മസ്കത്തിന്റെ ഹൃദയഭാഗത്ത് പുതിയ പ്രകൃതിദത്ത പാർക്ക് വരുന്നു
text_fieldsമസ്കത്തിന്റെ ഹൃദയഭാഗത്ത് വരുന്ന പദ്ധതിയുടെ രൂപരേഖ
മസ്കത്ത്: രാജ്യത്തിന്റെ തലസ്ഥാന നഗരിയായ മസ്കത്തിന്റെ ഹൃദയഭാഗത്ത് പുതിയ പ്രകൃതിദത്ത പാർക്ക് വരുന്നു. മസ്കത്ത് ഗവർണറേറ്റിലെ ബൗഷർ സാൻഡ്സ് പ്രദേശത്താണ് പാർക്ക് ഒരുങ്ങുക. മസ്കത്ത് മുനിസിപ്പാലിറ്റിയുമായും ഭവന, നഗരാസൂത്രണ മന്ത്രാലയവുമായും ഏകോപിപ്പിച്ച് പ്രഖ്യാപിച്ച ഈ പദ്ധതി, മസ്കത്തിലെ അപൂർവ പ്രകൃതിദൃശ്യങ്ങളിൽ ഒന്നിനെ സംരക്ഷിക്കുകയും സുസ്ഥിരവും പരിസ്ഥിതി സൗഹൃദപരവുമായ ഒരു നഗര ഇടമാക്കി മാറ്റുകയും ചെയ്യുക എന്നതാണ് ലക്ഷ്യമിടുന്നത്.
ദീർഘകാല നഗരാസൂത്രണവുമായി പരിസ്ഥിതി സംരക്ഷണത്തെ യോജിപ്പിച്ച് ദേശീയ നഗര വികസന തന്ത്രം സജീവമാക്കുന്നതിൽ ഈ സംരംഭം നിർണായക പങ്ക് വഹിക്കും. പരിസ്ഥിതിയുടെയും സാംസ്കാരിക പൈതൃകത്തിന്റെയും കേന്ദ്രീകൃത മാനേജ്മെന്റിലൂടെ നഗരവികസനത്തിനായുള്ള ദേശീയ തന്ത്രം മുന്നോട്ടു കൊണ്ടുപോകൽ, ബൗഷർ സാൻഡ്സിന്റെ സ്വാഭാവിക ഭൂപ്രകൃതിയെ സുസ്ഥിര വളർച്ചയുടെയും വിനോദത്തിന്റെയും ഒരു ചാലകമാക്കി മാറ്റൽ, തലസ്ഥാന നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു അതുല്യമായ പാരിസ്ഥിതിക ആസ്തി സംരക്ഷിക്കൽ എന്നിവ പദ്ധതിയുടെ പ്രധാന സവിശേഷതകളാണ്. ഒമാന്റെ ദേശീയ നഗര വികസന തന്ത്രത്തിന്റെ ഭാഗമാണ് ബൗഷർ സാൻഡ്സ് പാർക്ക് പദ്ധതിയെന്ന് ഭവന, നഗരാസൂത്രണ മന്ത്രാലയം പറഞ്ഞു. പ്രകൃതിദത്ത ലാൻഡ്മാർക്കായി സവിശേഷമായ മണൽ നിറഞ്ഞ ഭൂപ്രദേശം സംരക്ഷിക്കുക, സൈറ്റിന്റെ പാരിസ്ഥിതിക ഐഡന്റിറ്റി സംരക്ഷിക്കുക, നഗര ആസൂത്രണത്തിനും പ്രകൃതിക്കും ഇടയിലുള്ള ഐക്യം ഉറപ്പാക്കുക, പരിസ്ഥിതി സൗഹൃദ പാതകളിലൂടെ നഗര ലാൻഡ്മാർക്കുകളെ ബന്ധിപ്പിക്കുക എന്നിവയാണ് ഇതിന്റെ ഉദ്ദേശ്യമെന്നും മന്ത്രാലയം അറിയിച്ചു.
അതേസമയം, ഇതുമായി ബന്ധപ്പെട്ട്, മസ്കത്തിലെ ബൗഷർ സാൻഡ്സ് പ്രദേശത്ത് 300,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ പരിവർത്തനം ചെയ്യുന്നതിനായി ഒരുങ്ങുന്ന ബൗഷർ സാൻഡ്സ് വികസന പദ്ധതിയുടെ രൂപകൽപന ഘട്ടം മസ്കത്ത് മുനിസിപ്പാലിറ്റി പൂർത്തിയാക്കി. സന്ദർശക കേന്ദ്രം, ഭക്ഷണ പാനീയ ഔട്ട്ലെറ്റുകൾ, കാറുമായി ബന്ധപ്പെട്ട സൗകര്യങ്ങൾ, മൾട്ടി ലെവൽ പാർക്കിങ് എന്നിവയുൾപ്പെടെ നിരവധി വാസ്തുവിദ്യാ ഘടകങ്ങൾ പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്. സുസ്ഥിരത ഒരു പ്രധാന ലക്ഷ്യമായി കണ്ട്, പരിസ്ഥിതി സൗഹൃദപരമായ നഗര വികസനത്തിനായുള്ള പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന ‘ലീഡ്’ സർട്ടിഫിക്കേഷൻ നേടുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വിനോദ, ടൂറിസം കേന്ദ്രമെന്ന നിലയിൽ സൈറ്റിന്റെ ആകർഷണം വർധിപ്പിക്കുന്നതിനൊപ്പം, പരിസ്ഥിതി സൗഹൃദപരമായ നഗര വികസനത്തിനായുള്ള പ്രതിബദ്ധതയും ഇത് പ്രതിഫലിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

