ഇന്ത്യ-ഒമാൻ ചരിത്രത്തിലേക്ക് വാതിൽ തുറന്ന് പ്രദർശനം
text_fieldsലെഗസി ഓഫ് ഇന്തോ-ഒമാൻ റിലേഷൻസ്’ എക്സിബിഷന്റെ ഉദ്ഘാടന ചടങ്ങ്
മസ്കത്ത്: ഇന്ത്യയും ഒമാനും തമ്മിലുള്ള ദീർഘകാല ബന്ധത്തെ വിശദീകരിക്കുന്ന പ്രദർശനത്തിന് ന്യൂഡൽഹിയിൽ തുടക്കമായി.‘ലെഗസി ഓഫ് ഇന്തോ-ഒമാൻ റിലേഷൻസ്’ എന്നപേരിലുള്ള പരിപാടി ഡോ. അംബേദ്കർ ഇന്റർനാഷനൽ സെന്ററിൽ ആണ് നടക്കുന്നത്. നാഷനൽ ആർക്കൈവ്സ് ഓഫ് ഇന്ത്യ (എൻ.എ.ഐ), ഒമാനിലെ നാഷനൽ റെക്കോർഡ്സ് ആൻഡ് ആർക്കൈവ്സ് അതോറിറ്റി (എൻ.ആർ.എ.എ) എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ചൊവ്വാഴ്ച പ്രദർശനത്തിന് തുടക്കമായത്. പ്രദർശനം വ്യാഴാഴ്ച സമാപിക്കും.
പ്രദർശനത്തിൽനിന്ന്
ഒമാനും ഇന്ത്യയും തമ്മിലുള്ള ആഴത്തിൽ വേരൂന്നിയ സാംസ്കാരിക, നാഗരിക ബന്ധങ്ങളെ പ്രതിഫലിപ്പിക്കുന്ന വിവിധ ചരിത്ര കാലഘട്ടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 100ലധികം രേഖകൾ, ഫോട്ടോഗ്രാഫുകൾ, ഭൂപടങ്ങൾ, പുരാവസ്തുക്കൾ എന്നിവ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളുടെയും നൂറ്റാണ്ടുകൾ പഴക്കമുള്ള നയതന്ത്ര ബന്ധത്തെ എടുത്തുകാണിക്കുന്നതാണ് പ്രദർശനം.
ഇരു രാജ്യങ്ങളും തമ്മിൽ കാലങ്ങളായി കൈമാറ്റം ചെയ്യപ്പെട്ട കൈയെഴുത്തുപ്രതികൾ, കത്തുകൾ, ടെലിഗ്രാമുകൾ എന്നിവ പ്രദർശനത്തിൽ കാണാം. ഉദ്ഘാടന ചടങ്ങിൽ നാഷനൽ ആർക്കൈവ്സ് ഓഫ് ഇന്ത്യയുടെ ഡയറക്ടർ ജനറൽ അരുൺ സിംഗാൾ അധ്യക്ഷത വഹിച്ചു. ഒമാനും ഇന്ത്യയും തമ്മിൽ 5,000 വർഷത്തിലേറെ പഴക്കമുള്ള ദീർഘകാല ബന്ധത്തെക്കുറിച്ച് സിംഗാൾ ചൂണ്ടിാണിച്ചു. ഒമാനി-ഇന്ത്യൻ സമുദ്ര ചരിത്രത്തെക്കുറിച്ചും മേഖലയെ രൂപപ്പെടുത്തിയ വാണിജ്യ, സാംസ്കാരിക വിനിമയങ്ങളെക്കുറിച്ചും വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകുന്ന രേഖകളുടെ പ്രാധാന്യത്തെക്കുറിച്ചും സിംഗാൾ എടുത്തു പറഞ്ഞു.
എൻ.ആർ.എ.എ ചെയർമാൻ ഡോ. ഹമദ് ബിൻ മുഹമ്മദ് അൽ ധോയാനി, ഇന്ത്യയിലെ ഒമാൻ അംബാസഡർ ഇസ്സ ബിൻ സാലിഹ് അൽ ഷൈബാനി, വിവിധ അറബ്, വിദേശ രാജ്യങ്ങളിൽ നിന്നുള്ള അംബാസഡർമാർ, സർക്കാർ ഉദ്യോഗസ്ഥർ, പണ്ഡിതന്മാർ, ബിസിനസ് നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പുരാതന കാലം മുതൽ ആധുനിക കാലം വരെയുള്ള പ്രധാന രാഷ്ട്രീയ സംഭവവികാസങ്ങൾ ചിത്രീകരിക്കുന്ന നിരവധി തീമാറ്റിക് പവലിയനുകൾ പ്രദർശനത്തിലുണ്ട്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ കൈമാറ്റങ്ങൾ രേഖപ്പെടുത്തുന്ന ഭൂപടങ്ങൾ, കത്തുകൾ, പുരാവസ്തുക്കളും കാണാം. നയതന്ത്ര സന്ദർശനങ്ങളുടെ കൈമാറ്റവും ഒമാനും ഇന്ത്യയും തമ്മിലുള്ള സൗഹൃദ ബന്ധങ്ങളുടെ പങ്കിട്ട ചരിത്രവും പ്രദർശനത്തിൽ ഉൾപ്പെടുന്നുണ്ട്. കിഴക്കൻ ഒമാനിലെ റാസ് അൽ ഹദ്ദിൽ നിന്നുള്ള പുരാവസ്തു തെളിവുകളും പ്രദർശനത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.ഇത് സിന്ധു നദീതട നാഗരികതയുമായുള്ള (ഏകദേശം 2500 ബിസി) വ്യാപാര ബന്ധത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

