മസ്കത്ത് വിമാനത്താവളത്തിൽ പുതിയ റൺവേ തുറന്നു
text_fieldsമസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതുതായി തുറന്ന തെക്കൻ റൺവേയിൽ സലാം എയറിന്റെ ബാഗ്ദാദിൽ നിന്നുള്ള ഒ.വി. 338 വിമാനം പറന്നിറങ്ങിയപ്പോൾ
മസ്കത്ത്: മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ തെക്കൻ റൺവേയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചതായി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ഒമാൻ വിഷൻ 2040ന്റെ തന്ത്രപരമായ ലക്ഷ്യങ്ങൾക്ക് അനുസൃതമായി വിമാനത്താവള അടിസ്ഥാന സൗകര്യങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുള്ള അതോറിറ്റിയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ വികസനമൊരുക്കിയിരിക്കുന്നത്.
ഇത് വിമാന ഗതാഗതം വർധിപ്പിക്കുകയും സുഗമമായ ടേക്ക് ഓഫ്, ലാൻഡിങ് പ്രവർത്തനങ്ങൾ എളുപ്പമാക്കുകയും ചെയ്യും.എ 380 ഉൾപ്പെടെ എല്ലാത്തരം വിമാനങ്ങളും ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് പുതുതായി ഉദ്ഘാടനം ചെയ്ത റൺവേ.ഇതോടെ വൈവിധ്യമാർന്ന വ്യോമയാന ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കുകയും ചെയ്യും.പരിസര പ്രദേശങ്ങളിലുള്ളവർക്ക് ശബ്ദമലിനീകരണം ഒഴിവാക്കാനായി പ്രത്യേകം രൂപകൽപന ചെയ്താണ് റൺവേ ഒരുക്കിയിരിക്കുന്നത്.
വിമാനത്തിന്റെ ചലനങ്ങളിൽ ഒപ്റ്റിമൽ വേഗത്തിനും വഴക്കത്തിനും വേണ്ടിയുള്ള സംവിധാനവും റൺവേയിലുണ്ട്. 24 മണിക്കൂറും പ്രകാശിക്കുന്ന എൽ.ഇ.ഡി ലൈറ്റിങ് സംവിധാനമാണ് മറ്റൊരു സിവിശേഷത. ഇതിന്റെ ഉപയോഗത്തിലൂടെ ഊർജ സംരക്ഷണത്തിന് സംഭാവന ചെയ്യാനാകുമെന്നും അധികൃതർ വ്യക്തമാക്കി.
നാല് കിലോമീറ്റർ നീളവും 45മീറ്റർ വീതിയുമുള്ള റൺവേയിൽ ഏറ്റവും പുതിയ നിയന്ത്രണ ഉപകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
തെക്കൻ റൺവേ യാഥാർഥ്യമാക്കാനുള്ള ആലോചകനകൾ നടക്കുന്നത് 1973ലാണ്. പിന്നീട് വർഷങ്ങൾക്കു ശേഷം 2022 മേയിലാണ് നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പദ്ധതിയുടെ നിർമാണം പൂർത്തിയാക്കിയത്.ആദ്യഘട്ട നിർമാണപ്രവർത്തന ഭാഗമായി അസ്ഫാൽറ്റ് കൊണ്ട് മൂടുകയും റൺവേയുടെ വടക്ക് ഭാഗത്ത് ഒമ്പത് പുതിയ ടാക്സിവേകളുമായും തെക്ക് വശത്ത് ഏഴ് പാതകളുമായും ബന്ധിപ്പിക്കുകയും ചെയ്തു.
വിമാനത്താവള സൗകര്യങ്ങളെ ബന്ധിപ്പിക്കുന്ന നിരവധി പുതിയ സർവിസ് റോഡുകളും ഒരുക്കി. രണ്ടാംഘട്ടത്തിൽ എയർപോർട്ട് ഏപ്രണിൽ നാവിഗേഷനായി ഗ്രൗണ്ട് ലൈറ്റിങ് സ്ഥാപിച്ചു.അടിയന്തര സാഹചര്യങ്ങളിൽ വിമാനം ലാൻഡ് ചെയ്യാൻ ഉപയോഗിക്കുന്ന നിലവിലെ ഓട്ടോമേറ്റഡ് ലാൻഡിങ് സിസ്റ്റം ഉപകരണങ്ങളും കാലാവസ്ഥാ ഉപകരണങ്ങളും പുനഃക്രമീകരിക്കുകുയും ചെയ്തു.
എയർപോർട്ട് ഓപറേറ്റർമാരുമായും മറ്റ് സേവന ദാതാക്കളുമായും ഏകോപിപ്പിച്ച് പുതിയ ഉപകരണങ്ങളുടെ സാങ്കേതികവും പ്രവർത്തനപരവുമായ പരിശോധനകളാണ് അവസാന ഘട്ടത്തിൽ നടന്നത്.
അതേസമയം, പുതുതായി തുറന്ന തെക്കൻ റൺവേയിൽ ആദ്യമായി ഇറങ്ങിയത് സലാം എയർ വിമാനം. ബാഗ്ദാദിൽനിന്നുള്ള ഒ.വി. 338 വിമാനമാണ് പുതുതായി തുറന്ന റെയിൽവേയിൽ ഇറങ്ങിയതെന്ന് സലാം എയർ അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

