പ്രവാസിക്ക് പുതിയ പ്രോട്ടോകോള്‍ പാര!
text_fieldsസജി ഉതുപ്പാന്, മസ്കത്ത്
കോവിഡ് മഹാമാരി തുടങ്ങിയതുമുതല്‍ അതിന്റെ കുത്തക അവകാശം പ്രവാസികള്‍ക്ക് മാത്രമായി കൊടുക്കാന്‍ നമ്മുടെ രാജ്യത്തെ സര്‍ക്കാറുകള്‍ കാണിക്കുന്ന ഉദാരമനസ്കതക്ക് ഒരു വലിയ നമസ്കാരം. ഈ കാര്യത്തില്‍ പ്രവാസികളോട് കാണിക്കുന്ന ഈ കാരുണ്യം ജോലിയും കൂലിയും ഇല്ലാതെ തിരികെവന്ന പാവങ്ങളുടെ കാര്യത്തിലും കാണിച്ചിരുന്നെങ്കില്‍ അഭിനന്ദനീയം ആയിരുന്നു.
എന്തുകൊണ്ടാണ് ഈ ക്വാറന്റീന് വീണ്ടും പ്രവാസികളുടെ തലയില്‍ മാത്രം കെട്ടിവെക്കുന്നത്? കോവിഡ് നിയന്ത്രണങ്ങള്‍ തുടങ്ങിയ കാലം മുതല്‍ എയര്‍ ബബ്ള് സംവിധാനത്തിലൂടെ മാത്രം വിമാന സര്‍വിസ് നടത്തുന്നതിലൂടെ ഒരു മര്യാദയും കൂടാതെയുള്ള വിമാനക്കൊള്ളക്ക് സര്‍ക്കാറുകള്‍ കളമൊരുക്കിയതിന്റെ ഭാരം പ്രവാസികൾ അനുഭവിക്കുകയാണ്. അതിന് പുറമെയാണ് പ്രവാസികള്‍ക്ക് അടുത്ത ഇരുട്ടടി. ഇതുവരെയായിട്ടും കോവിഡ് വിമാനയാത്രയിലൂടെ മാത്രം പകരുന്നു എന്ന് തെളിയിക്കാനുതകുന്ന ശാസ്ത്രീയ പഠനങ്ങളൊന്നുംതന്നെ ഒരു രാജ്യത്തും നടത്തിയതായി അറിയാത്തിടത്തോളം കാലം എന്തിനു പ്രവാസികളോട് മാത്രം ഇങ്ങനെ ഒരു അനീതി?.
താരതമ്യേന കോവിഡ് കുറഞ്ഞ രാജ്യങ്ങളില്‍നിന്നും എല്ലാ നിയമങ്ങളും പാലിച്ചുവരുന്ന പ്രവാസികളെയെങ്കിലും ഈ നിര്‍ബന്ധിത ക്വാറന്റീനില്‍നിന്നും ഒഴിവാക്കിക്കൂടെ? ഇന്നലെയും ഇന്നും ഒക്കെ രാജ്യത്തു കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടിയതില്‍ പ്രവാസികള്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണെന്നുള്ളത് വിസ്മരിക്കരുത്. കണ്ണില്‍ പൊടിയിട്ട് നിയമം നടപ്പാക്കി എന്ന് വരുത്തിത്തീര്‍ക്കാനുള്ള ഈ തിടുക്കം പ്രവാസികള്‍ക്ക് മാത്രമല്ല സാമാന്യയുക്തിയുള്ള ആര്‍ക്കും മനസ്സിലാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

