അറേബ്യൻ പുള്ളിപ്പുലിയുടെ സംരക്ഷണത്തിന് പുതിയ പദ്ധതികൾ ആവിഷ്‍കരിക്കണമെന്ന് നിർദേശം
text_fieldsദോഫാറിലെ മലനിരയിൽ സഞ്ചരിക്കുന്ന അറേബ്യൻ ലെപേഡ്
സലാല: ദോഫാർ ഗവർണറേറ്റിലെ പരിസ്ഥിതി ജനറൽ ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ സലാലയിൽ വൈൽഡ് ലൈഫ് വിദഗ്ധരുടെ ശിൽപശാല സംഘടിപ്പിച്ചു.
അറേബ്യൻ പുള്ളിപ്പുലിയുടെ (അറേബ്യൻ ലെപേഡ്) സംരക്ഷണവുമായി ബന്ധപ്പെട്ട് 2025-2030 കാലയളവലേക്ക് പുതിയ സംരക്ഷണ പദ്ധതികൾ രൂപപ്പെടുത്തേണ്ടതുണ്ടെന്ന് ശിൽപശാല ശിപാർശ ചെയ്തു. അറേബ്യൻ പുള്ളിപ്പുലികളെയും അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥകളെയും സംരക്ഷിക്കാൻ ദേശീയവും പ്രാദേശികവുമായ സംയുക്ത ശ്രമങ്ങൾ ശക്തിപ്പെടുത്താനുള്ള നടപടികൾ ശിൽപശാലയിൽ പങ്കെടുത്ത വിദഗ്ധർ നിർദേശിച്ചു.
2014 മുതൽ 2025 വരെ കൈവരിച്ച നേട്ടങ്ങളെ അടിസ്ഥാനമാക്കി പുതിയ ലക്ഷ്യങ്ങൾ ഉൾപ്പെടുത്തി സംരക്ഷണ തന്ത്രം നവീകരിക്കണമെന്നാണ് നിർദേശം. ഇതിനായി പരിസ്ഥിതി അതോറിറ്റിയുടെ നേതൃത്വത്തിൽ ദേശീയതലത്തിൽ കമ്മിറ്റി രൂപവത്കരിച്ച് സംരക്ഷണ പദ്ധതികൾ നടപ്പാക്കുന്നതിനും ബന്ധപ്പെട്ട ഏജൻസികൾ തമ്മിലുള്ള ഏകോപനത്തിനും മേൽനോട്ടം വഹിക്കണമെന്നും അഭിപ്രായമുയർന്നു.
അറേബ്യൻ പുള്ളിപ്പുലിയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ദോഫാർ ഗവർണറേറ്റിൽ പ്രത്യേക ഗവേഷണ കേന്ദ്രം സ്ഥാപിക്കണമെന്നും ശിപാർശയായി. പ്രസ്തുത കേന്ദ്രത്തെ ഇതു സംബന്ധിച്ച പഠനങ്ങൾക്കും ഫീൽഡ് നിരീക്ഷണങ്ങൾക്കും പിന്തുണ നൽകുന്ന മികച്ച റഫറൻസ് സ്ഥാപനമായി പരിവർത്തിപ്പിക്കുക എന്ന ലക്ഷ്യവുമുണ്ട്. പരിസ്ഥിതി നിയമങ്ങൾ പരിഷ്‍കരിച്ച്, അറേബ്യൻ പുള്ളിപ്പുലി, അവയുടെ ഇരകൾ, സ്വാഭാവിക ആവാസവ്യവസ്ഥകൾ എന്നിവക്കുള്ള സമഗ്ര സംരക്ഷണം ഉറപ്പാക്കുക എന്നതും ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യമാണ്.
അതോടൊപ്പം, ഒമാനിലെ പ്രകൃതി സംരക്ഷണ മേഖലകൾ വിപുലപ്പെടുത്താനും സൗദി അറേബ്യയിലെ അറേബ്യൻ ലെപേഡ് ഫണ്ടും അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ യൂണിയനും (ഐ.യു.സി.എൻ) സഹകരിച്ച് ദേശീയ തലത്തിൽ പരിശീലനം നൽകണമെന്നും ശിൽപശാലയിൽ ആവശ്യമുയർന്നു. ശിൽപശാലയിൽ ഒമാനിലെയും വിദേശരാജ്യങ്ങളിലെയും വൈൽഡ് ലൈഫ് വിദഗ്ധരും പരിസ്ഥിതി ശാസ്ത്രജ്ഞരും പങ്കെടുത്തു.
വർക്ക്‌ഷോപ്പിന്റെ അവസാനഘട്ടത്തിൽ ജബൽ സംഹാൻ നേച്ചർ റിസർവിലേക്ക് ഫീൽഡ് സന്ദർശനം സംഘടിപ്പിച്ചു. ജബൽ സംഹാൻ നേച്ചർ റിസർവിൽ അറേബ്യൻ പുള്ളിപ്പുലി സംരക്ഷണ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പ്രവർത്തനങ്ങൾ സംബന്ധിച്ച് പ്രതിനിധികൾക്ക് അധികൃതർ വിശദീകരിച്ചുനൽകി. വംശ നാശ ഭീഷണിനേരിടുന്ന അറേബ്യൻ പുള്ളിപ്പുലി റെഡ് ഡാറ്റ ബുക്കിൽ ഇടം പിടിച്ചവയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

