെയ്തുകൊണ്ട് ഒരു എസ്സേ എഴുതിയാൽ അതിന് മുഴുവൻ മാർക്കും ലഭിക്കും. ഒരു ചോദ്യവും വിട്ടുകളയരുത്. ഓരോ ചോദ്യങ്ങളെ സമീപിക്കുമ്പോഴും സമയം കൃത്യമായി പാലിക്കേണ്ടതാണ്.
പരീക്ഷ കഴിഞ്ഞു കൂടുതൽ സമയം താൻ എഴുതിയ പരീക്ഷയെ കുറിച്ച് ആശങ്കപ്പെടുകയോ മറ്റു കുട്ടികളുമായി താരതമ്യം ചെയ്യുകയോ ചെയ്യേണ്ട ആവശ്യമില്ല. കഴിഞ്ഞ പരീക്ഷയെ കുറിച്ച് അസ്വസ്ഥമാവാനും പാടില്ല. കഴിഞ്ഞത് കഴിഞ്ഞു എന്നുള്ള രീതിയിൽ കൂളായ സമീപനമാണ് നല്ലത്. അടുത്ത പരീക്ഷക്ക് കൂടുതൽ മാർക്ക് നേടി വിജയിക്കാം എന്നുള്ള ആത്മവിശ്വാസത്തോടുകൂടി മുന്നോട്ടുപോവുക. പരീക്ഷയെ ഒരു സ്പോർട്സ്മാൻ സ്പിരിറ്റോടെ എടുക്കേണ്ടതാണ്. നാം പഠിച്ച കാര്യങ്ങൾ നമ്മുടെ ബുദ്ധിക്ക് അനുസരിച്ച്, ഓർമ്മശക്തിക്കനുസരിച്ച് എഴുതുന്നു. മാർക്ക് ഇടേണ്ടത് അല്ലെങ്കിൽ ഇടുന്നത് നമ്മളല്ല എന്നുള്ള ശുഭാപ്തി വിശ്വാസത്തോടെ പരീക്ഷയെ അഭിമുഖീകരിക്കുക.
സി.ബി.എസ്.ഇ ബോർഡ് പരീക്ഷകൾ തുടർച്ചയായി പഴയതു പോലെ നടക്കാത്തത് കൊണ്ട് തന്നെ പരീക്ഷകളുടെ ഇടവേളകളിൽ കൃത്യമായ പഠന ടൈംടേബിൾ തയ്യാറാക്കി പഠിക്കാൻ ശ്രമിക്കുക . ടെൻഷൻ കുറക്കാൻ മൊബൈൽ ഗെയിം അല്ലെങ്കിൽ വീഡിയോ ഗെയിം പോലെയുള്ള സംഗതികളും അനാവശ്യമായ ചാറ്റിങ്ങുകളും യാത്രകളും ഈ കാലയളവിൽ പൂർണമായി ഒഴിവാക്കുക. പകരം ചെറിയ ചെറിയ വ്യായാമങ്ങൾ, കൃത്യമായ കുളി , ഭക്ഷണം എന്നിവ മുഖ്യമായ ഘടകമായി എടുക്കുക.
പരീക്ഷ കാലങ്ങളിലും പരീക്ഷകളുടെ ഇടവേളകളിലും സ്വന്തമായി തന്നെ പഠിക്കുന്നതാണ് നല്ലത് . കമ്പൈൻഡ് സ്റ്റഡി പോലെയുള്ളവ ഇനിയങ്ങോട്ടുള്ള ദിവസങ്ങളിൽ ആവശ്യമില്ല. ട്യൂഷനും മറ്റും ഇനിയങ്ങോട്ട് ആവശ്യമില്ല. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾ, അധ്യാപകരുടെയും അല്ലെങ്കിൽ രക്ഷിതാക്കളുടെയും സഹായം കൊണ്ട് മാത്രമേ പരീക്ഷ കാലത്ത് പഠിക്കാൻ കഴിയൂ എങ്കിൽ അവർക്ക് വേണ്ട സൗകര്യങ്ങളും സംവിധാനവും ഒരുക്കാവുന്നതാണ്. ഇങ്ങനെ പഠനത്തെ ശാസ്ത്രീയമായി സമീപിക്കുന്നത് പോലെ പരീക്ഷാകാലത്തെയും ശാസ്ത്രീയമായി സമീപിക്കുക.
