കള്ളപ്പണം വെളുപ്പിക്കലിനെതിരെ പുതിയ ദേശീയതന്ത്രം പ്രഖ്യാപിച്ചു
text_fieldsശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ
മനാമ: കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ഫണ്ടിങ്, ആയുധ വ്യാപാരം എന്നിവ തടയുന്നതിനുള്ള ബഹ്റൈന്റെ ദേശീയ തന്ത്രം (2025-2027) ആഭ്യന്തര മന്ത്രിയും തീവ്രവാദ വിരുദ്ധ സമിതി ചെയർമാനുമായ ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ പ്രഖ്യാപിച്ചു. ഞായറാഴ്ച പബ്ലിക് സെക്യൂരിറ്റി ഓഫിസേഴ്സ് ക്ലബിൽ നടന്ന ചടങ്ങിലാണ് തന്ത്രം അവതരിപ്പിച്ചത്.
ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രി, പ്രതിരോധകാര്യ മന്ത്രി, അറ്റോർണി ജനറൽ, വിവരസാങ്കേതിക മന്ത്രി, നീതിന്യായ, ഇസ്ലാമിക കാര്യ മന്ത്രി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. നിയമത്തിൽ നിർണായക ഭേദഗതികൾ വരുത്തിക്കൊണ്ട് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ 2025ലെ അടിയന്തര നിയമം നമ്പർ 36 കഴിഞ്ഞ ആഴ്ച പുറത്തിറക്കിയിരുന്നു.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നിർദേശങ്ങളനുസരിച്ച് ബഹ്റൈൻ അനുഭവിക്കുന്ന സുരക്ഷ, വികസനം, ഐശ്വര്യം എന്നിവയോട് ചേർന്നാണ് ഈ തന്ത്രം രൂപവത്കരിച്ചതെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. ദേശീയ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള ഒരു പ്രധാന സ്തംഭമാണ് ഈ തന്ത്രമെന്നും അദ്ദേഹം പറഞ്ഞു.
ഫൈനാൻഷ്യൽ ഇന്റലിജൻസ് നാഷനൽ സെന്ററിനെയും അതിന്റെ സി.ഇ.ഒയും ആന്റി മണി ലോണ്ടറിങ് കമ്മിറ്റി ചെയർപേഴ്സനുമായ ശൈഖ മെയ് ബിൻത് മുഹമ്മദ് ആൽ ഖലീഫയുടെ പ്രവർത്തനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. ദേശീയ സാമ്പത്തിക ഇന്റലിജൻസ് ശക്തിപ്പെടുത്തുന്നതിലും ഈ മേഖലയിലെ കാര്യക്ഷമത വർധിപ്പിക്കുന്നതിലും സെന്റർ വഹിക്കുന്ന പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു.
ദേശീയ അധികാരികളുടെ ശേഷി വർധിപ്പിക്കുന്നതിനും കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ഫണ്ടിങ്, ആയുധ വ്യാപാരം എന്നിവയുമായി ബന്ധപ്പെട്ട വെല്ലുവിളികളെ നേരിടുന്നതിലും തന്ത്രത്തിന്റെ പങ്ക് ആഭ്യന്തര മന്ത്രി ഊന്നിപ്പറഞ്ഞു.
ചടങ്ങിൽ ദേശീയ റിസ്ക് അസസ്മെന്റിനെക്കുറിച്ചുള്ള ഒരു ഹ്രസ്വ ഡോക്യുമെന്ററി പ്രദർശിപ്പിക്കുകയും, തുടർന്ന് തന്ത്രം രൂപപ്പെടുത്തുന്നതിൽ മികച്ച സംഭാവനകൾ നൽകിയ ആന്റി മണി ലോണ്ടറിങ് ആൻഡ് കോംബാറ്റിങ് ദി ഫിനാൻസിങ് ഓഫ് ടെററിസം കമ്മിറ്റി അംഗങ്ങളെ ആഭ്യന്തര മന്ത്രി ആദരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