രക്ഷിതാക്കളോട്
നാളെ മുതൽ തങ്ങളുടെ മക്കളുടെ പരീക്ഷയാണ് എന്നുള്ള രീതിയിൽ അസ്വസ്ഥരാകുന്ന ധാരാളം രക്ഷിതാക്കളെ കാണാറുണ്ട്. കഴിഞ്ഞ ഒരു മാസമായി വീട്ടിൽ ഭക്ഷണം പോലും ഉണ്ടാക്കാതെ ഹോട്ടലിൽ നിന്ന് വരുത്തി ഭക്ഷണം കഴിക്കുന്ന രക്ഷിതാക്കളെ ഞാൻ നേരിട്ട് തന്നെ കണ്ടിട്ടുണ്ട്. കുട്ടികളെക്കാൾ ടെൻഷൻ അവർക്കാണ് . നേരെ ചൊവ്വേ ഭക്ഷണം കഴിക്കാതെ, ഉറങ്ങാതെ ഞാൻ ഉറങ്ങിയാൽ മക്കൾ ഉറങ്ങിക്കളയും എന്നുള്ള രീതിയിൽ ഉറക്കമിളച്ച് കുട്ടികളെ അസ്വസ്ഥമാക്കുന്ന രക്ഷിതാക്കളെയും കാണാം. ഓർക്കുക പരീക്ഷ കുട്ടികൾക്കാണ്.
രക്ഷിതാക്കൾക്ക് അല്ല. കുട്ടികൾക്കറിയാം അവർ പഠിച്ചിരിക്കുന്ന കാര്യങ്ങളെ കൃത്യമാക്കുവാനും പരീക്ഷ എഴുതുവാനും. ഒരു പരീക്ഷ കൊണ്ട് തീരുന്നതല്ല ജീവിതം. ആത്മവിശ്വാസത്തോടുകൂടി, സന്തോഷത്തോടുകൂടി, മനസ്സമാധാനത്തോടെ കൂടി, ശാന്തമായ രീതിയിൽ, പഠിക്കാനും വിശ്രമിക്കാനും ഉറങ്ങാനും ഇടവേളകൾ രസകരമാക്കാനും ഉള്ള കാര്യങ്ങളാണ് രക്ഷിതാക്കൾ കുട്ടികൾക്കായി ചെയ്തു കൊടുക്കേണ്ടത്.
പഴയകാലത്തെ കാര്യങ്ങൾ വീണ്ടും വീണ്ടും പറയുകയോ കുറ്റപ്പെടുത്തുകയോ ചെയ്തുകൊണ്ട് അനാവശ്യമായ വഴക്കിലേക്കും മാനസിക സംഘർഷം ഉണ്ടാക്കുന്ന കാര്യങ്ങളിലേക്കും കുട്ടികളെ കൊണ്ടു പോവരുത്. കഴിഞ്ഞത് കഴിഞ്ഞു എന്ന രീതിയിൽ പരീക്ഷ കാലത്തെ ഒരു വിലയിരുത്തൽ കാലമായി മാത്രം കണ്ട് ഇനിയും ഏറെ പരീക്ഷകൾ എനിക്ക് എഴുതാനുണ്ട് എന്നുള്ള ലാഘവത്തോടെ പരീക്ഷക്കാലത്തെയും പരീക്ഷ ഇടവേളകളിലുള്ള ദിവസങ്ങളെയും നാം സമീപിക്കേണ്ടതാണ്.
(ലേഖകൻ എഴുത്തുകാരനും മുൻ കേരള സംസ്ഥാന കരിക്കുലം കമ്മിറ്റി അംഗവും ആണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

